മാര്‍ പെരുന്തോട്ടവും വൈദികരും നേത്രദാന സമ്മതപത്രം നല്കി


കാരുണ്യവര്‍ഷ സമാപനത്തില്‍ കണ്‍നിറയെ കാരുണ്യവുമായി ചങ്ങനാശേരിയല്‍നിന്ന് ഒരു അവയവദാന സന്ദേശം. നേത്രദാനത്തിന് സന്നദ്ധരായി ചങ്ങനാശേരിആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെന്തുന്തോട്ടവും അതിരൂപതയിലെ വൈദികരും സമ്മതപത്രം സമര്‍പ്പിച്ചപ്പോള്‍ അത് വേറിട്ട കാഴ്ചയായി. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ മാനേജരും വികാരി ജനറാളുമായ മോണ്‍. ജോസഫ് മുണ്ടകത്തിലിന് നേത്രദാനസമ്മതപത്രം കൈമാറി നേത്രദാന സംരംഭം ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. കേരളം മുഴുവന്‍ വ്യപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഷെയന്‍ വിഷന്‍ പ്രൊജക്ടിനും സമ്മേളനത്തില്‍ അദ്ദേഹം തുടക്കമിട്ടു. കാരുണ്യത്തിന്‍റെ മനോഹരമായ പ്രതീകമാണ് നേത്രദാനമെന്നും കേരളം മുഴുവന്‍ ഇത് വ്യപിക്കണമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സഭയും സ്ഥാപനങ്ങളും ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തയ്യാറാകണം. ബംഗളുരുവില്‍ സ്ഥാപിതമായ ആഗോള പ്രസ്ഥാനമായ പ്രോജക്ട് വിഷന്‍ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുമായി കൈകോര്‍ത്താണ് ഷെയര്‍വിഷന്‍ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2015 ല്‍ 240000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും 633 ആളുകള്‍ മാത്രമാണ് നേത്രദാനത്തിന് തയ്യാറായതെന്ന് സമ്മേളനത്തില്‍ സംസാരിച്ച പ്രോജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം ചൂണ്ടിക്കാട്ടി. 30 ലക്ഷത്തോളം കാഴ്ചവൈകല്യമുള്ളവരാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. എന്നാല്‍ പല അബദ്ധ ധാരണകളും നേത്രദാനത്തെക്കുറിച്ചുണ്ട്. കണ്ണില്‍നിന്ന് കോര്‍ണിയ മാത്രമാണ് എടുക്കുന്നത്. അതിനാല്‍ മൃതദേഹത്തിന് ഒരു വൈകല്യവും തോന്നുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്മേളനത്തില്‍ അതിരൂപതയിലെ 315 വൈദികര്‍പങ്കെടുത്ത് സമ്മതപത്രം നല്കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ സന്ദേശം നല്കി. ആശപത്ര ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് അസി. ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്. മെഡിക്കല്‍ സൂപ്രണ്ട് ഫാ. തോമസ് സഖറിയ പബ്ലിക്ക് റിലേഷന്‍ മാനേജര്‍ പോള്‍ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

 Copyright Archdiocese of Changanacherry l All Rights Reserved