സുപ്രീംകോടതി നിരീക്ഷണം സഭാകോടതി നടപടികള്‍ക്കനുസൃതം


 

റവ. ഡോ. മാത്യു ചങ്ങങ്കരി

 

സഭാകോടതികളില്‍ സാധാരണ നടക്കുന്ന വിവാഹക്കേസുകളെ സംബന്ധിച്ച് വാക്കാലുള്ള ഒരു പരാമര്‍ശം സുപ്രീംകോടതിയില്‍ നിന്നു വരികയും അതിനെ സംബന്ധിച്ചു വ്യത്യസ്തമായ ചില വിലയിരുത്തലുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നല്ലോ. സുപ്രീംകോടതി നടത്തിയ പരാമര്‍ശം വാര്‍ത്തയായി കൊടുത്ത ഒരു മലയാള ദൃശ്യമാധ്യമം നല്കിയ തലവാചകം ഇതായിരുന്നു- സഭ ഇനിയും മോചിപ്പിക്കേണ്ട. സഭയില്‍ നടക്കുന്ന വിവാഹസംബന്ധമായ കേസുകളെ സംബന്ധിച്ചോ, അതിന്‍റെ നടപടിക്രമത്തെ സംബന്ധിച്ചോ യാതൊരു ബോധ്യവും വാര്‍ത്ത തയാറാക്കുന്നവര്‍ക്കില്ലാത്ത ദുരവസ്ഥയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. യഥാര്‍ഥത്തില്‍ സുപ്രീംകോടതി പറഞ്ഞതും സഭാ കോടതികള്‍ നിര്‍വഹിക്കുന്നതുമായ വസ്തുതകളെ സംബന്ധിച്ചുള്ള പ്രതിപാദ്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സുപ്രീംകോടതിയുടെ മുമ്പിലുള്ള തര്‍ക്കനിര്‍ണയ വിഷയമെന്ത്?

കര്‍ണാടക സംസ്ഥാനത്തെ കാത്തലിക് അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റ് ക്ലാരന്‍സ് പയസ് കത്തോലിക്കാ സഭയുടെ കാനന്‍ നിയമം തങ്ങളുടെ വ്യക്തിനിയമമായി പ്രഖ്യാപിച്ച് ഉത്തരവുണ്ടാകണമെന്ന് അപേക്ഷിച്ചിരിക്കുന്ന ഒരു ഹര്‍ജിയാണ് കേസിനാധാരമായിട്ടുള്ളത്. മറ്റു മതങ്ങളുടെ മതനിയമങ്ങള്‍ ഇന്ത്യയില്‍ വ്യക്തിനിയമമായി പരിഗണിക്കുന്നതിനാല്‍, സഭാനിയമമായ കാനന്‍ നിയമത്തെ കത്തോലിക്കാ സഭയുടെ വ്യക്തിനിയമമായി അംഗീകരിക്കണമെന്നു ഹര്‍ജിക്കാരന്‍ അപേക്ഷിക്കുന്നു.

പരമോന്നത കോടതിയുടെ നിരീക്ഷണം

സഭാകോടതികള്‍ നല്കുന്ന വിവാഹമോചന ഉത്തരവുകള്‍ക്ക് നിയമപരമായ അലംഘനീയത്വമില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. 

സഭാ കോടതികള്‍വഴി വിവാഹമോചനം നേടുന്നവര്‍ പിന്നീട് സഭയില്‍ വിവാഹിതരായാല്‍ അതു ബഹുഭാര്യാത്വം അല്ലെങ്കില്‍ ബഹുഭര്‍തൃത്വം എന്നതലത്തില്‍ വരികയും അതു ശിക്ഷയ്ക്ക് കാരണമാകുകയും ചെയ്യുമെന്നു പരമോന്നത കോടതി വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡ് 494 പ്രകാരം മേല്‍പറഞ്ഞ രീതിയിലുള്ള വിവാഹങ്ങള്‍ കുറ്റകരമാണെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി. ഭാരതസര്‍ക്കാരിന്‍റെ അഭിഭാഷകന്‍, വേര്‍പിരിക്കാനുള്ള അവകാശം കോടതികളില്‍ നിക്ഷിപ്തമായിരിക്കുകയാല്‍ സഭാ കോടതികള്‍ക്ക് അത്തരം അധികാരം നല്കുന്നതില്‍ സാഗത്യമില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്തു.

സഭാ കോടതികളില്‍ കൈകാര്യം ചെയ്യുന്ന വിവാഹകേസുകളുടെ സ്വഭാവം

ആദ്യമായി മനസിലാക്കേണ്ടത്, കത്തോലിക്കാ സഭയുടെ കാനന്‍ നിയമപ്രകാരം സഭയില്‍ വിവാഹമോചനമില്ല എന്നതാണ്. വിവാഹത്തെ സംബന്ധിച്ചുള്ള ദൈവികനിയമം ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പ്രതിപാദിക്കുന്നു: ڇദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെڈ. (മത്തായി 19:6). ക്രൈസ്തവ വിവാഹത്തിന്‍റെ അനന്യത എന്നു പറയുന്നത് അതിന്‍റെ അവിഭാജ്യതയാണ്. ഒരു പുരുഷനും സ്ത്രീയും മരണംവരെ തുടരാനുള്ള ദൃഢമായ നിശ്ചയമാണ് വിവാഹമെന്ന കൂദാശയിലെ പരസ്പര സമ്മതത്തിലൂടെ കൈമാറുന്നത്. ഈശോയുടെ മനുഷ്യമക്കളോടൊത്തു സ്നേഹത്തിന്‍റെ പ്രകടമായ അനുഭവമായി വിവാഹത്തെ ക്രൈസ്തവര്‍ കാണുന്നു.

ആയതിനാല്‍ അഭേദ്യമായി ഒരു കൂദാശയില്‍ ഒരുമിപ്പിക്കുന്ന ദമ്പതികളെ തമ്മില്‍ പിരിക്കാന്‍ സഭയ്ക്ക് അവകാശമില്ല. എന്നാല്‍, സഭയില്‍ നടത്തപ്പെടുന്ന ചില വിവാഹങ്ങള്‍ വിവാഹത്തിനു മുമ്പും വിവാഹസമയത്തും നിലനില്ക്കുന്ന ചില കാരണങ്ങളാല്‍ അസാധുവായി പോകാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിലാണ് സഭാകോടതിയില്‍ തന്‍റെ വിവാഹം ആരംഭം മുതല്‍ക്കേ അസാധുവാണെന്ന് പ്രഖ്യാപിച്ച് ഉത്തരവുണ്ടാകണമെന്ന് പരാതിക്കാരന്‍ കോടതിയോട് അഭ്യര്‍ഥിക്കുന്നത്. ഇങ്ങനെ നിയമപ്രകാരം സഭാകോടതിയില്‍ സ്വീകരിക്കപ്പെടുന്ന അപേക്ഷ നിയമപരമായ നീതിനിര്‍വഹണ സംവിധാനത്തിലൂടെ സാധുവാണോ, അസാധുവാണോ എന്നു സഭാ കോടതി അവധാനതയോടെ പരിശോധിച്ച് പ്രഖ്യാപിക്കുന്നു.

സിവില്‍ കോടതികള്‍ വിവാഹശേഷമുള്ള കാരണങ്ങള്‍ (ഉദാ: വ്യഭിചാരം, ക്രൂരത, ഒന്നിച്ചുജീവിക്കാനുള്ള ബുദ്ധിമുട്ട് മുതലായവ) വിവാഹമോചനത്തിന് തര്‍ക്കനിര്‍ണയ വിഷയങ്ങളായി സ്വീകരിക്കുമ്പോള്‍, സഭാ കോടതികള്‍ക്കു വിവിഹശേഷമുള്ള കാരണങ്ങളെ ആസ്പദമാക്കി കേസെടുക്കാന്‍ സാധിക്കില്ല. വിവാഹമോചനത്തിനുള്ള അധികാരം സിവില്‍ കോടതികള്‍ക്കു മാത്രമാണുള്ളത്. സഭ ആ അധികാരത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. 

സഭാ കോടതികളില്‍ വിവാഹത്തിനു മുമ്പ് അല്ലെങ്കില്‍ വിവാഹസമയത്ത് ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് (രണ്ടുപേര്‍ക്കുമോ) ഉണ്ടായിരുന്ന നിയമപരമായ തടസങ്ങള്‍ മൂലമോ വിവാഹസമ്മതത്തിലെ ന്യൂനതകള്‍മൂലമോ ആണ് ആ വിവാഹം അസാധുവായി തീരുന്നത്. വിവാഹമെന്ന കൂദാശ യോഗ്യതയോടെ പരികര്‍മം ചെയ്യപ്പെടാന്‍ ദമ്പതികള്‍ക്കു നിയമപരമായ തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. 

നിയമപരമായ തടസങ്ങള്‍ക്ക് ഉദാഹരണങ്ങള്‍: പ്രായക്കുറവ്, ലൈംഗിക ശേഷിക്കുറവ്, നിലവിലുള്ള വിവാഹബന്ധം മുതലായവ. മേല്‍പ്പറഞ്ഞ തടസങ്ങള്‍ കൂടാതെ മറ്റനേകം തടസങ്ങള്‍ ഉണ്ട്. സാധുവും നിയമാനുസൃതവുമായ ഒരു വിവാഹം പരികര്‍മം ചെയ്യപ്പെടുന്നതു ദമ്പതികള്‍ കൈമാറുന്ന വിവാഹസമ്മതം വഴിയാണ്.

എന്നാല്‍, വിവാഹസമ്മതം കൈമാറുന്ന അവസരത്തില്‍ വരനിലോ വധുവിലോ വേണ്ടത്ര ആലോചനാശക്തിയുടെ അഭാവം ഉണ്ടായാല്‍, ബുദ്ധിയുടെ വിവേചനാശക്തി അവര്‍ക്ക് ഇല്ലാതെവന്നാല്‍, വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഗൗരവമായ മാനസികരോഗം മൂലം നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നാല്‍, തെറ്റായ ധാരണയിലൂടെ വിവാഹം നടത്തുമ്പോള്‍, വഞ്ചനമൂലം തെറ്റിദ്ധാരണയുണ്ടാകുമ്പോള്‍, വിവാഹത്തിന്‍റെ സാരവത്തായ ഗുണവിശേഷങ്ങളായ ഐക്യത്തെയും അവിഭാജ്യതയെയും പറ്റി തെറ്റായ ധാരണയുള്ളപ്പോള്‍, കപടഭാവത്തിന്‍റെ ഫലമായി വിവാഹസമ്മതം കൊടുക്കുമ്പോള്‍, വിവാഹത്തിനു ബലപ്രയോഗവും ഭയവും കാരണമാകുമ്പോള്‍, വ്യവസ്ഥകളോടുകൂടി വിവാഹസമ്മതം നല്കുമ്പോള്‍, വിവാഹസമ്മത അവസരത്തില്‍ ദാമ്പത്യവിശ്വസ്തയ്ക്കെതിരായി നിശ്ചയം ചെയ്യുമ്പോള്‍ - അവര്‍ കൈമാറുന്ന വിവാഹസമ്മതം ദുര്‍ബലപ്പെട്ടതായി കണക്കാക്കാം. 

ദീര്‍ഘമായ നടപടികളുടെ അടിസ്ഥാനത്തില്‍ ധാര്‍മികമായ ഉറപ്പ് നൂറുശതമാനം ലഭ്യമാകുന്നുവെങ്കില്‍ മാത്രമേ, സഭാ കോടതി ഒരു വിവാഹം അസാധുവാണെന്നു പ്രഖ്യാപിക്കുകയുള്ളൂ. ഒരു വിവാഹം സാധുവും നിയമാനുസൃതവുമാകാന്‍ അതു നിയമപരമായ തടസങ്ങള്‍ക്ക് അതീതമായി നടത്തപ്പെടണം. സ്വതന്ത്രമായി നല്കപ്പെടുന്ന ബോധപൂര്‍വകമായ വിവാഹസമ്മതം അതിന് ആവശ്യമാണ്. കൂടാതെ, അധികാരമുള്ള ഒരു പുരോഹിതനാല്‍, യോഗ്യരായ രണ്ടു സാക്ഷികളുടെ മധ്യേ അത് ആശീര്‍വദിക്കപ്പെടണം. നമ്മുടെ രാജ്യത്തിന്‍റെ നിയമപ്രകാരം ദേവാലയങ്ങളില്‍ ആശീര്‍വദിക്കപ്പെട്ട വിവാഹങ്ങള്‍ സിവിലായി രജിസ്റ്റര്‍ ചെയ്യുന്ന രീതിയുണ്ട്. 

സിവില്‍ വിവാഹമോചനങ്ങള്‍ക്കു മിക്കവാറും സിവില്‍ കോടതികള്‍ പരിഗണിക്കുന്നതു പള്ളികളില്‍ നിന്നു നല്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളെയാണ്. 

കത്തോലിക്കാ സഭാകോടതികള്‍ വിവാഹമോചന കേസുകള്‍ കൈകാര്യം ചെയ്യുന്നില്ല. എന്നാല്‍, മുമ്പ് സൂചിപ്പിച്ചതുപോലെ ഗൗരവമായ ഏതെങ്കിലും ന്യൂനതയോടെ ഒരാള്‍ വിവാഹകൂദാശയിലേക്കു പ്രവേശിച്ചാല്‍, ആ കൂദാശ അസാധുവായി പ്രഖ്യാപിക്കാനുള്ള അധികാരം സഭയ്ക്കുണ്ട്. എന്നാല്‍, സാധുവും നിയമാനുസൃതവുമായി നടത്തപ്പെടുന്ന ഒരു കൂദാശ ആര്‍ക്കും അസാധുവാക്കാന്‍ സാധിക്കില്ലായെന്ന് സഭ അസന്നിഗ്ധമായി പഠിപ്പിക്കുന്നു.    

ഒരു വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ സഭാകോടതികള്‍ പ്രത്യേകം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. സഭാ കോടതിയുടെ ഈ ഉത്തരവ് വിവാഹമെന്ന കൂദാശയെക്കുറിച്ച് മാത്രമുള്ളതാണ്. ആയതിനാല്‍ ഇതിനു മതപരവും ആധ്യാത്മികവുമായ ഫലങ്ങള്‍ മാത്രമേയുള്ളൂ. സിവില്‍ നിയമപരമായ ഫലങ്ങള്‍, സിവില്‍ കോടതികള്‍ നല്കുന്ന സിവില്‍ വിവാഹമോചന ഉത്തരവുകള്‍ക്കു വിധേയമായിരിക്കും. മേല്‍പറഞ്ഞ വസ്തുതയുടെ വെളിച്ചത്തില്‍ സഭയുടെ അധികാരം ആത്മീയതലത്തില്‍ ആണെന്ന് വ്യക്തമാണല്ലോ. 

ഒരു വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ചും ദമ്പതികളുടെ സ്വത്തുഭാഗിക്കലിനെ സംബന്ധിച്ചും സഭാകോടതികള്‍ ഇടപെടാറില്ല. എന്നാല്‍, വിവാഹമെന്ന കൂദാശയുടെ കൗദാശികമായ സാധുതയെ സംബന്ധിച്ച് വ്യക്തമാക്കാനുള്ള കടമ സഭയ്ക്കുണ്ടെന്നു സഭ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. സഭയില്‍ ഒരു വ്യക്തിക്കു പുനര്‍വിവാഹം നടക്കണമെങ്കില്‍ സിവില്‍ കോടതിയില്‍നിന്നുമുള്ള വിവാഹമോചന ഉത്തരവ് നിര്‍ബന്ധമായും സഭ ആവശ്യപ്പെടാറുണ്ട്.

കാനന്‍ നിയമം: അംഗീകരിക്കപ്പെട്ട വ്യക്തിനിയമം

കത്തോലിക്കാ സഭയുടെ കാനന്‍ നിയമം ഏതു നിലയിലാണു കണക്കാക്കപ്പെടേണ്ടത് എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍, കാനന്‍ നിയമം സഭയുടെ ആഭ്യന്തര കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ട നിയമസംഹിതയാണ്. പക്ഷേ, കാനന്‍ നിയമപ്രകാരം നിര്‍വഹിക്കപ്പെടുന്ന പല പ്രവൃത്തികള്‍ക്കും സിവില്‍ നിയമത്തിന്‍റെ സാധുത ഉള്ളതാണ്. 

വിവാഹ തടസങ്ങള്‍, വിവാഹത്തിലേക്കു പ്രവേശിക്കാനുള്ള യോഗ്യതകള്‍ എന്നിവയെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ കാനന്‍ നിയമമാണ് അവരെ സംബന്ധിക്കുന്ന വ്യക്തിനിയമമെന്ന് യാതൊരു അര്‍ഥശങ്കകള്‍ക്കും ഇടയില്ലാതെ 1972-ല്‍ ലക്ഷിസന്ന്യാല്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിക്കൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: കത്തോലിക്കരുടെ വിവാഹസാധുത സംബന്ധിച്ച സംഗതിയില്‍ കാനന്‍ നിയമമാണു മാനദണ്ഡം. ഈ വിധി 1996-ല്‍ മോളി ജോസഫ് കേസിലും സുപ്രീംകോടതി ഉദ്ധരിച്ചിട്ടുണ്ട് എന്നുള്ളതും സ്മരണീയമാണ്.    

ഭരണഘടനയുടെ നൂറ്റിനാല്പ്പത്തൊന്നാം അനുച്ഛേദപ്രകാരം ഭാരതമാകമാനം സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഒരു വിധി സാധുവായ ഒരു നിയമംപോലെ പരിഗണിക്കപ്പെടേണ്ടതാണല്ലോ. ആ നിലയില്‍ കത്തോലിക്കാസഭയുടെ കാനന്‍ നിയമം കത്തോലിക്കരുടെ വ്യക്തിനിയമമാണ്. കൂടാതെ, ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദത്തില്‍ നിയമത്തെ നിര്‍വഹിക്കുമ്പോള്‍, ഒരു സമൂഹത്തിന്‍റെ പാരമ്പര്യവും കീഴ്വഴക്കങ്ങളും നിയമത്തില്‍ ഉള്‍പ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ കാനന്‍ നിയമം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിനിയമമാണ് എന്നത് അവിതര്‍ക്കിതമാണ്. Copyright Archdiocese of Changanacherry l All Rights Reserved