ഉപവാസപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം

Thursday 01 January 1970

 

സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവപീഡനങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും ദൈവം ഇടപെടുന്നതിന് അതിരൂപതാംഗങ്ങളെല്ലാവരും ഈ വെള്ളിയാഴ്ച ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. 'ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക' എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോ എന്ന് നല്ലവരായ സഭാമക്കള്‍ ഭയക്കുന്നു. സ്നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും. അത് തകരുവാന്‍ നാമനുവദിക്കരുത്.

 

പുറത്തുനിന്നുള്ള ഭീഷണികളും പീഡനങ്ങളും സഭയ്ക്ക് എക്കാക്കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ അടുത്തകാലത്തുണ്ടായിട്ടുള്ള ക്രൈസ്തവ പീഡനങ്ങള്‍ പലതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഉജ്ജൈന്‍ രൂപതയുടെ ആശുപത്രിക്കെതിരായ ആക്രമണം. ഇന്ത്യയുടെ മതേതരത്വവും മതസഹിഷ്ണുതയും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷാവകാശങ്ങളും മതസ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്നു. അക്രമരാഷ്ട്രീയം ശക്തി പ്രാപിക്കുന്നു. സ്വച്ഛന്ദമായ ജീവിതവും സഹകരണസമീപനവും അസാധ്യമാക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു.

 

ഇപ്രകാരം അകത്തുനിന്നും പുറത്തുനിന്നും ആവിര്‍ഭവിക്കുന്ന വിരുദ്ധശക്തികളെ അതിജീവിക്കാനും സമാധാനവും സാഹോദര്യവും വളര്‍ത്തുവാനും ദൈവത്തിന്‍റെ സഹായം ആവശ്യമാണ്. ഉപവാസപ്രാര്‍ത്ഥനയിലൂടെ അതിരൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ച നിരവധി സംഭവങ്ങള്‍ സഭാചരിത്രത്തില്‍ കാണാന്‍ കഴിയും. കര്‍ത്താവിന്‍റെ പീഡാസഹനത്തെ ധ്യാനിക്കുന്ന നോമ്പുകാലമാണിത്. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിന്‍റെ ദിവസങ്ങള്‍ തന്‍റെ അനുയായികള്‍ക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പു ഞായറാഴ്ച ഉണ്ടാകുമെന്നത് നിശ്ചയമാണ്.

 

സ്വന്തം മക്കളില്‍നിന്നുള്ള പീഡനമാണ് സഭാമാതാവിനെ ഏറെ വേദനിപ്പിക്കുന്നത്. ആ ചരിത്രവും ആവര്‍ത്തിക്കപ്പെടും. ഗദ്സെമനിയില്‍ രക്തം വിയര്‍ക്കുവോളം തീഷ്ണതയോടെ പ്രാര്‍ത്ഥിച്ച ഈശോയോടൊപ്പം, ഒരു വെള്ളിയാഴ്ച 12 മണിമുതല്‍ 3 മണി വരെ കുരിശില്‍ തറയ്ക്കപ്പെട്ട് വേദന സഹിച്ച് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തിന് പരിഹാരം ചെയ്ത് മരിച്ച ദൈവപുത്രനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. സഭയിലും സമൂഹത്തിലും, നമ്മുടെ രാജ്യത്തും ലോകം മുഴുവനിലും സ്നേഹവും സമാധാനവും കൈവരാന്‍, സഭയില്‍ അച്ചടക്കവും അനുസരണവും നിലനില്ക്കാന്‍, പ്രത്യേകിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന നമ്മുടെ മാതൃസഭയായ സീറോമലബാര്‍ സഭ ഐക്യത്തില്‍ ഏകമനസ്സോടെ മുന്നേറാന്‍ ദൈവകൃപയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ വെള്ളിയാഴ്ച എല്ലാ അതിരൂപതാംഗങ്ങളും ഇടവകപ്പള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ചു ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥിനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണം.

-ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം