കബറിടത്തില്‍ കണ്ടതും, ചരിത്രം മൊഴിഞ്ഞതും...


 

ഫാ. ജോസഫ് കൊല്ലാറ


ഈശോമിശിഹായുടെ ശിഷ്യന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ഉള്ളൂ. അതാണ് ഇന്ത്യയിലെ തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മാര്‍ത്തോമ്മാ നസ്രാണി സഭ. ഈ സഭ ക്രൈസ്തവ മതത്തെ ദര്‍ശിച്ചിരുന്നതു കേവലം തത്വങ്ങളോ പ്രമാണങ്ങളോ ആയിട്ടല്ല- ഒരു ജീവിത മാര്‍ഗമായിട്ടായിരുന്നു. ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടെത്തന്നെ സംസ്കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. പിന്നീട് മൈലാപ്പൂര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ഥാടനകേന്ദ്രമായി മാറി. വളരെക്കാലത്തേക്ക് അവരുടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായിത്തീര്‍ന്നു. 

മാര്‍ത്തോമ്മാ നസ്രാണികളുടെ ആധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാനമായ സ്ഥാനമാണ് തോമാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. അവര്‍ മൈലാപ്പൂരിലേക്കു തീര്‍ഥാടനം നടത്തുകയും കബറിടത്തില്‍നിന്നു മണ്ണെടുത്തുകൊണ്ടുവരികയും അതു പുണ്യകര്‍മങ്ങള്‍ക്കും ഹന്നാന്‍ വെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു.

1517ല്‍ ഒരു സംഘം പോര്‍ച്ചുഗീസുകാര്‍ മൈലാപ്പൂര്‍ സന്ദര്‍ശിച്ചു മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം വണങ്ങി. 1523-24ല്‍ അവര്‍ കബറിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തുകയും അവിടെ ഗവേഷണം നടത്തുകയും ചെയ്തു.

കുഴിമാടം തുറന്നുപരിശോധിച്ചപ്പോള്‍ അവിടെനിന്നു തലയോടിന്‍റെ കുറെഭാഗവും ഏതാനും അസ്ഥിക്കഷണങ്ങളും ഒരു കുടം മണ്ണും ഒരു ശൂലാഗ്രവും കണ്ടെത്തി. 1533ല്‍ പോര്‍ച്ചുഗീസ് രാജാവിന്‍റെ കല്പനപ്രകാരം മൈലാപ്പൂര്‍ കബറിടത്തെപ്പറ്റി വിശദമായ പഠനം നടത്തി. ഈ ഗവേഷണങ്ങളുടെ ഫലമായി ശവകുടീരത്തില്‍നിന്നു ലഭിച്ച വസ്തുക്കള്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ തന്നെയാണെന്നു പോര്‍ച്ചുഗീസ് അധികാരികള്‍ക്കു ബോധ്യമായി.

ശ്ലീഹായെ കുത്തിക്കൊല്ലാന്‍ ഉപയോഗിച്ച ശൂലത്തിന്‍റെ അഗ്രം ഒരു ഗ്രാനൈറ്റ് സ്തംഭത്തില്‍ ചില്ലിട്ടു സൂക്ഷിച്ചു. പിന്നീട് അതു പോര്‍ച്ചുഗീസ് കേന്ദ്രമായ ഗോവയിലേക്കു കൊണ്ടുപോയെന്നു പരാമര്‍ശിക്കപ്പെടുന്നു. ഇന്ന് ഈ സ്തംഭം ഗോവയിലുള്ള 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1630ല്‍ ഗോവയിലെ മ്യൂസിയത്തില്‍ ഒരു ചാപ്പല്‍ നിര്‍മിച്ചു സ്തംഭം അവിടെ സ്ഥാപിച്ചതായി ഇതിനോടു ചേര്‍ന്നുള്ള ലിഖിതത്തില്‍നിന്നു വ്യക്തം: This pillar was brought from San Thome, Madras. A Piece of the Irom lance with which St. Thomas the Apostle was supposed to have been killed, was preserved in the small niche at the top of the Pillar. On the either side of the Pillar are depicted the Apostle St. Thomas and St. Francis of Assissi. The Small Shrine (Chapel) was made in 1630 C.E. എന്നാല്‍, സ്തംഭത്തിന്‍റെ മുകള്‍ഭാഗത്തു ചില്ലിട്ടു സൂക്ഷിച്ചിരുന്ന ശൂലാഗ്രം കാലക്രമത്തില്‍ നഷ്ടമായി. (ചില്ല് പൊട്ടി നഷ്ടമായതോ കവര്‍ന്നെടുത്തതോ ആകാമെന്നു കരുതുന്നു. തോമാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്‍റെ ശരിപ്പകര്‍പ്പാണ് ഇപ്പോള്‍ പുരാതന ക്രൈസ്തവ കേന്ദ്രമായ നിരണത്ത് സ്ഥാപിക്കപ്പെടുന്നത്. 



Copyright Archdiocese of Changanacherry l All Rights Reserved