വിഭൂതി തിങ്കള്‍

Sunday 12 February 2017

വിഭൂതി തിങ്കള്‍

1. ചരിത്രം - വലിയ നോമ്പിന് ഒരുക്കമായി ചാരം പൂശുന്ന പതിവ് 8-ാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയിലാണ് ആരംഭിച്ചത്. ലത്തീന്‍ സഭയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് സീറോമലബാര്‍ സഭയില്‍ ഈ ആചാരം പ്രവേശിച്ചത്. നോമ്പിലെ ആദ്യബുധനാഴ്ച ചാരം പൂശുന്ന പതിവ് അടുത്ത കാലംവരെ സീറോമലബാര്‍ സഭയില്‍ തുടര്‍ന്നുപോന്നു. എന്നാല്‍ അതില്‍ യുക്തിഭംഗം ഉണ്ടായിരുന്നു. ലത്തീന്‍ സഭാകലണ്ടറനുസരിച്ച് സീറോ മലബാര്‍ സഭയിലെ നോമ്പിന്‍റെ രണ്ടാം ഞായറാണ് അവരുടെ ഒന്നാം ഞായര്‍. അതുകൊണ്ട് അവര്‍ ബുധനാഴ്ച ചാരം പൂശി നോമ്പാരംഭിക്കുന്നത് യുക്തമാണ്. എന്നാല്‍ സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച് ചാരബുധനാഴ്ചയുടെ തലേ ഞായറാഴ്ചയാണ് നോമ്പിന്‍റെ ഒന്നാം ഞായര്‍. ഞായറാഴ്ച പാതിരാത്രിക്ക് നോമ്പാരംഭിക്കുന്നതിനാല്‍ പിറ്റേദിവസം തിങ്കളാഴ്ചയാണ് സീറോമലബാര്‍ വിശ്വാസികള്‍ ചാരംപൂശല്‍ നടത്തേണ്ടത്. ഈ തിരിച്ചറിവോടു കൂടി ഇപ്പോള്‍ തിങ്കളാഴ്ചയാണ് വിഭൂതിയുടെ കര്‍മ്മങ്ങള്‍ സീറോ മലബാര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നത്. 
2. ശിരസ്സില്‍ പൂശുന്നതിനുള്ള ഭസ്മം ഉണ്ടാക്കുന്നതിന് തലേവര്‍ഷം ഓശാനഞായറാഴ്ച ആശീര്‍വ്വദിച്ച കുരുത്തോല ഉപയോഗിക്കുന്നത് അഭികാമ്യമാണ്. 
3. വിശുദ്ധഗ്രന്ഥ വായനയ്ക്കു ശേഷമാണ് കാര്‍മ്മികന്‍ ഭസ്മം ആശീര്‍വ്വദിക്കുന്നത്. തയ്യാറാക്കിയ ഭസ്മത്തോടൊപ്പം വച്ചിരിക്കുന്ന ആശീര്‍വ്വദിച്ച ഓല കത്തിച്ച് അതിന്‍റെ ചാരം ഭസ്മത്തോട് കലര്‍ത്തുന്നു. തുടര്‍ന്ന്, പ്രാര്‍ത്ഥന ചൊല്ലി വിശുദ്ധജലം തളിച്ച് ഭസ്മം ധൂപിക്കുന്നു. 
4. കാര്‍മ്മികന്‍ ആദ്യം സ്വന്തം നെറ്റിയിലും തുടര്‍ന്ന് വിശ്വാസികളുടെ നെറ്റിയിലും ഭസ്മം പൂശുന്നു.

ദേവാലയത്തിലെ ഒരുക്കങ്ങള്‍

1. ഭസ്മം തയ്യാറാക്കി വയ്ക്കുക
2. കാറാപ്പും ധൂപക്കുറ്റിയും ഉണ്ടായിരിക്കണം
3. കാര്‍മ്മികന് കരങ്ങള്‍ കഴുകാനുള്ള വെള്ളം, സോപ്പ്, ടവല്‍ എന്നിവ കരുതിവയ്ക്കണം.

ഓര്‍ക്കേണ്ട കാര്യങ്ങള്‍

1. വലിയ നോന്പിലെ ആദ്യദിനം 
2. ഇന്നേ ദിവസം ഉപവാസദിനമാണ്. ഉപവാസദിവസം ഒരുനേരം മാത്രമാണ് പൂര്‍ണ്ണമായും ഭക്ഷണം കഴിക്കാവുന്നത്.ആരോഗ്യസ്ഥിതി അനുവദിക്കുന്നിടത്തോളം മാത്രമേ നോമ്പും ഉപവാസവും സ്വീകരിക്കാന്‍ സഭ അനുവദിക്കുന്നുള്ളു. 
3. നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും ദിനങ്ങള്‍ പ്രായ്ശ്ചിത്തത്തിലേക്ക് നയിക്കുന്നുവെങ്കിലും പരോപകാരപ്രവര്‍ത്തനങ്ങള്‍ക്കായി സമയവും സമ്പത്തും വിനിയോഗിക്കുമ്പോഴാണ് അവ പൂര്‍ണ്ണമാകുന്നത്.

✍️ Noble Thomas Parackal