കുര്യാളശ്ശേരി പിതാവിന്റെ ചരമവാര്‍ഷികം ജൂണ്‍ 2ന്

Friday 08 March 2019


നമ്മുടെ അതിരൂപതയുടെ അജപാലനശുശ്രൂഷയ്ക്ക് സ്ഥായിയായ അടിസ്ഥാനമിടുകയും വി.കുര്‍ബ്ബാനയില്‍ കേന്ദ്രീകൃതമായ ഒരു ആദ്ധ്യാത്മികതയിലേക്ക് വിശ്വാസികളെ നയിക്കുകയും ചെയ്ത ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ 94-ാം ചരമവാര്‍ഷികമാണ് ഈ അടുത്തുവരുന്ന ജൂണ്‍ 2. ഈ വര്‍ഷം, 2019 മേയ് 27-ന് കുര്യാളശ്ശേരി പിതാവ് വൈദികപട്ടം സ്വീകരിച്ചിട്ട് 120 വര്‍ഷം തികയുന്നു. 1899 മേയ് 27 ന് റോമില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ദൈവാലയത്തില്‍ കര്‍ദിനാള്‍ കസേന്ത ഫ്രാന്‍ചെസ്‌കോ ഡി പൗളായില്‍ നിന്നാണ് പിതാവ് വൈദികപട്ടം സ്വീകരിച്ചത്. ''വിശുദ്ധ കുര്‍ബ്ബാനയുടെ വിശേഷ ഭക്തന്‍'' എന്നറിയപ്പെട്ടിരുന്ന കുര്യാളശ്ശേരി പിതാവ് തിരുവചനത്തിന്റെ തികഞ്ഞ ഒരു ഉപാസകന്‍ കൂടിയായിരുന്നു. ''മിശിഹായില്‍ എല്ലാം നവീകരിക്കുക'' എന്ന തിരുവചനം ആദര്‍ശവാക്യമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം കര്‍മ്മ രംഗത്തേക്കിറങ്ങിയത്. ചൈതന്യഭരിതവും കര്‍മ്മനിരതവുമായ തന്റെ ജീവിതം, താന്‍ വാരിവിതറിയ തിരുവചനത്തിന്റെ പ്രായോഗികവശമായിരുന്നു. ജീവിത വിശുദ്ധിയുടെയും ദൈവവിശ്വാസത്തിന്റെയും കറയറ്റമനുഷ്യസ്‌നേഹത്തിന്റെയും നിസ്തുല മാതൃകയായി പ്രശോഭിച്ചിരുന്ന വിനയാന്വിതമായ ജീവിതത്തിന്റെ അന്തര്‍ധാര തിരുവചനത്തിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു. വചനം വായിക്കുവാനോ പഠിക്കുവാനോ ഇന്നത്തേതുപോലെ സൗകര്യമില്ലാതിരുന്ന കാലത്ത് ആര്‍ജ്ജിക്കാവുന്നത്ര ജ്ഞാനം അദ്ദേഹം കരസ്ഥമാക്കി. മാത്രമല്ല അനുദിന ധ്യാനത്തിലൂടെ അത് രുചിച്ചറിയുകയും വളര്‍ത്തിയെടുക്കുകയും ചെയ്തു. ദിവ്യാത്മാവിന്റെ ദിവ്യജ്ഞാനത്തിനും ദിവ്യമായ ബുദ്ധിക്കും തന്റെ സര്‍ഗ്ഗശക്തികള്‍ സമര്‍പ്പിച്ചു. 
കുര്യാളശ്ശേരി പിതാവിന് തിരുവചനം ഹൃദയങ്ങള്‍ക്കു വിളക്കും വഴികളില്‍ പ്രകാശവുമായിരുന്നു. (സങ്കീ. 119.105) പിതാവിന്റെ ദിവ്യകാരുണ്യ ചൈതന്യത്തിന്റെ അന്തര്‍ധാര തിരുവചനം അല്ലാതെ മറ്റൊന്നുമായിരുന്നില്ല. പ്രാര്‍ത്ഥനയാല്‍ വചനത്തിന്റ മാധുര്യം അദ്ദേഹം അനുഭവിച്ചറിഞ്ഞു. എല്ലാ ഭക്താഭ്യാസങ്ങളുടെയും ചെയ്തികളുടെയും പിന്നില്‍ അതിനു ചൈതന്യം നല്‍കുന്ന തിരുവചനം അദ്ദേഹം കണ്ടെത്തി. ദൈവത്തിന്റെ സ്വഭാവം വിവരിക്കുവാന്‍ പഴയ നിയമത്തില്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ''ക്ഷമാശീലനും കാരുണ്യവാനും'' എന്ന പ്രയോഗം വ്യക്തമാക്കുന്ന സങ്കീര്‍ത്തനഭാഗങ്ങള്‍ എല്ലാം തന്നെ പിതാവിന് പ്രിയങ്കരങ്ങളായ പ്രാര്‍ത്ഥനകളായിരുന്നു. പ്രത്യേകിച്ചും ''അവിടുത്തെ കാരുണ്യം അനന്തമാണ്'' എന്ന 135-ാം സങ്കീര്‍ത്തനഭാഗം സ്വന്തം പ്രാര്‍ത്ഥനയുടെയും ജീവിതത്തിന്റെയും ഭാഗമായി മാറ്റുക മാത്രമല്ല അത് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തന്നെ സമീപിച്ച പലരേയും ഉപദേശിക്കുകയും ചെയ്തിരുന്നു. 
പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും (2 തിമോ.3:16) അദ്ദേഹം തിരുവചനം എടുത്തുപയോഗിച്ചിരുന്നു. വചനം പ്രഘോഷിക്കുന്നതിനും അതിനെ വ്യാഖ്യാനിക്കുന്നതിനുമുള്ള വേദിയായിരുന്നു അദ്ദേഹത്തിന് തന്റെ ഇടയലേഖനങ്ങളും പ്രസംഗങ്ങളും. എല്ലാ ഞായറാഴ്ചയും അരമണിക്കൂര്‍ വിശുദ്ധ കുര്‍ബ്ബാനയിലെ വചനം വ്യാഖ്യാനിച്ചുകൊടുക്കുന്നതിനും അങ്ങനെ തന്റെ അജഗണങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. ക്രൈസ്തവ ആദ്ധ്യാത്മികതയുടെ അന്തര്‍ധാരയായ വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യജീവിതം, ആരാധനക്രമവത്സരം, ആത്മായപ്രേഷിതത്വം, വേദപ്രചാരം, നോമ്പ് ആചരണം, മതബോധനം, ക്രിസ്തീയഭക്തിമുറകള്‍, മാതാപിതാക്കന്മാരുടെ കടമകള്‍, ക്രൈസ്തവവിദ്യാഭ്യാസം, കുടുംബക്ഷേമം, ക്രൈസ്തവജീവിതത്തെ തളര്‍ത്തുന്ന തിന്മകള്‍ തുടങ്ങി ജീവിത സ്പര്‍ശിയായ എല്ലാ കാര്യങ്ങളും കേവലം 14 വര്‍ഷത്തെ ശ്ലൈഹികജോലികള്‍ക്കിടയില്‍ 113 ഇടയലേഖനങ്ങളിലായി തന്റെ അജഗണങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ അദ്ദേഹം അയച്ചിട്ടുണ്ട്. ഇവയിലെല്ലാം വര്‍ണ്ണപ്പകിട്ടാര്‍ന്ന സുഗന്ധപുഷ്പങ്ങള്‍പോലെ ദൈവവചനം വിരിഞ്ഞു നിന്നിരുന്നു. ''ജ്ഞാനം'' തന്റെ പുത്രന്മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും തന്നെ തേടുന്നവരെ സഹായിക്കുകയും ചെയ്യുന്നു. (പ്രഭാ. 4:11) പിതാവിന്റെ ഇടയലേഖനങ്ങളിലേക്ക് നോക്കുമ്പോള്‍ ജ്ഞാനത്തില്‍ പിതാവ് അനുദിനം വളര്‍ന്നുകൊണ്ടിരുന്നു എന്നു കാണാം. 
''നല്ല വളര്‍ത്തലും സന്മാര്‍ഗ്ഗാനുസരണമായ വിദ്യാഭ്യാസവും കൂടാതെ കുട്ടികള്‍ ഇഹത്തിലാകട്ടെ പരത്തിലാകട്ടെ ഭാഗ്യവാന്‍മാര്‍ ആകുകയില്ല.'' എന്ന് പിതാവ് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചിരുന്നു. (ജഘ. 28) കുട്ടികളുടെ പരിശീലനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പറയുമ്പോള്‍ അതിശക്തമായ വാക്കുകളാണ് പിതാവിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണിരുന്നത്. ''നിങ്ങള്‍ ദൈവത്തിനും സ്വര്‍ഗ്ഗത്തിനും വേണ്ടി നിങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നില്ലെങ്കില്‍ പിശാചിനും നരകത്തിനും വേണ്ടി അവരെ വളര്‍ത്തുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ ദൈവത്തിന്‍ പക്കല്‍ എത്ര കഠിനമായ കണക്ക് ഏല്‍പ്പിക്കേണ്ടിവരും.'' മാതാപിതാക്കളെ എസക്കിയേല്‍ പ്രവാചകന്റെ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ''നിന്റെ കൈയില്‍ നിന്ന് ഞാന്‍ അവന്റെ രക്തത്തിന്റെ കണക്ക് ചോദിക്കും.'' (എസക്കിയേല്‍ 3-18) ഹൃദയത്തില്‍ നന്മയുടെ തിരിനാളം അണയാതെ സൂക്ഷിക്കാന്‍ വിദ്യാഭ്യാസം ഒരുവനെ സഹായിക്കും. അപരന്റെ വേദനകളും ദു:ഖങ്ങളും ഏറ്റുവാങ്ങി സ്വാന്ത്വനസ്പര്‍ശമാകുവാന്‍ വിദ്യാഭ്യാസം ഒരുവനെ പ്രാപ്തനാക്കും എന്ന ഉത്തമ ബോധ്യം പിതാവിനുണ്ടായിരുന്നു. അതുകൊണ്ടാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഇംഗ്ലീഷ് മലയാളം സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും - വാഴപ്പള്ളിയില്‍ ഒരു ട്രെയിനിംഗ് സ്‌കൂള്‍ തുടങ്ങുന്നതിനും പിതാവിനെ പ്രേരിപ്പിച്ചത്. തന്റെ അജഗണങ്ങളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വച്ച് 1922 ല്‍ ചങ്ങനാശേരിയില്‍ തുടക്കം കുറിച്ച എസ്.ബി. കോളേജ് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും നിരവധി നന്മകളും ദിശാബോധവും ആദ്ധ്യാത്മിക അടിത്തറയും പ്രധാനം ചെയ്യുന്നു. 
ഗാര്‍ഹിക സഭയില്‍ മക്കള്‍ക്ക് ലഭിക്കുന്ന കൃപയാണ് ദൈവവിളി. കുടുംബമാകുന്ന പരിശീലനകളരിയില്‍ മാതാപിതാക്കളുടെ ത്യാഗപൂര്‍ണ്ണമായ പരിചരണത്തിലും പ്രാര്‍ത്ഥനയിലും വളര്‍ന്നുവരുന്ന നല്ല മക്കളാണ് നല്ല വൈദികരും നല്ല സമര്‍പ്പിതരും ആയിത്തീരുക. മക്കളുടെ ദൈവവിളി പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 
തെറ്റായ ഏതു പ്രവൃത്തിയേയും അപലപിക്കുന്നതിനുള്ള ധീരതയും വിവേകവും ജാഗ്രതയും വിശ്വസ്തതയും സുതാര്യതയും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ അദ്ദേഹം വച്ചു പുലര്‍ത്തി. അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന മദ്യപാനം, ആഡംബരം, ധൂര്‍ത്ത്, അശ്ലീലനാടകങ്ങള്‍, വ്യവഹാരം, നിശാഘോഷങ്ങള്‍ തുടങ്ങിയ എല്ലാ സാമൂഹിക തിന്മകളെയും അദ്ദേഹം തുറന്നെതിര്‍ക്കുകയും അവയ്‌ക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തു. 
ജൂണ്‍ 2-ാം തീയതി ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 1-ാം തീയതി ശനിയാഴ്ചയാണ് ചരമദിനം ആഘോഷിക്കുന്നത്. അതിനൊരുക്കമായിട്ടുള്ള തിരുക്കര്‍മ്മങ്ങള്‍ മെയ് 25-ാം തീയതി ആരംഭിക്കും. ഈ ദിവസങ്ങളില്‍ 3.30 മുതല്‍ 4.30 വരെ വിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയും 4.30 ന് വിശുദ്ധ കുര്‍ബ്ബാനയും സന്ദേശവും മാധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. മെയ് 30-ാം തീയതി വ്യാഴാഴ്ച 3 മണിക്ക് പാറേല്‍പ്പള്ളയില്‍ നിന്നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പിതാവിന്റെ കബറിടത്തിലേക്ക് തീര്‍ത്ഥാടന പദയാത്ര ഉണ്ടായിരിക്കുന്നതാണ്. ഇവയിലെല്ലാം ആത്മാര്‍ത്ഥമായി പങ്കുചേര്‍ന്ന് പിതാവിന്റെ പ്രാര്‍ത്ഥനാ സഹായം തേടാം. കഴിയുന്നതും വേഗം സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് പിതാവ് ഉയര്‍ത്തപ്പെടുന്നതിനായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.
വിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും ആദ്യാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌കാ ദ് ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപനം ചെയ്തത് 2018 ഓഗസ്റ്റ് 4 ആണല്ലോ. മദറിന്റെ 47-ാം ചരമദിനം മെയ് 25-ാം തീയതിയാണ്. അന്നു രാവിലെ 9 മണിക്ക് അതിരമ്പുഴ മഠം ചാപ്പലില്‍ മദറിന്റെ കബറിടത്തില്‍ ഒപ്പീസും തുടര്‍ന്ന് അല്‍ഫോന്‍സാഹോളില്‍ മദറിന്റെ സുകൃതജീവിതത്തെ പുരസ്‌കരിച്ച് ഒരു സിമ്പോസിയവും ഉണ്ടായിരിക്കുന്നതാണ്. 11 മണിക്ക് കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ മാത്യു പുളിയ്ക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍ സമൂഹബലിയും അതിനുശേഷം ഓഡിറ്റോറിയത്തില്‍ നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കും. മദര്‍ ഷന്താള്‍ സമൂഹത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ മനസ്സിലാക്കുന്നതിനും ദൈവത്തെ സ്തുതിക്കുന്നതിനും ഈ അവസരം ഉപയോഗിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. മദറിന്റെ നാമകരണ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതിനും നമുക്കു പ്രാര്‍ത്ഥിക്കാം.
സ്‌നേഹപൂര്‍വ്വം,

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത