131-ാമത് അതിരൂപതാദിനാഘോഷം

Monday 30 April 2018

131-ാമത് അതിരൂപതാദിനാഘോഷം

 

പ്രിയ ബഹു. വൈദികരേ, സമര്‍പ്പിതരേ, സഹോദരങ്ങളേ,

 

131-ാമത് അതിരൂപതാദിനം ഈ വര്‍ഷം മെയ് 19-ന് നാം ആചരിക്കുകയാണ്. മെയ് 20 ഞായറാഴ്ചയായതിനാലാണ് മെയ് 19-ലേക്ക് ഈ ആചരണം മാറ്റാനിടയായത്. തുരുത്തി മര്‍ത്ത് മറിയം ഫോറോനാ പള്ളിയില്‍വെച്ച് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ നടക്കുന്ന അതിരൂപതാദിനാഘോഷത്തിലേക്ക് അതില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

''അതിരൂപതയില്‍ നാം ഒരു കുടുംബം'' എന്നത് അന്വര്‍ത്ഥമാകത്തക്കവിധം എല്ലാ വൈദികരും സമര്‍പ്പിതരുടെ പ്രതിനിധികളും എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും മറ്റു ക്ഷണിതാക്കളും ആദ്യന്തം സംബന്ധിച്ച് അതിരൂപതാ കുടുംബസമ്മേളനം വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും കൃത്യസമയത്തെത്തുവാനും അവസാനം വരെ പങ്കെടുക്കാനും ബഹു. വികാരിയച്ചന്മാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

 

തുരുത്തി ആലഞ്ചേരി കുടുംബാംഗമായ വന്ദ്യ ബര്‍ണാര്‍ദ് തോമ്മാ ടി.ഒ.സി.ഡി. (1858-1940) അച്ചന്റെ അനുസ്മരണയ്ക്കായി സമ്മേളന സ്ഥലത്തിന് 'ഫാ. ബര്‍ണാര്‍ദ് തോമ്മാ നഗര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 'മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍' എന്ന പേരില്‍ മാര്‍ത്തോമ്മാനസ്രാണികളുടെ ബൃഹത്തായ ചരിത്രം രചിച്ച വിഖ്യാതനായ ചരിത്രകാരനും സുറിയാനിഭാഷാ മല്പാനും ദീപികയുടെ പത്രാധിപരും

അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ബര്‍ണാര്‍ദച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ അഭിമാനപുത്രനും മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് അവിസ്മരണീയനുമാണ്.

 

131-ാം അതിരൂപതാദിനാചരണം പല വിധത്തില്‍ ശ്രദ്ധേയമാവുകയാണ്. കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് ഈ വര്‍ഷം യുവജനവര്‍ഷമായി ആചരിക്കയാണല്ലോ. യുവജനങ്ങള്‍ വിശ്വാസത്തില്‍ അടിയുറച്ച് തങ്ങളുടെ വിളി തിരിച്ചറിഞ്ഞ്, സഭയോടൊത്ത് ചിന്തിക്കാനും സഭയോടൊത്ത് ജീവിക്കാനും സഭയുടെ പ്രേഷിത ദൗത്യത്തില്‍ പങ്കു ചേരാനും പ്രാപ്തരാകണം. അതനുസരിച്ചുള്ള പരിശീലനം യുവജനങ്ങള്‍ക്കു ലഭിക്കണം. ഓരോ ഇടവകയും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. അതിരൂപതയിലെ യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും

അവയോട് എല്ലാവരും സഹകരിക്കണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. യുവജനവര്‍ഷം പ്രമാണിച്ച് മികവു തെളിയിച്ച യുവകര്‍ഷകന്‍, യുവസംരംഭകന്‍, യുവകലാകാരന്‍ എന്നിവരെ അതിരൂപതാദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നതാണ്. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന ഭിന്നശേഷിയുള്ള വ്യക്തികളെയും പ്രത്യേകമായി ആദരിക്കുന്നതാണ്.

 

പഞ്ചവത്സര അജപാലനപദ്ധതിയുടെ ഭാഗമായി 131-ാം അതിരൂപതാദിനം പ്രമാണിച്ച് കുറഞ്ഞത് 131 ഭവനങ്ങളെങ്കിലും വീടില്ലാത്തവര്‍ക്കായി നിര്‍മ്മിച്ചു നല്‍കണമെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ 157

ഭവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. കൂടാതെ 330 വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കാനും 63 പേര്‍ക്ക് ചുരുങ്ങിയത് 3 സെന്റ് സ്ഥലം വീതം നല്‍കാനും സാധിച്ചു. ആകെ 9 കോടിയോളം രൂപ ഇപ്രകാരം ചെലവഴിക്കപ്പെട്ടിട്ടുണ്ട്. സ്ഥലം നല്‍കിയും പണം നല്‍കിയും മറ്റു വിധത്തിലും സഹകരിച്ച ഇടവകകളെയും വ്യക്തികളെയും നേതൃത്വം നല്‍കിയ വൈദികരെയും അഭിനന്ദിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യുന്നു.

 

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാരുമായി ചേര്‍ന്ന് ഈ വര്‍ഷം 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കയാണ്. സണ്ടേസ്‌കൂള്‍, റെഗുലര്‍സ്‌കൂള്‍, ചാസ്സിന്റെ അയല്‍ക്കൂട്ടങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയിലൂടെ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇടവകതലത്തില്‍ ബഹു. വികാരിയച്ചന്മാര്‍ ഇതിന് നേതൃത്വം നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. അതിരൂപതാദിനത്തില്‍

പങ്കെടുക്കുന്ന എല്ലാ ഇടവകയ്ക്കും നാട്ടുമാവിന്റെ തൈ സമ്മാനമായി നല്‍കുന്നതാണ്.

 

ഇടവകതല അതിരൂപതാദിനാചരണം മെയ് 13 ഞായറാഴ്ച

മെയ് 13 ഞായറാഴ്ച ഇടവകതലത്തില്‍ അതിരൂപതാദിനാചരണം നടത്തേണ്ടതാണ്. അന്നേദിവസം അതിരൂപതയുടെ പൊതുനിയോഗത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അതിരൂപതാ ആന്തം

ഇടവകസമൂഹം ഒന്നുചേര്‍ന്ന് ആലപിക്കുകയും അതിരൂപതയില്‍ നാമൊരു കുടുംബം എന്ന സന്ദേശം പ്രഘോഷിച്ചുകൊണ്ട് പേപ്പല്‍ പതാക ഉയര്‍ത്തുകയും ചെയ്യേണ്ടതാണ്. മെയ് 20-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദൈവസ്തുതിഗീതവും അതിരൂപതാ ആന്തവും ആലപിച്ച് പതാക താഴ്‌ത്തേണ്ടതുമാണ്.

 

മെയ് 19-ന് അതിരൂപതാദിനം ആചരിച്ച് പെന്തക്കുസ്താ തിരുനാളാഘോഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. പെന്തക്കുസ്താ തിരുനാളിലാണല്ലോ സഭാപ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചത്. സഭാകൂട്ടായ്മ ദൃശ്യമായത് അന്നാണ്. ഒരു വിധത്തില്‍ സഭയുടെ ജന്മദിനമായിരുന്നു അത്. ഈ വര്‍ഷം പെന്തക്കുസ്താതിരുനാള്‍ മെയ് 20 ആയതു കൊണ്ട് നമ്മുടെ അതിരൂപതയുടെ ജന്മദിനവുമായി ഒത്തുവന്നിരി

ക്കുന്നു. നമ്മുടെ അതിരൂപതയ്ക്ക് ഇതൊരു പുതിയ പെന്തക്കുസ്താ അനുഭവം ആകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

 

എല്ലാവര്‍ക്കും പെന്തക്കുസ്തായുടെയും അതിരൂപതാദിനത്തിന്റെയും ആശംസകള്‍ നേരുന്നു.

 

സ്‌നേഹപൂര്‍വ്വം,

ആര്‍ച്ചുബിഷപ്പ്  ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത