അമൂല്യമായ ഒരു ചരിത്രസാക്ഷ്യം


                                         -മാര്‍ ജോസഫ് പെരുന്തോട്ടം

ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ (സാംതോം) ശൂലത്താല്‍ കുത്തപ്പെട്ട് രക്തസാക്ഷിയായി മരിച്ചുവെന്നും സംസ്കരിക്കപ്പെട്ടുവെന്നുമുള്ളത് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. വിശുദ്ധ ജോണ്‍ ക്രിസോസ്തോം (+407) എഴുതി. മൂശെ, അഹറോന്‍, ദാനിയേല്‍, ജെറെമിയ മൂതലായ പല മഹാത്മാക്കളും ശ്ലീഹډാരില്‍ത്തന്നെ മിക്കവരും എവിടെ സംസ്ക്കരിക്കപ്പെട്ടുവെന്ന് ആര്‍ക്കും അറിയില്ല. പത്രോസ്, പൗലോസ്, യോഹന്നാന്‍, തോമസ് എന്നിവരുടെ കബറിടങ്ങള്‍ മാത്രമാണ് അറിയപ്പെട്ടിരിക്കുന്നത്. 

    തോമ്മാശ്ലീഹായുടെ യഥാര്‍ത്ഥ കബറിടം ഉള്ളതായി അവകാശപ്പെടുന്ന ഏകസ്ഥലം മദ്രാസ് - മൈലാപ്പൂരാണ്. ക്രൈസ്തവര്‍ മാത്രമല്ല, ഹിന്ദുക്കളും മുസ്ലീങ്ങളും മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ കബറിടത്തോട് ആദരവ് പുലര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ ആദ്യമായി മൈലാപ്പൂരിലെത്തിയപ്പോള്‍, ശ്ലീഹായുടെ കബറിടത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്നത് ഒരു മുസ്ലീമായിരുന്നു. അദ്ദേഹത്തിന്‍റെ പുര്‍വ്വികര്‍ മാര്‍ത്തോമ്മാ നസ്രാണികളായിരുന്നുവെന്നും പറയപ്പെടുന്നു. തീര്‍ത്ഥാടനത്തിനായി പോര്‍ച്ചുഗീസ് മിഷനറിമാര്‍ 1517 -ല്‍ മൈലാപ്പൂരില്‍ തോമ്മാശ്ലീഹായുടെ ഭവനത്തിലെത്തിയപ്പോള്‍ ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി ജീര്‍ണ്ണാവസ്ഥയിലായിരുന്നു. പള്ളിയും ഭവനവും പുനരുദ്ധരിക്കുന്നതിന്‍റെ ഭാഗമായി കബറിടവും ഒന്ന് തുറന്ന് പരിശോധിക്കുകയുണ്ടായി. 1523 -ലായിരുന്നു അത്. ഏതാനും അസ്ഥിക്കഷണങ്ങളും മണ്ണുനിറച്ച മണ്‍കുടവും കബറിടത്തില്‍ നിന്നും ലഭിച്ചു. ശ്ലീഹായുടെ രക്തം പുരണ്ട മണ്ണ് മണ്‍കുടത്തില്‍ ശേഖരിച്ച് ശരീരത്തോടൊപ്പം സംസ്കരിക്കപ്പെട്ടിരുന്നു എന്ന് തദ്ദേശവാസികളില്‍ നിന്ന് മനസ്സിലാക്കിയിരുന്നതായി 1394 -ല്‍ മൈലാപ്പൂര്‍ സന്ദര്‍ശിച്ച മാര്‍പ്പാപ്പായുടെ പ്രതിനിധി മരിങ്ങോളി രേഖപ്പെടുത്തിയിട്ടുണ്ട്. കബറിടത്തെക്കുറിച്ചു നിലവിലിരുന്ന പാരമ്പര്യം ശരിവയ്ക്കുന്നതായിരുന്നു കബറിടം തുറന്നപ്പോള്‍ കണ്ട കാര്യങ്ങള്‍.

ശൂലാഗ്രം
    തോമ്മാശ്ലീഹായെ കുത്തിക്കൊലപ്പെടുത്തിയ ശൂലത്തിന്‍റെ അഗ്രവും കുഴിമാടത്തില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഒലിവ് ഇലയുടെ ആകൃതിയില്‍ ഇരുമ്പുകൊണ്ടുണ്ടാക്കിയതും തടി കൊണ്ടുള്ള കൈപ്പിടിയാല്‍ ബന്ധിതവുമായ രൂപത്തിലാണ് ഈ ശൂലാഗ്രം കണ്ടെടുക്കപ്പെട്ടത്. തോമ്മാശ്ലീഹായെ ശൂലം കൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നുള്ള തോമ്മായുടെ നടപടികള്‍ എന്ന പുരാതന കൃതിയിലെ വിവരണത്തെ സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. ശ്ലീഹായുടെ ഭൗതിക ശരീരത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് കബറിടത്തില്‍ ഉണ്ടായിരുന്നത്. മൈലാപ്പൂരില്‍ നിന്ന് തോമ്മാശ്ലീഹായോട് ഏറെ ആത്മബന്ധമുള്ള എദേസ്സായിലേക്കും തുടര്‍ന്ന് 1144 -ല്‍ ഏഷ്യാമൈനറിലെ കിയോസ് എന്ന ദ്വീപിലേയ്ക്കും 1258 -ല്‍ ഇറ്റലിയിലെ ഓര്‍ത്തോണായിലേക്കും ഭൗതിക ശരീരം മാറ്റപ്പെട്ടു എന്നാണ് പാരമ്പര്യം. 

    ഗോവയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സുക്ഷിച്ചിരിക്കുന്ന കരിങ്കല്‍ സ്തംഭത്തിന്‍റെ മുകള്‍ഭാഗത്ത് തോമ്മാശ്ലീഹായെ കുത്തിക്കൊലപ്പെടുത്തിയ ശൂലത്തിന്‍റെ അഗ്രം സംരക്ഷിക്കപ്പെട്ടിരുന്നതായിട്ട് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗോവ രൂപത സ്ഥാപിതമായ പശ്ചാത്തലത്തില്‍ മൈലാപ്പൂരില്‍ നിന്ന് ഗോവയിലേക്ക് സെന്‍റ്. തോമസ് പില്ലര്‍ മാറ്റപ്പെട്ടതാകാം എന്ന് അനുമാനിക്കാം.  ഗോവയില്‍ ഈ കരിങ്കല്‍ സ്തംഭം സൂക്ഷിച്ചിരിക്കുന്ന കപ്പേള 1630 -ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. തോമ്മാശ്ലീഹായുടെ ഇന്ത്യയിലെ രക്തസാക്ഷിത്വത്തെയും ശ്ലീഹായെ കുന്തംകൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന പുരാതന പാരമ്പര്യത്തെയും ശക്തമായി പിന്തുണയ്ക്കുന്ന ഒരു ചരിത്ര സാക്ഷ്യമാണ് ഈ സെന്‍റ്. തോമസ് പില്ലര്‍. ഈ സ്തംഭത്തിന്‍റെ അസല്‍ മാതൃക നിരണം മാര്‍ തോമ്മാശ്ലീഹാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിന് സഹായ സഹകരണങ്ങള്‍ ചെയ്ത ഡോ. രാജേഷ് തിവാരി (ഡയറക്ടര്‍ ജനറല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ), ശ്രീ. പ്രവീണ്‍ ശ്രീവാസ്തവ ഐ.എ.എസ്., ശ്രീ. ഗുരുഭാജി (ആര്‍ക്കെയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഗോവ), ശ്രീ. ജോസ് ഫിലിപ്പ് (മുന്‍ കളക്ടര്‍, ഗോവ), ശ്രീ. ആന്‍റോ ആന്‍റണി എം. പി., റവ. ഡോ. ജേക്കബ് കൂരോത്ത് എന്നിവര്‍ക്കും ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച റവ. ഡോ. ജോസഫ് കൊല്ലാറയ്ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ സ്തംഭം ആശീര്‍വദിച്ച് പ്രതിഷ്ഠിക്കുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിപ്പിതാവിനോടുളള നന്ദിയും പ്രത്യേകമായി അറിയിക്കുന്നു. 



Copyright Archdiocese of Changanacherry l All Rights Reserved