ചങ്ങനാശേരി അതിരൂപതയുടെ ആദരാജ്ഞലികള്‍

Friday 08 March 2019

കേരളരാഷ്ട്രീയത്തിലും പൊതുരംഗങ്ങളിലും അതികായനായിരുന്ന ശ്രീ. കെ എം. മാണിയുടെ നിര്യാണത്തില്‍ ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. മികച്ച ഭരണാധികാരി പൊതുപ്രവര്‍ത്തകന്‍, നിയമപണ്ഡിതന്‍, സാമ്പത്തിക വിദഗ്ദ്ധന്‍ ഉജ്ജ്വല വാഗ്മി തുടങ്ങി അനന്യവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ. കെ എം. മാണി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അരനൂറ്റാണ്ടിലേറെ രാഷ്ടീയത്തില്‍ സജീവനായിരുന്ന മാണിസാര്‍ കേരളരാഷ്്്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച രാഷ്ടതന്ത്രജ്ഞനാണ്. എക്കാലവും കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട ശ്രീ. കെ.എം. മാണി വിവിധ കാരുണ്യപദ്ധതികള്‍ക്കും നേതൃത്വം നല്കി. എല്ലാവരോടും ഊഷ്മളബന്ധം പുലര്‍ത്തിയ മാണിസാര്‍ ആവശ്യവിഷയങ്ങളില്‍ സഹായിക്കുന്നതിന് തന്റെ സ്വാധീനവും അധികാരവും പ്രയോജനപ്പെടുത്തി. സ്വന്തം സമൂദായത്തോട് വിശ്വസ്ഥനായിരുന്നതോടൊപ്പം പൊതുസമൂഹത്തിനു വേണ്ടിയും അദ്ദേഹം നിലകൊണ്ടു. താന്‍ പ്രതിനിധീകരിച്ച നിയമസഭാമണ്ഡലത്തിലും തന്റെ അധികാര മേഖലകളിലും ആവുന്നത്ര നന്മ ചെയ്യുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മാണിസാര്‍ വ്യകിതിപരമായി പുലര്‍ത്തിയ സ്‌നേഹവാത്സല്യങ്ങള്‍ നന്ദിയോടെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും ചെയ്യുന്നു.