അനുതാപാര്‍ച്ചന

Friday 08 March 2019

 

ബഹു. വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,

'അനുതാപാര്‍ച്ചന' എന്ന പ്രാര്‍ത്ഥനാശുശ്രൂഷ എല്ലാവര്‍ക്കുംപരിചിതമാണെന്നു കരുതുന്നു. മരണാവസരങ്ങളിലും നോമ്പുകാലത്തും ഉപയോഗിക്കുവാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയാണിത്. 1992-ലാണ് ഇങ്ങനെയൊരു പ്രാര്‍ത്ഥനാപ്പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. അനുതാപമാണ് ഈപ്രാര്‍ത്ഥനാശുശ്രൂഷയിലെ മുഖ്യപ്രമേയം; വിശ്വാസികളെ അനുതാപത്തിലേക്ക് ആനയിക്കുകയാണ് ലക്ഷ്യം. പാപബോധമാണ് ഒരുവനെ അനുതാപത്തിലേക്കു നയിക്കുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും ക്ഷമയും തിരിച്ചറിയുന്ന മനുഷ്യന്‍ പാപം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയും പാപത്തിനു പരിഹാരം ചെയ്യാന്‍ തയ്യാറാകുകയും ചെയ്യും. അതാണ് അനുതാപം. ഇപ്രകാരം അനുതപിക്കുന്ന ഒരുപാപിയെക്കുറിച്ച് അനുതാപം ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കുറിച്ചെന്നതിനെക്കാള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടïാകുമെന്നാണല്ലോ ഈശോ അരുളിച്ചെയ്തത്. അനുതാപം നമ്മെ ദൈവത്തോട് അനുരഞ്ജനപ്പെടുത്തുന്നു.

അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു സുപ്രധാനഅവസരമായിട്ടാണ് നോമ്പുകാലത്തെ സഭ കാണുന്നത്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിലെ കുറവുകളും കുറ്റങ്ങളും മനസ്സിലാക്കി ജീവിതനവീകരണത്തിന് പ്രേരിതരാകുന്ന ഒരവസരമാണ് മരണം.നോമ്പുകാലത്തും ബന്ധുമിത്രാദികളുടെയും മറ്റും മരണാവസരങ്ങളിലും വീടുകളിലും മറ്റ് ഉചിതമായ സ്ഥലങ്ങളിലും ഉപയോഗിക്കാന്‍ പറ്റുന്ന 10 ഗണം പ്രാര്‍ത്ഥനാശുശ്രൂഷകളാണ് 'അനുതാപാര്‍ച്ചന'യിലെ ഉള്ളടക്കം. പ്രാര്‍ത്ഥനയ്ക്കായി അവ യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്. വിശുദ്ധ ഗ്രന്ഥത്തെയും സുറിയാനി ആരാധനക്രമങ്ങളെയും ആധാരമാക്കി തയ്യാറാക്കിയിട്ടുള്ളതാണ് ഇതിലെ പ്രാര്‍ത്ഥനകളും ഗീതങ്ങളും. ആത്മശോധനയിലേക്കും പാപബോധത്തിലേക്കും അതുവഴി അനുതാപത്തിലേക്കും നമ്മെ നയിക്കാന്‍ ഈ ശുശ്രൂഷ സഹായിക്കും. മൃതസംസ്‌കാരത്തിനുമുമ്പ് മരണവീട്ടില്‍ അല്മായര്‍ക്കും ഈപ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കാവുന്നതാണ്.

ആളുകള്‍ക്ക് ഈ ശുശ്രൂഷ പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്നതിനും ഗീതങ്ങള്‍ ശരിയായി ആലപിക്കുന്നതിന്റെ രീതി പഠിപ്പിക്കുന്നതിനും വേണ്ടïി 'അനുതാപാര്‍ച്ചന'യുടെ ഓഡിയോ സിഡി തയ്യാറാക്കിയിരിക്കുന്നു. ഇക്കാര്യം ആളുകളെ അറിയിച്ച് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍നല്‍കാനും അനുതാപാര്‍ച്ചനയുടെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കുന്നതിനും ബഹു. അച്ചന്മാരും മറ്റു ബന്ധപ്പെട്ടവരും പരിശ്രമിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരുടെയുംമേല്‍ ഉണ്ടïായിരിക്കട്ടെ.

സകല മരിച്ചവരുടെയും തിരുനാള്‍

01-03-2019 : ദനഹാ അവസാനവെള്ളി

 

ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത