സദസ് കള്‍ച്ചറല്‍ അക്കാഡമി

Sunday 12 February 2017

ചങ്ങനാശ്ശേരി അതിരൂപതയിലെ കലാ-സാംസ്കാരിക രംഗത്തിന് പുത്തനുണർവ് പകരാനും അതിലൂടെ ആദ്ധ്യാത്മികതയുടെ ഒരു വഴിത്താര വെട്ടിതുറക്കുവാനും അഭിവന്ദ്യ ആർച്ചുബിഷപ്പ് മാർ ആന്‍റണി പടിയറയും വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ജോസഫ് കരിമ്പാലിലച്ചനും അത്യധികം ആഗ്രഹിച്ചു. യുവവൈദികനായ തൈക്കാട്ടുശ്ശേരിയിൽ ബഹുമാനപ്പെട്ട തോമസ് അച്ചന്‍റെ കലാഭിരുചിയും  കഴിവുകളും മനസ്സിലാക്കിയ അവർ പരിപക്വമായ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തെ സംഗീതപഠനത്തിനു തിരുവനന്തപുരത്തേക്ക് അയക്കുവാൻ തീരുമാനിച്ചു. 1985 ജൂൺ പതിനഞ്ചാം തീയതി അച്ചൻ തിരുവനന്തപുരം ലൂർദ് പള്ളിയിൽ അസിസ്റ്റന്‍റ് ആയി സേവനം ആരംഭിക്കുകയും അതോടൊപ്പം ഗാനഗന്ധർവൻ ശ്രീ യേശുദാസിന്‍റെ ശിഷ്യനായി അദ്ദേഹത്തിന്റെ സംഗീത അക്കാദമിയിൽ പഠനം ആരംഭിക്കുകയും ചെയ്തു. നൈസർഗിക വാസന വേണ്ടുവോളമുള്ള ബഹുമാനപ്പെട്ട തോമസ് അച്ചന് വിവിധ അധ്യാപകരിൽനിന്ന് ശാസ്ത്രീയ സംഗീതത്തിലും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം നേടുവാൻ പ്രയാസമുണ്ടായില്ല. നാലു വർഷത്തെ പഠനം സമർത്ഥമായി പൂർത്തിയാക്കിയ ശേഷം അദ്ദേഹം യേശുദാസില്‍ നിന്നും കലാപ്രതിഭാ ബഹുമതി നേടുകയുണ്ടായി. 

പഠനം പൂർത്തിയാക്കി ചങ്ങനാശേരിയിൽ തിരിച്ചെത്തിയ ബഹുമാനപ്പെട്ട തൈക്കാട്ടുശ്ശേരി അച്ഛനെ അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്ത രൂപതയിൽ പുതുതായി ആരംഭിച്ച കൾച്ചറൽ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചു. ഈ സ്ഥാപനത്തിന്റെ പിന്നീട് സദസ് എന്ന് നാമകരണം ചെയ്യുകയുണ്ടായി. School of Arts, Drama, Architecture and Singing എന്ന പദസമുച്ചയത്തിന്‍റെ സംക്ഷിപ്ത രൂപമാണ് സദസ്. ഇത് മനസിലാക്കിയാൽ മാത്രമേ ഈ കൊച്ചു വാക്ക് ഉൾക്കൊള്ളുന്ന ആശയഗാംഭീര്യവും സേവന വ്യാപ്തിയും മനസ്സിലാക്കാൻ കഴിയൂ. Changanacherry Sadas Theatre and Orchestra  എന്ന പദസംഘാതത്തിലെ SADAS എന്ന വാക്കും മറ്റു പദങ്ങളിലെ ആദ്യാക്ഷരങ്ങളും സമീചീനമായി കോർത്തിണക്കി ഒരു സംഗീതോപകരണത്തിന്‍റെ ആകൃതിയിൽ രൂപകൽപന ചെയ്തിട്ടുള്ളത് ഈ അക്കാദമിയുടെ ഔപചാരിക ചിഹ്നം. 

1990 മെയ് 20 മുതൽ 31വരെ അതിരൂപതാ പാസ്റ്ററൽ സെന്‍ററിൽ വച്ച് നടന്ന സംഗീത പരിശീലനം അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തതോടുകൂടി ഈ വിദ്യാലയം പ്രവർത്തനസജ്ജമായി. വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന സംഗീത നിര്‍ത്ധരിയെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിജ്ഞാനത്തിന്റെയും തെളിനീരൊഴുകുന്ന സംഗമവേദിയായി രൂപപ്പെടുത്താൻ ഈ വിദ്യാലയം പരിശ്രമിക്കുന്നു. ജാതിമതഭേദമന്യേ കലാഭിരുചിയുള്ള വിദ്യാർഥികളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കൾച്ചറൽ അക്കാദമി മുന്നിൽക്കാണുന്ന സേവനമേഖലകൾ വിശാലവും വൈവിധ്യമാർന്നവയുമാണ്. അതിൽ ചിലതുമാത്രം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ 

1. സംഗീതം ശാസ്ത്രീയമായി പഠിക്കുവാൻ വേദിയൊരുക്കുക 
2. അതിരൂപത ഗായകസംഘം ചിട്ടപ്പെടുത്തി എടുത്ത് വിശേഷാവസരങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കുക 
3. കലാഭിരുചിയുള്ള യുവജനങ്ങൾക്ക് കലയുടെ എല്ലാ വിഭാഗങ്ങളിലും പരിശീലനം നൽകുക 
4. ഒരു നല്ല ഗാനമേള ട്രൂപ്പ് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സജ്ജീകരിക്കുക 
5. ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ നടത്തുക 
6. വൈദികർക്കും സിസ്റ്റേഴ്സിനും ലിറ്റർജിക്കൽ ഗാനങ്ങളിൽ പരിശീലനം നൽകുക 
7. കേരളാടിസ്ഥാനത്തിൽ പ്രൊഫഷണൽ അമച്വർ കലാസമിതികളുടെ നാടക മത്സരം സംഘടിപ്പിക്കുക