ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉദ്ഭവം


-റവ. ഡോ. ജോസഫ് കൊല്ലാറ

സമൂഹത്തിന്‍റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെടടയാള്‍ക്ക് താന്‍ പിന്നിട്ട വഴികോളോ പിന്നിടേണ്ട വഴികളോ നിശ്ചയമാല്ലാതെ വരും. ഈ സ്വാഭാവിക തത്ത്വം സഭാ ജീവിത്തിലും ബാധകമാണ്. സഭാത്മകമായ ഓര്‍മ്മ നഷ്ടപ്പെട്ടാല്‍ ഒരാള്‍ക്ക് സഭയെയും അതിന്‍റെ സംപൂജ്യമായ പൈതൃകത്തെയും വ്യക്തിത്വത്തെയും തിരിച്ചറിയാന്‍ കഴിയാതെ വരും.

ഈശോമിശിഹായുടെ ശിഷ്യന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ഉള്ളൂ. അതാണ്  തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഇന്ത്യയിലെ മാര്‍ത്തോമ്മാ നസ്രാണി സഭ. ഈ സഭ ക്രൈസ്തവ മതത്തെ ദര്‍ശിച്ചിരുന്നതു കേവലം തത്ത്വങ്ങളോ പ്രമാണങ്ങളോ ആയിട്ടല്ല- ഒരു ജീവിത മാര്‍ഗ്ഗമായിട്ടായിരുന്നു. ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടെത്തന്നെ സംസ്കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം.

വളരെപ്പേരെ തോമ്മാശ്ലീഹാ ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. തോമ്മാശ്ലീഹായുടെ  ഭാരത  പ്രേഷിതത്വത്തിന്‍റെയും  പ്രവര്‍ത്തനങ്ങളുടെയും  സമഗ്രമായ   പഠനം ഇവിടെ  ഉദ്ദേശിക്കുന്നില്ലാത്തതുകൊണ്ട്,   ഏറ്റം  പ്രസക്തമായ  ഏതാനും  വസ്തുതകളും  സാഹചര്യങ്ങളും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

1. തോമ്മാശ്ലീഹായൂടെ ഭാരതപ്രവേശന  സാദ്ധ്യത 
ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്കു-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്.1 ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്ക്കരമായിരുന്നില്ല എന്നതു വ്യക്തമാണ്. 


2. സഭാപിതാക്കന്മാരുടെ സാക്ഷ്യം
    പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373),  വി. ഗ്രിഗറി നസിയാന്‍സെന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി. അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റോം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560- 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു.2  


3. ആരാധനക്രമ തെളിവുകള്‍
സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും ഉറപ്പിച്ചു പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്. 


4. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍)
പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹډാരുടെ പഠനങ്ങള്‍  (മൂന്നാം ശതകം) തോമ്മായുടെ പീഡാസഹനം (നലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി പ്രതിപാദിക്കുന്ന കൃതികളാണ് മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന യുദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. യൂദാതോമ്മായുടെ നടപടികളില്‍ ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ് രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്ദേവൂസ് (മാസ്ദേ) രാജ്യത്തെത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്ന് പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കല്പിതകഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ  ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.4 


5. പ്രാദേശിക പാരമ്പര്യങ്ങള്‍ 
തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ഠാനകലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതലേ ഇവിടെ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗംകളിപ്പാട്ട് (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ഠാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ്  ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും തലമുറതലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു.  


6. തോമ്മാ ശ്ലീഹായുടെ കബറിടം 
തോമ്മാശ്ലീഹാ മൈലാപ്പുരില്‍വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്കരിക്കപ്പെട്ടന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പുര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ (മതമേലധ്യക്ഷ്യന്‍റെ) ആസ്ഥാനമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും, അകത്തോലിക്കരും, അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തډാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ ഏക കബറിടമാണ് മൈലാപ്പുരില്‍ ഉള്ളത്. 1776 നവംബര്‍ 14  മുതല്‍ 10 1789 മാര്‍ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്ത്വം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്ത മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേയ്ക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: 
ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചുപറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹ മൈലാപ്പൂരില്‍ മരണമടഞ്ഞുവെന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്.4 
മൈലാപ്പൂരിലെ പ്രാചീനകബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു.5  മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനരംഗമായിരുന്ന കേരളത്തില്‍നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല. 


7. യഹൂദസാന്നിദ്ധ്യം
ബി. സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദډാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപാരഭാഷ അറമായഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു താനും. അറമായ ഭാഷ ഈശോമിശിഹായുടെ സംസാരഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലുര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേയ്ക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യ രക്ഷയെപ്പറ്റി ആദ്യം  യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലൊ (മത്തായി. 10:6).  അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷമറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായഭാഷയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാസമൂഹങ്ങളാരംഭിച്ചതുതന്നെ ഇവിടുത്തെ യഹൂദകോളനികളായിരുന്നു.6   അതിനുശേഷമാണ് ശ്ലീഹാ ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധതിരിച്ചത്.  അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗമറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരുമുള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദക്രൈസ്തവരും ഏതദ്ദേശിയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നതാണെന്ന് കരുതാവുന്നതാണ്.


8.പുരാതന ക്രൈസ്തവസമൂഹം
മാര്‍ത്തോമ്മാക്രിസ്ത്യാനികളെന്നറിയപ്പെട്ട ഒരു ക്രൈസ്തവസമൂഹം ക്രിസ്തുവര്‍ഷം ആദിമശതകം മുതല്‍ തന്നെ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്നു. തങ്ങള്‍ക്കു ചുററുമുള്ള മഹാഭൂരിപക്ഷം വരുന്ന അക്രൈസ്തവരുടെ ആകര്‍ഷണങ്ങളെയും, അസംഖ്യങ്ങളായ തടസ്സങ്ങളെയും,  വിവരണാതീതമായ സഹനങ്ങളെപ്പോലും തരണം ചെയ്ത് പത്തൊന്‍പതു നൂറ്റാണ്ടുകളോളം ഇവര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ചു എന്നതുതന്നെ തോമ്മാശ്ലീഹായുടെ ദക്ഷിണേന്ത്യയിലെ പ്രേഷിതത്വത്തിന്‍റെ സംശയാതീതമായ തെളിവായി കാണാവുന്നതാണ്. ഈ ക്രൈസ്തവര്‍, ഇക്കാലമത്രയും തോമ്മായുടെ മാര്‍ഗം അഥവാ നിയമം വിശ്വസ്തതാപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും കര്‍മ്മോത്സുകമായി ആചരിക്കുകയും ചെയ്തത്, ഈ തോമ്മാമാര്‍ഗം തങ്ങളുടെ പൂര്‍വികരെ പഠിപ്പിച്ചത് മാര്‍ത്തോമ്മാശ്ലീഹാ തന്നെയായിരുന്നുവെന്ന പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ്. 
കിസ്തുവര്‍ഷം 189 നും 190 നും ഇടയില്‍ ഭാരതത്തിലെത്തിയ അലക്സാണ്ട്രിയായിലെ പ്രമുഖ പണ്ഡിതായ പന്തേനൂസ് രണ്ടാം ശതകത്തില്‍ ഭാരതത്തില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നതായി സാക്ഷിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.7  ക്രിസ്തുവര്‍ഷം ആദിമശതകങ്ങളില്‍ ഒരു ക്രൈസ്തവസമൂഹം ഭാരതത്തിലുണ്ടായിരുന്നുവെന്ന ചരിത്രസത്യം സംശയരഹിതമായി തെളിയിക്കാവുന്നതാണ്. തോമ്മാശ്ശീഹായുടെ ഭാരതപ്രേഷിതത്വത്തെ സംശയിക്കുന്നവര്‍ പോലും ക്രിസ്തുവര്‍ഷം ആദിമശതകങ്ങളില്‍ ഒരു ക്രിസ്ത്യന്‍ സമൂഹം, ഭാരതത്തിലുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കുന്നില്ല.  


9. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷډാരായ മാര്‍പാപ്പാമാരുടെ ഔദ്യോഗികമായ സ്ഥിരീകരണം
മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രവര്‍ത്തനത്തിന് സഭയുടെ പരമാദ്ധ്യക്ഷന്മാരുടെ സ്ഥീരീകരണ പ്രസ്താവനകള്‍ ഒരു ചരിത്രപരമായ തെളിവായി സ്വീകരിക്കുക സാധ്യമല്ല. എന്നാല്‍ അത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം ഒരു ക്രിസ്തീയ സമൂഹത്തിന്‍റെ നിരന്തരമായ പാരമ്പര്യംപോലും വെറും അന്ധമായ രീതിയിലല്ല മറിച്ച് ചരിത്രപരമായ അടിസ്ഥാനവും വസ്തുനിഷ്ഠമായ വിശ്വസനീയതയും ഉണ്ടെങ്കില്‍ മാത്രമേ സഭയുടെ പരമാധ്യക്ഷന്‍മാര്‍ സ്വീകരിക്കുകയുള്ളു. അപ്പസ്തോലിക സഭയെന്ന മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യം വിശ്വാസയോഗ്യവും പ്രചോദകവുമെന്ന് ബോദ്ധ്യമായതുകൊണ്ട് അതിനു സഭയുടെ പരമാദ്ധ്യക്ഷډാരായ മാര്‍പാപ്പാമാരുടെ സ്ഥിരീകരണം ലഭിച്ചതുതന്നെ. മാര്‍പാപ്പാമാര്‍ ഭാരത സഭയിലെ മെത്രാന്മാരെയും, അര്‍ക്കദിയാക്കോډാരെയും ,വിശ്വാസികളെയും അഭിസംബോധന ചെയ്ത് മാര്‍ത്തോമ്മാ നസ്രാണി  സഭയുടെ  ശ്ലൈഹിക  പാരമ്പര്യം ഉദ്ബോധിപ്പിച്ചുകൊണ്ട് എഴുതിയ പല തിരുവെഴുത്തുകളും ഡിക്രികളും കല്പനകളും പതിനാലാം ശതകം മുതലുള്ളത് ഏതൊരാള്‍ക്കും കണ്ടു ബോദ്ധ്യമാപ്പെടാന്‍ കഴിയും. മാര്‍പാപ്പാമാരുടെയും പരിശുദ്ധപിതാവിന്‍റെ കാര്യാലയത്തിന്‍റെയും മാര്‍ത്തോമ്മാനസ്രാണി സഭയുടെ ശ്ലൈഹിക ഉദ്ഭവത്തെപ്പറ്റിയുള്ള ഏതാനും പ്രധാനപ്പെട്ട പ്രസ്താവനകള്‍ മാത്രമേ ഇവിടെ അവതരിപ്പിക്കന്നുള്ളു.

പരിശുദ്ധ പിതാവ് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പാ 1886 സെപ്റ്റംബര്‍ ഒന്നിന് പുറപ്പെടുവിച്ച ഹുമാനേ സലുത്തിസ് ഔക്തോര്‍ എന്ന തിരുവെഴുത്തുവഴി ഭാരതത്തില്‍ പ്രൊപ്പഗാന്താ തിരുസംഘത്തിന്‍റെ അധികാരത്തിന്‍ കീഴില്‍ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. ഈ തിരുവെഴുത്തില്‍ അപ്പസ്തോലന്മാരുടെ സാര്‍വത്രിക സുവിശേഷവല്‍ക്കരണ പ്രേക്ഷിതത്വത്തെപ്പറ്റി പ്രതിപാദിച്ചതിനുശേഷം പരിശുദ്ധ പിതാവ് സാക്ഷ്യപ്പെടുത്തുന്നു:


പാരമ്പര്യമനുസരിച്ച് ഇന്ത്യയിലെ വിശാലമായ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ശ്ലൈഹിക ശുശ്രുഷ നിര്‍വഹിക്കുന്നതിനുള്ള ചുമതല (ഉത്തരവാദിത്വം) തോമസിനാണ് ലഭിച്ചത്. പ്രാചീന കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ക്രിസ്തുവിന്‍റ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ആദ്യം തോമസ് എത്യോപ്യാ, പേര്‍സ്യാ, ഹിര്‍ക്കാനിയാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുകയും അതിനുശേഷം അവസാനമായി ഇന്ത്യയില്‍ എത്തുകയും ചെയ്തു. എറ്റവും ഗൗരവമേറിയ പ്രയാസങ്ങള്‍ നിറഞ്ഞ വളരെ ക്ലേശകരമായ ഒരു യാത്രയ്ക്കു ശേഷം തോമസാണ് ആ ജനതകളെ ആദ്യമായി സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിപ്പിച്ചത്. ആത്മാക്കളുടെ പരമോന്നത ഇടയന് തന്‍റെ സ്വന്തം രക്തംകൊണ്ട് സാക്ഷ്യം വഹിച്ചതിനുശേഷം സ്വര്‍ഗ്ഗത്തിലെ നിത്യ സമ്മാനം പ്രാപിക്കുന്നതിനുവേണ്ടി അദ്ദേഹം വിളിയ്ക്കപ്പെട്ടു. ആ സമയം മുതല്‍ ഇന്ത്യ ഒരിക്കലും പൂര്‍ണ്ണമായി സമാരാദ്ധ്യനായ ഈ അപ്പസ്തോലനെ ആദരിക്കുന്നതില്‍ നിന്നും വിരമിച്ചിട്ടില്ല എന്നത് വളരെ വ്യക്തമായ സംഗതിയാണ്. തോമ്മായുടെ നാമവും സ്തുതിപ്പുകളും ആ സഭകളുടെ അതിപുരാതനമായ ആരാധനക്രമ പുസ്തകങ്ങളില്‍ ആഘോഷിക്കപ്പെടുന്നവയെന്നു മാത്രമല്ല മറ്റു സ്മാരകങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.8  


1923 ഡിസംബര്‍ 21-ാം തീയതി സീറോ മലബാര്‍ സഭയുടെ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് പതിനൊന്നാം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച ശ്ലൈഹീക രേഖയില്‍ ഇപ്രകാരം പറയുന്നു: സീറോ മലബാര്‍ സഭ മറ്റു പൗരസ്ത്യ സഭകളുടെയിടയില്‍ വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. കാരണം തോമ്മാശ്ലീഹായില്‍ നിന്നും സുവിശേഷ വെളിച്ചം സ്വീകരിച്ച പുരാതന ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുമാണ് ഈ സഭ ഉടലെടുത്തത്.ڈ പതിമൂന്നാം ലെയോ മാര്‍പാപ്പായുടെ മുന്‍പറഞ്ഞ പ്രസ്താവന ഉദ്ധരിച്ചതിനുശേഷം പാപ്പാ പ്രഖ്യാപിച്ചു:
തോമസിന്‍റെ സുവിശേഷപ്രേഘോഷണത്തിന്‍റയും രക്തസാക്ഷിത്വത്തിന്‍റയും പ്രശസ്തി മലബാര്‍ പ്രേദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രേദേശത്തു ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ എന്നും മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യയില്‍ മാത്രമേ വിശ്വസികള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന പേരില്‍ അറിയപ്പെടുന്നുള്ളു എന്നത് പ്രത്യകം എടുത്തു പറയേണ്ട വസ്തുതയാണ്. മാത്രമല്ല അവരുടെ ഇടയില്‍ തോമ്മാശ്ലീഹായുടെ പേരിലുള്ള ധാരാളം പള്ളികള്‍ ഉണ്ട്; അനേകം വിശ്വാസികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാമ്മോദീസായുടെ  സമയത്ത് തോമസ് എന്ന പേര് നല്കുകയും ചെയ്യുന്നു.9 


1952 ഡിസംബര്‍ 31-ാം തിയതി മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്‍റെ 19-ാം ശത വാര്‍ഷികാഘോഷത്തിന്‍റെ അവസരത്തില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു:
നിങ്ങളുടെ രാജ്യത്ത് തോമ്മാശ്ലീഹാ വരികയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സമ്പൂര്‍ണ്ണസ്വയാര്‍പ്പണത്തിലൂടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് 19 ശതാബ്ദങ്ങള്‍ കടന്നുപോയി. അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദൈവികശക്തി അതിശക്തമായിരുന്നു. ഇന്ത്യ പാശ്ചാത്യപ്രദേശത്തുനിന്നും വേര്‍തിരിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകളില്‍ വേദനാജനകമായ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടും അപ്പസ്തോലന്‍ സ്ഥാപിച്ച ക്രിസ്തീയസമൂഹങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച പൈതൃകം അഭംഗുരം കാത്തുസൂക്ഷിച്ചു. 15 ാം നൂറ്റാണ്ടിന്‍റെ അവസാനം സമുദ്രംവഴി  പാശ്ചാത്യക്രൈസ്തവരുമായി ഒരു ബന്ധം ഉണ്ടായപ്പോള്‍ ഏതദ്ദേശക്രിസ്ത്യാനികളുടെ അവരുമായുള്ള ഐക്യം സ്വമേധയാ ഉള്ളതായിരുന്നു. 

ഈ ശ്ലൈഹികബന്ധം, പ്രിയപ്പെട്ട പുത്രീപുത്രډാരെ, അപ്പസ്തോലന്‍റെ പേരില്‍ മഹത്ത്വം കൊള്ളുന്ന നിങ്ങളില്‍ അനേകം പേരുടെ അസൂയാവഹമായ ആനുകൂല്യമാണ് (മുതല്‍ക്കൂട്ടാണ്). ഇത് അംഗീകരിക്കുകയും ഇതിനു സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നതില്‍ നാം സന്തുഷ്ടനാണ്. അനേകം സത്ക്കര്‍മ്മങ്ങളാല്‍ പൂവണിയുന്ന അവരുടെ സജീവപ്രവര്‍ത്തനവും ശ്ലൈഹികചൈതന്യവും അതിനോട്  ഭാരതകത്തോലിക്കാസഭ ക്രിസ്തുരാജ്യത്തിനുവേണ്ടിയുള്ള അനേകം വൈദികര്‍ക്കും കന്യകമാര്‍ക്കും കടപ്പെട്ടിരിക്കുന്നു.  തുടര്‍ന്നും നിങ്ങളുടെ സ്വഭാവത്തിന്‍റെ ഭാഗമായിരിക്കുമെന്നും മതജീവിതത്തിന്‍റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.10 


ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ വന്നപ്പോള്‍ 1986 ഫെബ്രുവരി 5-ാം തിയതി പ്രസ്തുത കബറിടം സന്ദര്‍ശിക്കുകയും അവിടെവച്ച് ഒരു ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തു. ڇഅവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാംڈ (യോഹ.11:11) എന്ന അപ്പസ്തോലന്‍റെ വാക്യം ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു:
പാരമ്പര്യമനുസരിച്ച് ഇപ്പോള്‍ മാര്‍ത്തോമ്മാമലയെന്നറിയപ്പെടുന്ന ഇതേ സ്ഥലത്തുവെച്ചുതന്നെ ഭാരതത്തിന്‍റെ വലിയ അപ്പസ്തോലന്‍ അദ്ദേഹത്തിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കി. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇവിടെ മദ്രാസില്‍ വിശുദ്ധ തോമസ് ക്രിസ്തുവിനുവേണ്ടി മരിച്ചു. ഒരു രക്തസാക്ഷിയെന്ന നിലയില്‍ ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി അവിടുന്ന് തന്‍റെ ജീവിതം സമര്‍പ്പിച്ചു.11


ഭാരതത്തിലെ മൂന്നു കത്തോലിക്കാ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ചു വത്തിക്കാന്‍ സെക്രട്ടറിയേറ്റിന്‍റെ അന്നത്തെ തലവനായിരുന്ന ആഞ്ചലോ സൊഡാനോ അധ്യക്ഷനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ച കമ്മീഷന്‍ ചരിത്രപരവും ദൈവശാസ്ത്രപരവും കാനോനികവുമായ ഗഹനമായ ഒരു പഠനം നടത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1987 മെയ് 28 ാം തിയതി സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ڇനീതിയും ന്യായവും അനുസരിച്ചുള്ള ഒരു പരിഹാരംڈ ഉറപ്പാക്കുന്നതിനു വേണ്ടി ഇന്ത്യയിലെ എല്ലാ മെത്രാന്‍മാര്‍ക്കും മാര്‍പാപ്പ ഒരു കത്തയച്ചു. ഈ കത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ശ്ലൈഹീക ആരംഭം മാര്‍പാപ്പ സ്ഥിരീകരിച്ചു:
വളരെ പുരാതനകാലംമുതല്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്ന ഒരു പരിഗണനീയമായ ക്രിസ്തീയസമൂഹം തെക്കേയിന്ത്യയില്‍ ഉണ്ടായിരുന്നു. അതിലുപരി മാര്‍ത്തോമ്മാശ്ലീഹാതന്നെ ഇന്ത്യ അതായത് തെക്കേയിന്ത്യയുടെ അന്ത്യഭാഗവും ഇപ്പോള്‍ മദ്രാസ് മൈലാപ്പൂര്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളും സന്ദര്‍ശിക്കുകയും സുവിശേഷവേല നടത്തുകയും ചെയ്തുവെന്ന അതിശക്തമായ പാരമ്പര്യവും ഉണ്ട്. അദ്ദേഹത്തിന്‍റെ നിത്യവിശ്രമസ്ഥലമായി വണങ്ങപ്പെടുന്ന ഒരു കബറിടംപോലും അവിടെയുണ്ട്. തുടര്‍ന്ന് പല സമയങ്ങളിലായി മദ്ധ്യപൗരസ്ത്യദേശത്തുനിന്നും വന്ന മറ്റു ക്രിസ്തീയസമൂഹങ്ങള്‍ ഇന്ത്യന്‍ സഭയെ ശക്തമാക്കി. ഈ ഗ്രൂപ്പുകാര്‍ അവിടെ നേരത്തെയുണ്ടായിരുന്ന സഭയില്‍ ലയിച്ചുചേരുകയാണുണ്ടായത്.12 

1990 ആഗസ്റ്റ് 25-ാം തിയതി സീറോ മലബാര്‍ സീറോ മലങ്കര മെത്രാന്‍മാരുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ശ്ലൈഹീക ആരംഭം സൂചിപ്പിക്കുന്നതിന് ദൈവശാസ്ത്രപരമായി വളരെ ഗഹനമായതും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ളതുമായ ഒരു കാവ്യാത്മക പദപ്രയോഗം മാര്‍പാപ്പ നടത്തുകയുണ്ടായി: സുവിശേഷ വേലയില്‍ സമാശ്വസിക്കപ്പെടുന്നതിനും സ്ഥിരീകരിക്കപ്പെടുന്നതിനുംവേണ്ടി നിങ്ങളിലൂടെ വിശ്വാസത്തില്‍ നിങ്ങളുടെ പിതാവായ തോമസ് പത്രോസിനെ കാണുകയും അദ്ദേഹവുമായി അനോന്യം വിശുദ്ധ ചുംബനം ( കൊറി.13:12) നടത്തുകയും ചെയ്യുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ പറയാവുന്നതാണ്.13  പത്രോസ്  ശ്ലീഹായുടെ പിന്‍ഗാമിയാണ് റോമാ മെത്രാന്‍ എന്നുള്ളതിന് കത്തോലിക്കാ ദൈവശാസ്ത്രത്തില്‍ സംശയമൊന്നുമില്ല. മെത്രാന്‍മാര്‍ അപ്പസ്തോലന്‍മാരുടെ പിന്‍ഗാമികളായിരിക്കുന്നത് പൊതുവായ രീതിയില്‍ ആണെന്നുവരികിലും ഇന്ത്യയിലെ പൗരസ്ത്യ മെത്രാന്‍മാര്‍ക്ക് വിശ്വാസത്തില്‍ അവരുടെ പിതാവായ തോമ്മാശ്ലീഹായുമായുള്ള പ്രത്യേക ബന്ധം അനിഷേധ്യമായ ഒരു കാര്യമാണ്. അതുകൊണ്ടാണ് മാര്‍പാപ്പ ഇന്ത്യയിലെ പൗരസ്ത്യ മെത്രാന്‍മാരും താനും തമ്മിലുള്ള കൂടിക്കാഴ്ചയെ പത്രോസും തോമസും തമ്മിലുള്ള ഒരു കണ്ടുമുട്ടലിനോട് സമുചിതമായ രീതിയില്‍ താരതമ്യപ്പെടുത്തിയത്.

സീറോ മലബാര്‍സഭയെ വലിയ മെത്രപ്പൊലീത്തന്‍ സഭയുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് 1992 ഡിസംബര്‍ 16-ാം തീയതി പുറപ്പെടുവിച്ച അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനില്‍ മാര്‍പാപ്പ ഈ സഭ നിരന്തരമായ പാരമ്പര്യമനുസരിച്ച് മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിന്‍റെ ഫലമായി ഉത്ഭവിച്ചതാണെന്ന് അംഗീകരിക്കുന്നു.  സാര്‍വ്വത്രിക സഭയ്ക്കുവേണ്ടിയുള്ള ഒരു അപ്പസ്തോലിക ലേഖനത്തില്‍ മാര്‍പാപ്പ ഭാരതീയ പാരമ്പര്യം അംഗീകരിച്ചുവെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. രണ്ടായിരാമാണ്ടിലെ മഹാജൂബിലിയുടെ ഒരുക്കത്തിനുവേണ്ടി 1994 നവംബര്‍ 10-ാം തീയതി പ്രസിദ്ധീകരിച്ച തിരുവെഴുത്തില്‍ മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: 
ഏഷ്യയെ സംബന്ധിച്ചിടത്തോളം ജൂബിലി പാരമ്പര്യമനുസരിച്ച് ക്രിസ്താബ്ദത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തിയ തോമ്മാശ്ലീഹായെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പടുത്തുന്നു; ഏകദേശം 1500-ാം ആണ്ടുവരെ പോര്‍ട്ടുഗലില്‍ നിന്നുമുള്ള മിഷനറിമാര്‍ അവിടെ  എത്തിയിരുന്നില്ല.15 
വീണ്ടും സീറോ മലബാര്‍ സഭയുടെ റോമില്‍ വച്ചുനടത്തിയ പ്രത്യേക സിനഡിന്‍റെ ഉദ്ഘാടന വേളയില്‍ 1996 ജനുവരി 8-ാം തീയതി സീറോ മലബാര്‍ മെത്രാന്‍മാരോട് പറഞ്ഞ പ്രസംഗത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: തോമ്മാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിന്‍റെ ഫലമായി വിശ്വാസത്തിലേക്കു ജനിച്ച സീറോ മലബാര്‍ സഭ പൗരസ്ത്യ ക്രിസ്തീയതയുടെ നാനാത്വം പ്രകടമാക്കുന്ന സഭാകുടുംബങ്ങളിലൊന്നില്‍ ഉള്‍പ്പെടുന്നു.16  സിനഡിന്‍റെ സമാപനത്തിനുശേഷം സീറോ മലബാര്‍ മെത്രാന്‍മാര്‍ മലങ്കര മെത്രാന്‍മാരോടൊപ്പം ആദ് ലിമിന എന്നറിയപ്പെടുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനു ചെന്നപ്പോള്‍ മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു: നിങ്ങളുടെ പൊതുവായ ഉദ്ഭവം ക്രിസ്തുമതത്തിന്‍റെ ആരംഭത്തിലാണ് എത്തിനില്‍ക്കുന്നത്; അതായത് മഹത്ത്വപൂര്‍ണ്ണനായ തോമ്മാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍.17  അതുപോലെതന്നെ 1999 നവംബര്‍ 6-ാം തീയതി തിയതി പ്രസിദ്ധീകരിച്ച ഏഷ്യയിലെ സഭ എന്ന അപ്പസ്തോലിക ഉപദേശത്തില്‍ മാര്‍പാപ്പ പ്രസാതാവിച്ചു: 
ജറുസലേമില്‍ നിന്നും സഭ അന്ത്യോക്യായിലേയ്ക്കും റോമായിലേയ്ക്കും അതിനപ്പുറത്തേയ്ക്കും വ്യാപിച്ചു. അത് തെക്ക് എത്യോപ്യായിലും വടക്ക് സിന്ധ്യായിലും കിഴക്ക് ഇന്ത്യയിലും എത്തിച്ചേര്‍ന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാരമ്പര്യമനുസരിച്ച് വിശുദ്ധ തോമ്മാശ്ലീഹാ എ. ഡി 52 ല്‍ അവിടെ എത്തുകയും തെക്കേഇന്ത്യയില്‍ ക്രിസ്തീയസമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.  
പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും മാത്രമല്ല, ശ്ലൈഹികലേഖനങ്ങളിലും ആധികാരികമായ അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനുകളില്‍പ്പോലുമുള്ള ഇത്തരത്തിലുള്ള നിരന്തരവും യുക്തിയുക്തവുമായ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ചിടുത്തോളം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭയുടെ ശ്ലൈഹിക ഉത്ഭവം വിശ്വസനീയവും അംഗീകരിക്കപ്പെടുന്നതുമായ ഒരു വസ്തുതയാണ്.

Notes

 1. Cf. C. Dognini–I. Ramelli, Gli Apostoli in India nella patristica e nella letteratura sanscrita, Milano 2001, 13-43; S. H. Moffett, A History of Christianity in Asia, Volume I: Beginnings to 1500, New York 1998, 31-32; S. Neill, A History of Christianity in India: The Beginnings to AD 1707, Cambridge 1984, 30-32; L. Brown, The Indian Christians of St Thomas, Cambridge 1982, 59-62; A. C. Perumalil, The Apostles in India, Fact or Fiction? Patna 1971, 3-33; P. Malekandathil, “St. Thomas Christians: A Historical Analysis of Their Origin and Development up to the 9th Century AD”, in B. Puthur, ed., St. Thomas Christians and Nambudiris, Jews and Sangam Literature, Kochi 2003, 20-25.
 2. For more than thirty patristic texts and their authoritative critical hermeneutics, see G. Nedungatt, Quest for the Historical Thomas Apostle of India, 177-253; for patristic tradition see also, X. Koodapuzha, Christianity in India, Kottayam 1998, 33-37; C. Dognini–I. Ramelli, Gli Apostoli in India, 61-66; L. Zaleski, Apostle Thomas in India: History, Tradition and Legend, Mangalore 1912, 39-45; A. C. Perumalil, The Apostles in India, 43-51; J. Puliurumpil, St Thomas in India: Patristic Evidences, Kottayam 2012, 216-315.
 3. For details, see S. H. Moffett, A History of Christianity in Asia, 26-30; B. Vadakkekara, Origin of India’s St Thomas Christians, 162-177; for a critical analysis of Acta Thomae, A. E., Medleycott, India and Apostle Thomas, 213-297; G. Nedungatt, Quest for the Historical Thomas Apostle of India, 81-96.
 4. Paulino da S. Bartolomeo, Viaggio alle Indie Orientali, Roma 1796, 59-60.
 5. For more about the tomb and its significance, see A. M. Mundadan, History of Christianity in India, vol. 1, Bangalore 1984, 49-60; B. Vadakkekara, Origin of India’s St Thomas Christians, 149-157 & 282-286; G. Nedungatt, Quest for the Historical Thomas Apostle of India, 304-333; cf also, A. E. Medlycott, India and the Apostle Thomas, 69-100; L. Zaleski, Apostle Thomas in India, 71-86; A. C. Perumalil, The Apostles in India, 58-64.
 6. Cf. T. Puthiakunnel “Jewish Colonies of India Paved the Way for St Thomas”, in J. Vellian, ed., The Malabar Church, OCA 186, Rome 1970, 187-191; L. Zaleski, Apostle Thomas in India, 200-202; L. Brown, The Indian Christians of St Thomas, 62-63; for the early presence of Jews in Kerala, see also the article of P. M. Jussay, “The Jews in Kerala”, in B. Puthur, ed., St. Thomas Christians and Nambudiris, Jews and Sangam Literature, Kochi 2003, 126-137.
 7. Pantaenus left behind nothing in writing, but we know about his visit from the reports of Eusebius of Caesarea and St. Jerome. See PG 20, 456 and PL 22, 667 respectively. For a correct interpretation of these texts, see G. Nedungatt, Quest for the Historical Thomas Apostle of India, 181-182.
 8. Pope Leo XIII, Humanae salutis auctor, in Leonis XIII, Pontificis Maximi Acta, vol. 5, Romae 1886, 165; IRD, 152-155.
 9. Pius XI, the apostolic constitution Romani pontifices, AAS 7 (1924) 258; IRD, 208-209.
 10. Pope Pius XII, Nuntius Radiophonicus, AAS 45 (1953) 96-97.
 11. Insegnamenti di Giovanni Paolo II, IX. 1, Città del Vaticano 1986, 325.
 12. IRD, 246. This letter has not been published in any of the official organs of the Holy See.
 13. AAS 83 (1991) 198; see also L’Osservatore Romano, 26 August 1990.
 14. Apostolic constitution Quae maiori, AAS 85 (1993) 398-399.
 15. Pope John Paul II, Tertio millennio adveniente, 10 November 1994, no. 25, AAS 87 (1995) 21.
 16. L’Osservatore Romano, lunedì-martedì 8-9 gennaio 1996, 4.
 17. L’Osservatore Romano, venerdì 19 gennaio 1996, 5.
 18. Pope John Paul II, Ecclesia in Asia, no. 9, AAS 92 (2000) 460.Copyright Archdiocese of Changanacherry l All Rights Reserved