ഇന്ത്യന്‍ സെക്കുലറിസവും ഏകീകൃത സിവില്‍ കോഡും


-ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

ഇന്ത്യക്ക് ആകമാനമുള്ള ഒരു ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ചു ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. ഇപ്രകാരം ഒരു കാര്യം നടക്കുകയാണെങ്കില്‍ അതു ക്രമീകരിക്കേണ്ടത് ഇന്ത്യന്‍ സെക്കുലറിസത്തിന്‍റെ ചട്ടക്കൂട്ടിനുള്ളില്‍ ആയിരിക്കണം എന്നത് ഏതൊരു ഭാരതീയന്‍റെയും ആഗ്രഹമാണ്. ഏതൊരു സ്വതന്ത്രരാഷ്ട്രത്തിനും ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ അവകാശമുണ്ട്. 

ആമുഖമായി സെക്കുലറിസത്തെക്കുറിച്ച് ഏതാനും ചിന്തകള്‍ പങ്കുവയ്ക്കുന്നു. ഇന്ത്യ ഒരിക്കലും ഒറ്റ മതത്തിന്‍റെ രാജ്യമല്ല. ക്രിസ്തുമതവും ഇസ്ലാം മതവും ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിനു മുമ്പുതന്നെ ഇവിടെ മറ്റനേകം മതരൂപങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉണ്ടായിരുന്നു.


സെക്കുലറിസത്തിന്‍റെ അര്‍ഥവ്യതിയാനങ്ങള്‍

ചരിത്രം പരിശോധിച്ചാല്‍ സെക്കുലറിസത്തെപ്പോലെ ഇത്രമാത്രം അര്‍ഥതലങ്ങള്‍ നേടിയെടുത്ത മറ്റൊരു പദവും കാണുകയില്ല. മതവിശ്വാസത്തോടും മതത്തോടുമുള്ള എതിര്‍പ്പായി സെക്കുലറിസത്തെ ചിലപ്പോഴെല്ലാം തെറ്റിദ്ധരിക്കാറുണ്ട്. സെക്കുലറിസം മതവിദ്വേഷമല്ല. സെക്കുലറിസത്തിന്‍റെ ആദ്യ രംഗപ്രവേശനം സങ്കുചിതമായ ചില മതചട്ടക്കൂടുകളോടും നിരര്‍ഥകമായ ചില മതാചാരങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള താല്പര്യമില്ലായ്മ എന്ന രൂപത്തിലാണ്. ചില ഭാരതീയ പണ്ഡിതന്മാര്‍ പറയുന്നത് ഇന്ത്യന്‍ സെക്കുലറിസം എന്നതു ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ചില മുന്നേറ്റങ്ങളോടുകൂടി ആരംഭിച്ചു എന്നാണ്. മൂന്നു പ്രധാന പ്രതിഷേധ മുന്നേറ്റങ്ങള്‍പോലെ ചാര്‍വാക, ബുദ്ധ, ജൈന ദര്‍ശനങ്ങള്‍ രൂപമെടുത്തു. മതവിശ്വാസവും പ്രബോധനവും തള്ളിക്കളയാന്‍ ഇവ ശ്രമിച്ചെങ്കിലും ലോകമതങ്ങളുടെ നിലവാരത്തിലേക്ക് അവയും വളര്‍ന്നു.

പിന്നീടു നാം കാണുന്നതു മതസൗഹാര്‍ദത്തിന്‍റെ വലിയ ഒരു കാലഘട്ടമാണ്. അക്ബര്‍ ചക്രവര്‍ത്തി നല്കിയ നേതൃത്വം മതസൗഹാര്‍ദത്തിന്‍റെ ആത്മാവു പോലെയായി. അദ്ദേഹം ദിന്‍ ഇലാഹി എന്നൊരു പൊതു മതം രൂപീകരിച്ചു. മറ്റൊരു കാലഘട്ടം നാം കാണുന്നതു വിവിധ മതാനുയായികള്‍ തമ്മിലുള്ള മതാത്മക ആദര്‍ശങ്ങളുടെ ഒരുമിച്ചുള്ള പങ്കുവയ്ക്കലാണ്. സൂഫി (ഇസ്ലാം), ഭക്തി (ഹിന്ദു) പാരമ്പര്യങ്ങള്‍ മതപരമായ പല ആശയങ്ങളും പങ്കുവച്ചു. ഇവര്‍ രണ്ടുകൂട്ടരും വളരെ സഹിഷ്ണുതയുള്ളവരും മറ്റു മതങ്ങളിലെ വിശ്വാസികളോടു തുറവിയുള്ളവരുമായിരുന്നു. ആ കാലഘട്ടത്തില്‍ ഈ രാജ്യത്തെ മുഖ്യധാരാ മതവിഭാഗക്കാര്‍ക്ക് ഇത്തരം തുറന്ന മനോഭാവം കുറവായിരുന്നു. പൊതുവില്‍ മതങ്ങളും സംസ്കാരങ്ങളും ഭരണകൂടങ്ങളും എല്ലാം തമ്മില്‍ ആഴമായ മൈത്രിയില്‍ കഴിഞ്ഞ ദീര്‍ഘമായ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ് ഇന്ത്യയുടേത്.    

ബ്രിട്ടീഷ് ഭരണകാലത്ത് സാമൂഹ്യ-സാംസ്കാരിക-മതാത്മക ഐക്യം കുറയെല്ലാം നഷ്ടപ്പെട്ട് ഇന്ത്യന്‍ സെക്കുലറിസത്തിനു മുറിവേറ്റ അനുഭവങ്ങള്‍ ഉണ്ടായി. ഇന്ത്യയുടെ മധ്യകാല ചരിത്രം വളച്ചൊടിച്ചു വിദ്യാഭ്യാസ മേഖലയിലൂടെ തെറ്റായ ദര്‍ശനങ്ങള്‍ നല്കി. മതവിദ്വേഷത്തിന്‍റെ വിത്തുകള്‍ ഇളംമനസുകളില്‍ സ്ഥാനം പിടിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയുടെമേല്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ മതം, രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍നിന്ന് അവിഭാജ്യമായി കരുതപ്പെട്ടിരുന്നു. ബോധോദയ ചിന്തകളെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രത്തെയും മതത്തെയും വേര്‍തിരിച്ചു നിര്‍ത്തുന്ന ശൈലി അവര്‍ സ്വീകരിച്ചു. മറുവശത്ത്, മതപരമായ നിയമങ്ങള്‍ ക്രോഡീകരിച്ചതും ബ്രിട്ടീഷുകാരാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും സിക്കുകാര്‍ക്കും പാഴ്സികള്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ കൊണ്ടുവന്നു. അതു ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ നയത്തിന്‍റെ ഭാഗമായിരുന്നു.

1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്‍റെ മുഖമുദ്രയായി സെക്കുലറിസത്തെ സ്വീകരിച്ചു. പൊതുഭരണ കാര്യങ്ങളില്‍ ഇന്ത്യയുടെ ബഹുമത സഹകരണം ലഭിക്കാനുള്ള കാഴ്ചപ്പാടുകൂടെയായിരുന്നു ഇത്. ഇന്ത്യയുടെ ബഹുമതത്വം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു. അവര്‍ ഹിന്ദുരാഷ്ട്രത്തിലേക്കു നീങ്ങിയില്ല. ഹിന്ദുക്കള്‍തന്നെ വളരെ വിഭജിക്കപ്പെട്ട അവസ്ഥയിലുമായിരുന്നു. ദളിതര്‍ ഹിന്ദുക്കള്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടില്ല. അതിന്‍റെ ഫലമായി അവരുടെ നേതാവായിരുന്ന ബി.ആര്‍. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. 

വിവിധ ഗ്രൂപ്പുകള്‍ സെക്കുലറിസത്തെ വ്യത്യസ്ത രീതികളിലാണു കണ്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സെക്കുലറിസത്തെ ദേശീയ പതാകയായി കണ്ടു. നെഹ്റുവിന്‍റെ കാഴ്ചപ്പാടാണ് ഇതിന്‍റെ അടിത്തറ. വിശാലമനസ്കനായിരുന്നെങ്കിലും നെഹ്റുവിനു മതാഭിമുഖ്യം പ്രകടമായി ഇല്ലായിരുന്നു. 

ഗാന്ധിജിയുടെ സെക്കുലറിസം മതാത്മകതയില്‍ വേരൂന്നിയതാണ്. മതവും രാഷ്ട്രീയവും തമ്മില്‍ വിഭജിക്കപ്പെടരുത് എന്നു മാത്രമല്ല, മതം രാഷ്ട്രീയത്തിന്‍റെ ഹൃദയവും ആത്മാവും ആകണമെന്നും ഗാന്ധിജി ആഗ്രഹിച്ചു. ബ്രിട്ടീഷുകാരുടെയും നെഹ്റുവിന്‍റെയും അജ്ഞേയവാദ നിലപാടിനെ നിഷേധിച്ചുകൊണ്ട് ഇന്ത്യയുടെ മനഃസാക്ഷിയായി മതത്തെ അദ്ദേഹം കണ്ടു. ഏതു മതത്തെയും സ്വീകരിക്കാന്‍ ഓരോ ഇന്ത്യക്കാരനും തയാറാകണമെന്നും ഗാന്ധിജി പഠിപ്പിച്ചു.    

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സെക്കുലറിസം എന്ന പദം പിന്നീട് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗാന്ധിയന്‍ സെക്കുലറിസത്തിനാണു പ്രാധാന്യം കിട്ടിയിരിക്കുന്നത്. ഇന്ത്യന്‍ സെക്കുലറിസത്തില്‍ നിരീശരത്വം ഒരു പ്രധാന ഘടകമായി ഒരിക്കലും വന്നിട്ടില്ല. സെക്കുലറിസത്തിന്‍റെ ഈ മുഖം പാശ്ചാത്യ പ്രതിഭാസമാണ്. ഇന്ത്യന്‍ സെക്കുലറിസത്തെ നിരീശ്വരത്വത്തിലേക്കും മതവിരോധത്തിലേക്കും നയിക്കുന്ന ചിന്തകളും ഗ്രന്ഥങ്ങളും ഏറെയുണ്ട് എന്ന ദുഃഖസത്യം വിസ്മരിക്കുന്നില്ല. ഇന്ത്യന്‍ സെക്കുലറിസം പാശ്ചാത്യ സെക്കുലറിസത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. മതനിഷേധവും മതമൗലികവാദവും ഇന്ത്യന്‍ സെക്കുലറിസത്തോടു ചേര്‍ന്നു പോകുന്നതല്ല. ഇന്ത്യയ്ക്കകത്ത് താമസിക്കുന്ന ഏതൊരുവനും അവന്‍റെ ഇഷ്ടപ്രകാരം വിശ്വാസം സ്വീകരിക്കാനും ജീവിക്കാനും പ്രഘോഷിക്കാനും അവകാശമുണ്ട്. സാമൂഹ്യ വ്യവസ്ഥിതികളും നിയമവും പാലിക്കണമെന്നുമാത്രം.    

ഇന്ത്യന്‍ സെക്കുലറിസം ഒരു രാഷ്ട്രീയ ക്രമീകരണമാണ്. ഭരണഘടനാധിഷ്ഠിതമായ സെക്കുലറിസമാണത്. വളരെ ആഴമായ ദാര്‍ശനികതയിലോ തത്ത്വസംഹിതകളിലോ അധിഷ്ഠിതമായ സെക്കുലറിസവുമല്ല. ഒരു ദാര്‍ശനികത അതിനുണ്ടെങ്കില്‍ അതു മതസൗഹാര്‍ദത്തിന്‍റെ ദാര്‍ശനികതയാണ്. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ ഒരു സഹവര്‍ത്തിത്വത്തിന്‍റെ ക്രമീകരണമാണത്. ഇന്ത്യയ്ക്കു പ്രത്യേകമായ ഔദ്യോഗികമായ ഒരു മതവുമില്ല. രാഷ്ട്രമതമില്ല. അതേസമയം ഏത് ഇന്ത്യക്കാരനും അവിടെ മതവിശ്വാസം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യാം. 

ഓരോ മതത്തിനും അതിന്‍റെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യ പദവിയാണ്. ഇന്ത്യന്‍ സെക്കുലറിസം മതത്തിനെതിരോ, മതമില്ല അല്ലെങ്കില്‍ അതു വേണ്ട എന്ന വാദമോ, മതത്തോടുള്ള നിഷേധാത്മക സമീപനമോ അല്ല. മറിച്ച്, മതങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും അതിലൂടെ വിശാലമായ മത-വിശ്വാസ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതുമാണ്.

ഏകീകൃത സിവില്‍ കോഡ്

ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യക്ക് ഒരു ഏകീകൃത സിവില്‍ നിയമത്തിന്‍റെ (യൂണിഫോം സിവില്‍ കോഡ്) ആവശ്യകതയും പ്രസക്തിയും നാം മനസിലാക്കാന്‍. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തു പിന്‍തുടര്‍ച്ചാവകാശ നിയമം നിലവില്‍വന്നു. കേരളത്തിലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം ഒഴികെ ഇന്ത്യയില്‍ ക്രൈസ്തവ പിന്‍തുടര്‍ച്ചാ നിയമമില്ലായിരുന്നു. അന്നുതന്നെ ഹിന്ദുക്കള്‍ക്കു വിവാഹത്തെ സംബന്ധിച്ചും വിവാഹമോചനത്തെ സംബന്ധിച്ചും നിയമമുണ്ടായിരുന്നു. മുസ്ലിംകള്‍ക്കു ശരിയത്തും ഉണ്ടായിരുന്നു. തന്മൂലം ക്രൈസ്തവര്‍ക്ക് പൊതുവില്‍ ഈ നിയമം ആവശ്യമായി വന്നു. ക്രൈസ്തവര്‍ക്ക് ഒസ്യത്ത് എഴുതാതെ വരുന്ന സ്വത്തിനു (intestate succession) വേണ്ടി നിയമം ആവശ്യമായിരുന്നു. എന്നാല്‍ പിന്നീട് 1925-ല്‍ ഇന്ത്യന്‍ ആക്ട് പ്രാബല്യത്തില്‍ വന്നു. അതു ക്രൈസ്തവര്‍ക്കും സിക്കുകാര്‍ക്കും പാഴ്സികള്‍ക്കും വേണ്ടിയായിരുന്നു.

വിശുദ്ധ ഗ്രന്ഥങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിപരമായ നിയമങ്ങളുടെ സ്ഥാനത്ത് എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒരു പൊതു നിയമ സംഹിത കൊണ്ടുവരാനുള്ള നിര്‍ദേശമാണ് യൂണിഫോം സിവില്‍ കോഡ്. ഇതു വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, ജീവനാംശം (സംരക്ഷണം, പരിപാലനം) എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. എന്തുകൊണ്ടാണ് ഒരു യൂണിഫോം സിവില്‍ കോഡിനെപ്പറ്റി ചിന്തിക്കുന്നത്? ഒരു സെക്കുലര്‍ റിപ്പബ്ലിക്കിന് ഒരു സിവില്‍ കോഡ് ആവശ്യമാണ്. ഇന്ത്യയുടെ ഭരണഘടനാ രൂപീകരണ സമയത്ത് അതിന്‍റെ നാല്പത്തിനാലാം വകുപ്പില്‍ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം എന്ന നിര്‍ദേശം നല്കപ്പെട്ടിരുന്നതുകൊണ്ട് കാലാകാലങ്ങളില്‍ വന്ന പ്രധാനമന്ത്രിമാര്‍ ഈ വിഷയം ആലോചനയ്ക്കെടുത്തിരുന്നു.

മറ്റൊന്നു ലിംഗനീതിയും ലിംഗസമത്വവുമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ ചില മതവിഭാഗങ്ങളില്‍ മതപരമായ നിയമങ്ങള്‍കൊണ്ടും പാരമ്പര്യങ്ങള്‍കൊണ്ടും പരിമിതപ്പെടുത്തിയിട്ടുണ്ട്. മതവിശ്വാസങ്ങളും ആചാരങ്ങളും ലിംഗനീതിക്കും ലിംഗസമത്വത്തിനും എതിരാണെങ്കില്‍ പൊതുനന്മയെക്കരുതി ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രത്തിന് അവകാശമുണ്ട്. ഏകീകൃത സിവില്‍ നിയമം അതിനൊരു പരിഹാര മാര്‍ഗമാകാം. എന്നിരുന്നാലും അതുകൊണ്ടുമാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ എന്ന അഭിപ്രായവുമില്ല.

ഇന്ത്യന്‍ സിവില്‍ കോഡ് മേല്‍വിവരിച്ച കോണ്‍സ്റ്റിറ്റ്യൂഷണല്‍ സെക്കുലറിസത്തിന്‍റെ വെളിച്ചത്തില്‍ മാത്രമായിരിക്കണം ചര്‍ച്ച ചെയ്യപ്പെടുന്നത്. മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്കിയിരിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ചുകൊണ്ടു മുന്നോട്ടിറങ്ങിയാല്‍ വലിയ ഒച്ചപ്പാടുകള്‍ക്കു കാരണമാകും. അതേസമയം ഏതൊരു സ്വതന്ത്ര റിപ്പബ്ലിക്കിന്‍റെയും ഭരണഘടനാപരമായ ആഗ്രഹമാണ് ഒരു യൂണിഫോം സിവില്‍ കോഡ് എന്നത്. രാജ്യത്തിന്‍റെ പൊതുവായ അച്ചടക്കത്തോടും സാമൂഹ്യനീതിയോടും ബന്ധപ്പെട്ട കാര്യമാണിത്. ഓരോ വ്യക്തിയും അവന്‍റെ ദേശീയത വളര്‍ത്തിയെടുക്കാനും മാതൃരാജ്യത്തെ സ്നേഹിക്കാനും ഏകീകൃത നിയമങ്ങള്‍ കാരണമാകും എന്നതാണ് അതിന്‍റെ പിന്നിലുള്ള തത്ത്വശാസ്ത്രം. 

ദേശീയത എന്ന ശ്രേഷ്ഠമായ വികാരം എല്ലാവരും വളര്‍ത്തി എടുക്കേണ്ടതാണ്. അതേസമയം നാസി രൂപത്തിലുള്ള ദേശീയതയിലേക്കു വഴുതിവീഴാതിരിക്കാന്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുമ്പോള്‍ നാം ശ്രദ്ധാലുക്കളായിരിക്കുകയും വേണം. പൊതുകാര്യങ്ങളില്‍ പലതിലും ഏകീകൃത നിയമങ്ങള്‍ ഇന്ത്യയിലായിക്കഴിഞ്ഞു എന്ന കാര്യവും നാം മറക്കരുത്. 

യൂണിഫോം സിവില്‍ കോഡ് രാജ്യത്തിന്‍റെ ഐക്യത്തിനു നല്ലതാണ്. പക്ഷേ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനവകാശമില്ല. ന്യൂനപക്ഷങ്ങളെ അവരുടെ തനിമ നഷ്ടപ്പെടുത്തുന്ന രീതിയില്‍ പരിഗണിക്കാനും സാധ്യമല്ല. ഇന്ത്യയുടെ പൊതുസംസ്കാരം വൈവിധ്യങ്ങളിലെ ഐക്യമാണ്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ സെക്കുലറിസത്തിനു മുറിവേല്ക്കാത്ത രീതിയിലുള്ള സിവില്‍ കോഡ് മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ. നെഹ്റുവിന്‍റെ കാലത്തു യൂണിഫോം സിവില്‍ കോഡ് എന്ന ആശയം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുമായി ചര്‍ച്ചയും സംവാദവും അഭിപ്രായശേഖരണവും നടത്തിയതിനുശേഷം മാത്രം മതി എന്നായിരുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാര്‍ക്കും സ്വീകാര്യമായ സിവില്‍ കോഡ് കൊണ്ടുവരിക എന്നത് ഒരു ڇഹെര്‍ക്കുലിയന്‍ ടാസ്ക്چ ആണ്. 

സിവില്‍ കോഡ് രൂപീകരണത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രം പോരാ. മതപണ്ഡിതന്മാരും കക്ഷിരാഷ്ട്രീയത്തിനതീതമായ ചിന്തകള്‍ പുലര്‍ത്തുന്നവരും നിയമവിദഗ്ദ്ധരും സാധാരണക്കാരുമെല്ലാം ഈ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതാണ്. സര്‍ക്കാരിലൂടെ മാത്രം വരുന്ന ഒരു സിവില്‍ കോഡ് ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നു തോന്നുന്നില്ല. സാമൂഹിക പരിഷ്കര്‍ത്താക്കളെ ഇക്കാര്യത്തില്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. സാമൂഹികതിന്മകള്‍ക്കെതിരേ പോരാടുന്നവര്‍ക്കു നിയമനിര്‍മാണത്തില്‍ പങ്കാളിത്തമുണ്ടാകണം. ജനങ്ങളില്‍നിന്നാണ് ഈ ചിന്തകളെല്ലാം വരേണ്ടത്. പാര്‍ലമെന്‍റ് തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമല്ലിത്.

എല്ലാ മതവിഭാഗങ്ങളുടെയും മത- ഭാഷാ ന്യൂനപക്ഷങ്ങളുടെയും സമവായത്തിലൂടെ മാത്രമേ യൂണിഫോം സിവില്‍ കോഡ് രൂപീകരിക്കാവൂ. ഒരു പ്രത്യേക വിഭാഗത്തിന്‍റെ നിയമസംഹിത കൊണ്ടുവന്നു മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്നതുപോലെ വന്നാല്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ എല്ലാ സാധ്യതകളുമുണ്ട്. ഒരു മതത്തിന്‍റെയും വിശ്വാസത്തെയോ ആചാരത്തെയോ ചെറുതാക്കിക്കൊണ്ടോ മാറ്റിനിര്‍ത്തിക്കൊണ്ടോ ഈ നിയമം കൊണ്ടുവരാന്‍ എളുപ്പമല്ല. ഇന്ത്യന്‍ സെക്കുലറിസത്തിന്‍റെ പരിപാവനതയാണ് ഇതിലൂടെ സംരക്ഷിക്കപ്പെടേണ്ടത്. 

തിടുക്കത്തില്‍ ചെയ്തുകൂട്ടേണ്ട കാര്യമല്ലിത്. ഇന്ത്യയില്‍ സെക്കുലറിസത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടു മാത്രമേ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചു ഗൗരവതരമായ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍പോലും നമുക്ക് അവകാശമുള്ളൂ. അല്ലാത്തപക്ഷം ആഭ്യന്തര ധ്രുവീകരണത്തിലേക്കും കലഹങ്ങളിലേക്കും അതു ജനങ്ങളെ എത്തിക്കും. 

മതാത്മകതയ്ക്ക് എപ്പോഴും ഒരു ധാര്‍മിക മുഖമുണ്ട്. ധാര്‍മികതയെ വെറും രാഷ്ട്രീയ- സാംസ്കാരിക ഉല്പന്നമായി കാണരുത്. തെറ്റായ സെക്കുലര്‍-ദേശീയ അടിസ്ഥാനത്തിന്മേല്‍ മതാത്മക-ധാര്‍മിക മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്. ഓരോ മതത്തിലെയും വിവാഹവും അനുബന്ധ ആചാരങ്ങളും ആ മതത്തെ നിര്‍വചിക്കുന്ന കാര്യങ്ങള്‍ പോലെയാണ്. വിവാഹമോചനം വളരെ എളുപ്പത്തില്‍ നടപ്പിലാക്കുന്ന നിയമസംഹിതയെ ക്രൈസ്തവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ക്രൈസ്തവര്‍ക്കു സിവില്‍ വിവാഹമോചനം ലഭിച്ചാലും സഭാപരമായ കാനന്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. വളരെ നിസാരവത്കരിക്കപ്പെടുന്ന വിവാഹമോചന ക്രമത്തിലൂടെ കുടുംബത്തിന്‍റെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും, സമുദായത്തിന്‍റെയും അതിലൂടെ വിശാല സമൂഹത്തിന്‍റെയും കെട്ടുറപ്പു നശിപ്പിക്കുകയായിരിക്കും ചെയ്യുക.

എല്ലാവരെയും സമഭാവനയോടെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ഒരു സിവില്‍ കോഡ് അല്ലെങ്കില്‍ മിക്കവാറും അവസരങ്ങളില്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയുണ്&Copyright Archdiocese of Changanacherry l All Rights Reserved