അധികാരഭ്രമമില്ലാത്ത സമുദായനേതാവ്

Tuesday 09 October 2018

ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 - 1969) 49-ാം ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം
 
കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, അധികമാർക്കും അറിയാത്ത ചില സ്വകാര്യ സംഭവങ്ങൾ ചരിത്രരേഖകളുടെ പിൻബലത്തിൽ വിവരിച്ചുകൊണ്ട് കാവുകാട്ടുതിരുമേനിയുടെ പുണ്യജീവിതത്തിലേക്ക് വെളിച്ചംവീശുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

മെത്രാൻപദവി മൂന്നുവട്ടം നിരസിച്ച സഭാസ്നേഹി

വളരെ വിസ്തൃതമായിരുന്ന ചങ്ങനാശേരി രൂപത വിഭജിച്ച് പാലാ കേന്ദ്രീകൃതമായി മറ്റൊരു രൂപത സ്ഥാപിക്കാൻ 1940 കളിൽ മാർ ജെയിംസ് കാളാശേരി മെത്രാൻ നടപടികൾ ആരംഭിക്കുകയും, 1949 ൽ ആ നീക്കം അവസാനഘട്ടത്തിൽ എത്തുകയും ചെയ്തിരുന്നു. പുതിയ രൂപതയുടെ മെത്രാനായി കാളാശേരി പിതാവ് ശുപാർശ ചെയ്തിരുന്ന മൂന്നു പേരിൽ ഒരാൾ ഫാ. മാത്യു കാവുകാട്ടായിരുന്നു. എന്നാൽ കാളാശേരി തിരുമേനിയുടെ ആകസ്മിക നിര്യാണം മൂലം രണ്ടു മെത്രാന്മാരെ കണ്ടെത്തേണ്ട സ്ഥിതിസംജാതമായി. പുതിയ പട്ടികയിലും കാവുകാട്ടച്ചൻ പ്രഥമ സ്ഥാനത്ത് പരിഗണിക്കപ്പെട്ടു.
മേൽപട്ടസ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുണ്ടെന്ന് ഔദ്യോഗികതലത്തിൽ അറിയാൻ ഇടയായപ്പോൾ, കാവുകാട്ടച്ചൻ ഡൽഹിയിലുള്ള വത്തിക്കാൻ പ്രതിനിധിക്ക് ഒരു കത്തയച്ചു. തന്റെ അനാരോഗ്യവും അയോഗ്യതയും കണക്കിലെടുത്ത് മെത്രാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എന്നിരുന്നാലും പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. 1950 ആഗസ്റ്റ് 7 ന് കാവുകാട്ടച്ചന് ഡൽഹിയിൽ നിന്നും ഒരു കമ്പി സന്ദേശം എത്തി. ചങ്ങനാശേരി രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള രഹസ്യ അറിയിപ്പായിരുന്നു അത്. നിയമനവാർത്ത ഇനിയും പരസ്യമാകാത്ത സ്ഥിതിക്ക് നിയമനം ഒഴിവാക്കാൻ ഒരു ശ്രമം കൂടി നടത്താൻ കാവുകാട്ടച്ചൻ തീരുമാനിച്ചു. പുതുതായി നിയമിക്കപ്പെടുന്ന രണ്ടു മെത്രാന്മാരും പാലാക്കാരായിരിക്കും എന്ന രീതിയിൽ ചില മുറുമുറുപ്പുകൾ ഉയരുന്ന പശ്ചാത്തലം കൂടി മനസിലാക്കിയാണ് കാവുകാട്ടച്ചൻ വീണ്ടും ഡൽഹിക്ക് കത്തെഴുതിയത്.
ആ കത്തിനുള്ള മറുപടി രണ്ടാഴ്ചക്കു ശേഷം ആഗസ്റ്റ് 23 ന് ലഭിച്ചു. എല്ലാം ദൈവഹിതത്തിന് വിട്ടുകൊടുക്കണമന്നായിരുന്നു ഡൽഹിയിൽ നിന്നുള്ള മറുപടി. ചങ്ങനാശേരിയിലെ പ്രാദേശികസഭയുടെ നന്മയ്ക്കും ഐക്യത്തിനും തന്റെ നിയമനം അനുകൂലമാകുമോ എന്ന സന്ദേഹം മൂലം തന്റെ ഭാഗം ഒരിയ്ക്കൽ കൂടി വിശദീകരിച്ചു കൊണ്ട് കാവുകാട്ടച്ചൻ വത്തിക്കാൻ പ്രതിനിധിക്ക് മൂന്നാമതും കത്തെഴുതി. തടസ്സവാദങ്ങൾ വിവരിച്ചതിനു ശേഷം, നിയമന ഉത്തരവ് പരസ്യമാക്കുന്നതിനു മുമ്പ് റദ്ദു ചെയ്യണമെന്നായിരുന്നു ആ അവസാനകത്തിൽ അദ്ദേഹം അപേക്ഷിച്ചത്.
ആ കത്തിനുള്ള മറുപടി വരുന്നതിനു മുമ്പു തന്നെ കാവുകാട്ടച്ചനെ ചങ്ങനാശേരി രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. സെപ്റ്റംബർ 9 -ാം തീയതി പുതിയ മെത്രാൻ സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് ചങ്ങനാശേരി അരമനയിലേക്ക് ആനയിക്കപ്പെട്ടു.
ഒടുവിലെഴുതിയ കത്തിനുള്ള മറുപടി ഒരു മാസത്തിനു ശേഷം സെപ്റ്റംബർ 30ാം തീയതി നിയുക്ത മെത്രാന്റെ കയ്യിൽ കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "താങ്കളുടെ നിയമനം പന്ത്രണ്ടാം പിയൂസ് മാർപാപ്പയുടെ സ്പഷ്ടമായ ഹിതമാണ്. ആയതിനാൽ മെത്രാൻസ്ഥാനം സ്വീകരിക്കണം.”
തന്റെ സ്ഥാനലബ്ധിയെക്കാളും സഭയുടെ പൊതുനന്മയ്ക്കും സഭാമക്കളുടെ കൂട്ടായ്മയ്ക്കും മുൻഗണന നൽകിയ സഭാസ്നേഹിയാണ് കാവുകാട്ടു തിരുമേനി. തന്റെ വ്യക്തിപരമായ ഇഷ്ടത്തെക്കാളും സഭാധികാരികളിലൂടെ നിർദ്ദേശങ്ങളെ അനുസരിക്കുന്നതിലാണ് ദൈവഹിതമെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥാനമാനങ്ങൾ നിരസിക്കുന്നതിലോ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിലോ അല്ല യഥാർത്ഥ എളിമ അടങ്ങിയിരിക്കുന്നത്, മറിച്ച് ദൈവഹിതത്തിന് സ്വയം വിട്ടുകൊടുക്കുന്നതിലാണന്ന് കാവുകാട്ടുപിതാവ് നമ്മെ പഠിപ്പിക്കുന്നു.

സീറോ - മലബാർ സഭാദ്ധ്യക്ഷപദവി ത്യജിച്ച മഹാമനസ്കൻ

1923 - മുതൽ സീറോ - മലബാർ ഹയ്യരാർക്കിയുടെ അദ്ധ്യക്ഷ പദവി അലങ്കരിച്ചിരുന്നത് എറണാകുളം അതിരൂപതാദ്ധ്യക്ഷനായ മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലിത്തയായിരുന്നു (1874 - 1956). 1956 ജനുവരി 10-ന് അദ്ദേഹം കാലം ചെയ്തപ്പോൾ ആ സ്ഥാനത്തേയ്ക്ക് മാർപാപ്പയും പൗരസ്ത്യ കാര്യാലയവും പ്രഥമ പരിഗണന നൽകിയത് ചങ്ങനാശേരി രൂപതാദ്ധ്യക്ഷനായ കാവുകാട്ടു പിതാവിനായിരുന്നു. തൃശൂർ, കോട്ടയം രൂപതകളുടെ മേലദ്ധ്യക്ഷന്മാർ മെത്രാൻ പദവിയിൽ കാവുകാട്ടുപിതാവിനെക്കാളും മുതിർന്നവരായിരുന്നുവെങ്കിലും, മെത്രാപ്പോലിത്തയായി ഉയർത്താൻ റോം യോഗ്യനായി കണ്ടത് മാർ മാത്യു കാവുകാട്ടിനെയാണ്. ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെയിടയിൽ കാവുകാട്ടുപിതാവിനുണ്ടായിരുന്ന മതിപ്പും വിശാലമായ ചങ്ങനാശേരി രൂപതയിൽ പിതാവ് ചെയ്ത അജപാലന പ്രവർത്തനങ്ങളും ഈ തെരഞ്ഞെടുപ്പിന് അനുകൂലഘടകങ്ങളായി.
റോമിന്റെ തീരുമാനമറിഞ്ഞ കാവുകാട്ടു പിതാവ് ഇക്കാര്യത്തിൽ തനിക്കുള്ള ബുദ്ധിമുട്ട് അറിയിച്ചു കൊണ്ട് പൗരസ്ത്യതിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കർദ്ദിനാൾ ടിസ്സറാങ്ങിന് സുദീർഘമായ കത്തു നൽകി. എറണാകുളം അതിരൂപതയെ തനിക്കു പരിചയമില്ലെന്നും ചങ്ങനാശേരിയിൽ താൻ തുടങ്ങിവച്ച അജപാലനപദ്ധതികൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നുമുള്ള ന്യായവാദങ്ങളാണ് സഭാദ്‌ധ്യക്ഷസ്ഥാനം നിരസിച്ചു കൊണ്ടുള്ള ആ കത്തിൽ കാവുകാട്ടുപിതാവ് കുറിച്ചത്. ഇത്തവണ റോം കാവുക്കാട്ടു പിതാവിന്റെ അഭിപ്രായത്തെ മാനിച്ചു. എറണാകുളം മെത്രാപ്പോലിത്തയായി സ്ഥാനകയറ്റം കിട്ടുന്നതിലും സാമന്ത മെത്രാനായി തുടരാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. സീറോ- മലബാർ സഭയുടെ തലവനായി അന്ന് കാവുകാട്ടുപിതാവ് വന്നിരുന്നെങ്കിൽ ഈ സഭയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്.
ചങ്ങനാശേരിയെ അതിരൂപതയായി ഉയർത്താൻ മേൽപറഞ്ഞ പശ്ചാത്തലം വേഗം കൂട്ടി എന്നതാണ് സത്യം. 1955 ൽ സീറോ - മലബാർ രൂപതകളുടെ അതിർത്തികൾ വിപുലീകരിച്ചപ്പോൾ മുതൽ ഈ സഭയുടെ വളർച്ചയ്ക്ക് പുതിയ ഭരണ സംവിധാനങ്ങൾ ആവശ്യമാണന്ന് റോമിന് ബോധ്യമായിരുന്നു. കാവുകാട്ടുപിതാവ് എറണാകുളത്തേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നറിഞ്ഞ റോം അദ്ദേഹത്തെ ഒരു സാമന്ത മെത്രാനായി തുടരാനും അനുവദിച്ചില്ല. 1956 ജൂലൈ 29 - ന് ചങ്ങനാശേരിയെ അതിരൂപതയായി ഉയർത്തുകയും കാവുകാട്ടുപിതാവിന് മെത്രാപ്പോലീത്താ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. തനിക്കു ലഭിക്കുന്ന സ്ഥാനോന്നതി എന്നതിലും ചങ്ങനാശേരിയിലെ പ്രാദേശിക സഭയ്ക്കു ലഭിക്കുന്ന അംഗീകാരം എന്ന വിധത്തിൽ റോമിന്റെ ആ തീരുമാനത്തെ കാവുകാട്ടുപിതാവ് പൂർണ്ണമനസ്സോടെ സ്വീകരിച്ചു. അധികാര ഭ്രമമമില്ലാത്ത ഒരു ഇടയൻ ചങ്ങനാശേരി അതിരൂപതയെ നയിച്ചു എന്നുള്ളത് ഈ നാടിന്റെ ഭാഗ്യമാണ്.

സ്ഥാനത്യാഗം ചെയ്ത മലബാറിലെ ആദ്യ മെത്രാൻ

രോഗഗ്രസ്തനായിരുന്ന കാവുകാട്ടുപിതാവിന് നേരത്തേ തന്നെ രാജിവെച്ച് അധികാരം ഒഴിഞ്ഞുകൂടായിരുന്നോ എന്ന് ചില സഭാപരിഷ്കരണവാദികൾ പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവം എന്തെന്ന് ഇന്നും ലോകം അറിഞ്ഞിട്ടില്ല. മെത്രാന്മാർ വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്യുന്ന രീതി അപൂർവ്വമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പ്രായാധ്യക്യമോ അനാരോഗ്യമോ വരുമ്പോൾ സഹായ മെത്രാനെ നിയമിച്ച് ഭരണജോലികൾ കൈമാറി, മരണം വരെ മേലദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മേലദ്ധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിക്കാൻ രാജി കത്തു നൽകിയ സീറോ - മലബാർ സഭയിലെ ആദ്യത്തെ മേൽപട്ടകാരനാണ് മാർ മാത്യു കാവുകാട്ട്.
അവസാനത്തെ നാലു വർഷങ്ങളിൽ പലവിധ രോഗങ്ങളാൽ കാവുകാട്ടുപിതാവ് ക്ലേശിച്ചു. 1965 സെപ്റ്റംബറിൽ ഉദരസംബന്ധമായ ക്യാൻസറിന് ശാസ്ത്രക്രിയക്കു വിധേയനായി ; 1966 നവംബർ 17-ാം തീയതി, ഫാ. ബെനഡിക്റ്റ് ഓണംകുളം പ്രതിയായ കേസിന്റെ വിധിയുടെ തലേന്ന്, പിതാവിന് ആദ്യത്തെ ഹൃദയാഘാതം ഉണ്ടായി. തന്റെ രോഗാവസ്ഥ സഭാഭരണത്തെ ബാധിക്കുന്നതായി കാവുകാട്ടുപിതാവ് ചിന്തിച്ചു. സ്ഥാനത്യാഗം എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തി. തന്റെ അനാരോഗ്യം പരിഗണിച്ച് അതിരൂപതാഭരണത്തിൽ നിന്നും വിരമിക്കാൻ ഒരു മാസത്തിനുള്ളിൽ അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് പോൾ ആറാമൻ മാർപാപ്പയ്ക്ക് 1968 സെപ്റ്റംബർ 16ാം തീയതി കാവുകാട്ടുപിതാവ് കത്തയച്ചു.
ഡൽഹിയിലുള്ള വത്തിക്കാൻ പ്രതിനിധിയും പൗരസ്ത്യ കാര്യാലയവും ഈ തീരുമാനത്തെ അനുകൂലിച്ച് റിപ്പോർട്ട് നൽകി. കാവുകാട്ടുപിതാവിന്റെ അപേക്ഷ മാർപാപ്പ അനുഭാവപൂർവ്വം സ്വീകരിച്ചു. രാജി അംഗീകരിച്ചു എന്നുള്ള രഹസ്യ അറിയിപ്പ് കാവുകാട്ടു പിതാവിന് ഒക്ടോബർ 26 -ന് ലഭിച്ചു. എന്നാൽ പിൻഗാമിയെ നിയമിക്കുന്നതുവരെ ഇക്കാര്യം പരസ്യമാക്കാൻ പാടില്ല എന്നുകൂടി മാർപാപ്പ അറിയിച്ചിരുന്നു.
തന്റെ പിൻഗാമിയായി പരിഗണിക്കേണ്ടവരുടെ ഒരു പട്ടിക തയ്യാറാക്കി കാവുകാട്ടു പിതാവ് വത്തിക്കാൻ പ്രതിനിധിക്ക് അയച്ചു കൊടുത്തു. ആ പട്ടികയിൽ ഉള്ളവരെല്ലാം ചെറുപ്പക്കാരായിരുന്നതുകൊണ്ട് അവരിൽ ഒരാളെ മെത്രാപ്പോലിത്തയായി നിയമിക്കണോ അതോ മറ്റൊരു മുതിർന്ന മെത്രാനെ പരിഗണിക്കണോ എന്നുള്ള റോമിന്റെ അന്വേഷണം നീണ്ടു പോയി. അങ്ങനെയിരിക്കെയാണ് 1969 ഒക്ടോബർ 9 ന് കാവുകാട്ടുപിതാവ് കാലം ചെയ്യുന്നത്. ആ പുണ്യ ശ്ലോകന്റെ ദീർഘവീക്ഷണത്തെക്കുറിച്ച് ഒരു കാര്യം കൂടി വെളിപ്പെടുത്താം: കാവുകാട്ടുപിതാവ് തന്റെ പിൻഗാമിയായി നൽകിയ പട്ടികയിലെ ആദ്യത്തെ രണ്ടു പേരും പിന്നീട് ദൈവനിശ്ചയത്താൽ മെത്രാന്മാരായി.
തന്റെ അനാരോഗ്യം മൂലം അതിരൂപതാഭരണത്തിന് ഒരു കോട്ടവും വരാൻ പാടില്ല എന്ന് കാവുകാട്ടുപിതാവിന് നിഷ്കർഷ ഉണ്ടായിരുന്നു. ശരീരത്തിന്റെയും മനസിന്റെയും ശക്തിക്ഷയിക്കുമ്പോൾ ഭരണചുമതലയിൽ നിന്നും മാറണം എന്നുള്ളത് ഉത്തരവാദിത്വമുള്ള ഭരണാധികാരിയുടെ നെഞ്ചരിച്ചലാണ്. മന:സാക്ഷിയുടെ ആ സ്വരത്തോടു ആത്മാർത്ഥമായി പ്രതികരിച്ചു എന്ന ഉറച്ചബോധ്യത്തോടെയാണ് കാവുകാട്ടുപിതാവ് ഇഹലോകവാസം വെടിഞ്ഞത്. രാജിവിവരം രഹസ്യമായി സൂക്ഷിക്കണം എന്നുള്ള മാർപാപ്പയുടെ നിർദ്ദേശം സത്യസന്ധമായി പാലിച്ചു എന്നു മാത്രമല്ല, തന്റെ അവസാന നാളുകളിൽ രോഗാവസ്ഥ വകവെയ്ക്കാതെ അജപാലന ശുശൂഷയിൽ ഏർപ്പെടാനും പിതാവ് തീക്ഷ്ണത കാട്ടി. മെത്രാൻ ശുശ്രൂഷ ആത്യന്തികമായി സഭയ്ക്കായി ജീവൻ ഹോമിക്കുന്നതിലാണെന്നും, ഭരണാധികാരത്തിലൂടെ മാത്രമല്ല സഹനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അത് തുടരാനാവുമെന്നും നമുക്കു കാട്ടിത്തന്ന മഹാത്യാഗിയാണ് കാവുകാട്ടുതിരുമേനി. സഭയിലെ മെത്രാൻപദവി അധികാര കസേരയാണന്നു കുറ്റം പറയുന്നവർക്കുള്ള ഉത്തമ മറുപടിയാണ് പുണ്യശ്ലോകനായ കാവുകാട്ടുപിതാവ്.
 
ഫാ. ജോസഫ് ആലഞ്ചേരി
പോസ്റ്റുലേറ്റർ

" />