മെയ്ദിന സന്ദേശം 2019

Friday 29 March 2019

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ 

തൊഴില്‍കാര്യ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന

മെയ്ദിന സന്ദേശം 2019

 

മിശിഹായില്‍ പ്രിയസഹോദരീ സഹോദരന്മാരെ, 

പ്രിയപ്പെട്ട തൊഴിലാളികളെ, 

1. നമ്മുടെ ഗുരുവും നാഥനുമായ ഈശോ, തന്റെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം മരപ്പണിശാലയില്‍ കായികമായി അദ്ധ്വാനിച്ചും സ്വഭവനത്തില്‍ നിരന്തരം മാതാവായ മറിയത്തെ ഗാര്‍ഹിക കാര്യങ്ങളില്‍ സഹായിച്ചും മീന്‍പിടുത്തക്കാരായിരുന്ന ശിഷ്യന്മാരോടൊപ്പം പടവുകളില്‍ സഞ്ചരിച്ചും തൊഴിലിന്റെ മഹത്വവും മാഹാത്മ്യവും ഉയര്‍ത്തിയ രക്ഷകനും വിമോചകനുമാണ്. 2019-ലെ മെയ്ദിനം തൊഴില്‍ മേഖലയെപ്പറ്റിയും തൊഴിലിന്റെ ക്രൈസ്തവാഭിമുഖ്യത്തെപ്പറ്റിയും ചിന്തിക്കാനുള്ള ശുഭാവസരം കൂടിയാണ്. അന്താരാഷ്ട്ര തൊഴിലാളിദിനത്തിന്റെ ആശംസകള്‍ സ്‌നേഹത്തോടെ ഏവര്‍ക്കും നേരുന്നു.

2. ''നീതി ജലം പോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും'' (ആമോ 5:24) എന്ന വചനം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായിക്കൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യയുടെയും വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും മാര്‍ഗത്തില്‍ ചരിക്കുമ്പോഴും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സത്യവും നീതിയും സമാധാനവുമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവ മൂന്നും ഭരണഘടനയുടെ അടിസ്ഥാന ശിലകളെന്നു എഴുതിവെച്ചിട്ടുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റുന്നതിനു ശേഷിയില്ലാത്തവരാണെന്ന തിരിച്ചറിവിനു മുന്‍പില്‍ സ്തബ്ധരായി നില്കുന്ന സാഹചര്യത്തിലാണ് ഒരു തൊഴിലാളി ദിനം കൂടി വന്നണയുന്നത്.

3. നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു നിരന്തരമായി അടിച്ചമര്‍ത്തലിനു വിധേയമാക്കപ്പെട്ട ഒരു തൊഴിലാളി സമൂഹമാണ് ''എട്ടുമണിക്കൂര്‍ തൊഴില്‍, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം'' എന്ന മുദ്രാവാക്യം മുഴക്കി 1886-ല്‍ ചിക്കാഗോയുടെ തെരുവോരങ്ങളെ ശബ്ദമുഖരിതമാക്കിയത്. സഹനത്തിന്റെ എല്ലാ പരിധിയും കടന്നുപോയപ്പോള്‍ രൂപപ്പെട്ട സംഘടിതശക്തിയുടെ ആത്മധൈര്യം മൂലമായിരുന്നു തൊഴില്‍ചരിത്രത്തിലെ മറക്കാനാവാത്ത ആ മുറവിളി ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഓരോ തൊഴിലാളി ദിനാചരണവും തൊഴിലാളികളോട് ആവശ്യപ്പെടുന്നത്, സംഘടിച്ചു ആത്മധൈര്യമുള്ളവരാകാനും ഉറക്കെ ശബ്ദിക്കുവാനും ഭയം നല്കുന്ന അടിമത്ത്വത്തില്‍ നിന്ന് മോചിതരാകുവാനുമാണ്.

4. നമ്മുടെ രാജ്യം നാനാവിധ മേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്ന കാര്യം സന്തോഷകരമാണ്. വിദ്യാഭ്യാസരംഗത്തും ശാസ്ത്ര-സാങ്കേതികമണ്ഡലങ്ങളിലും വ്യവസായിക-സാമ്പത്തിക രംഗങ്ങളിലുമെല്ലാം ഗണനീയമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ രാജ്യത്തുണ്ടാകുന്ന പുരോഗതിയെ നീതിയോടെയും കരുണയോടെയും എല്ലാവര്‍ക്കുമായി വിതരണം ചെയ്യുന്നതില്‍ രാജ്യം ദയനീയമായി പരാജയപ്പെടുന്നു എന്നു കൂടി സ്ഥിതിവിവരണക്കണക്കുകള്‍ നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്.

5. 2019 ജനുവരി മാസത്തില്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥയെക്കുറിച്ച് ഓക്‌സ്ഫാം പുറത്തിറക്കിയ  റിപ്പോര്‍ട്ട് വളരെ ഗൗരവം നിറഞ്ഞ പരിഗണന അര്‍ഹിക്കുന്നു. ഇന്ത്യയിലെ സമ്പത്തിന്റെ മുക്കാല്‍ പങ്കിലധികം കയ്യടക്കിയിരിക്കുന്നത് മേല്‍ത്തട്ടിലുള്ള പത്തുശതമാനം പേരാണ്. രാജ്യത്തെ പകുതിയിലധികം സ്വത്തും കേവലം ഒരു ശതമാനം വരുന്ന ധനികരുടെ പക്കലാണ് ഉള്ളത്. ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് 39 ശതമാനം വളര്‍ച്ച കൈവരിക്കാനായപ്പോള്‍ രാജ്യത്തെ താഴെത്തട്ടിലുള്ള പകുതി ജനവിഭാഗത്തിനു എത്തിപ്പിടിക്കാന്‍ കഴിഞ്ഞ വളര്‍ച്ച കേവലം മൂന്നു ശതമാനം മാത്രമാണ്.

അതിവളര്‍ച്ചയുടെ ചുരുക്കം ചില പച്ചത്തുരുത്തുകളുടെ സമീപത്ത് ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ നിലയില്ലാകയങ്ങളിലാണ് കഴിയുന്നത്. രാജ്യത്ത് ആനുപാതിക ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വിവിധ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചില പ്രധാന സര്‍വ്വെകള്‍ ഇത് ശരിവെയ്ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 2011-12 ല്‍ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ, 2017-18ല്‍ ഗ്രാമപ്രദേശങ്ങളില്‍ 6.3 ശതമാനമായും നഗരങ്ങളില്‍ 7.8 ശതമാനമായും വര്‍ദ്ധിച്ചു. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് ഭയപ്പെടുത്തുന്നതാണ്. ഗ്രാമങ്ങളില്‍ 15.5 ശതമാനം യുവജനങ്ങള്‍ തൊഴില്‍രഹിതരാണ്. നഗരങ്ങളില്‍ ഇത് 22.9 ശതമാനം ആണ്. നോട്ടു നിരോധനം വഴിയും ജി.എസ്.ടി യുടെ നടപ്പിലാക്കല്‍ രീതിയുടെ വൈകല്യം മൂലവും 1.3 കോടി പേര്‍ തൊഴിലില്‍ നിന്ന് പുറത്തുപോയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറുകിട സംരംഭങ്ങളില്‍ 1.1 കോടി പേര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായപ്പോള്‍ വിലയിടിവും തൊഴില്‍ നഷ്ടവും കാര്‍ഷികമേഖലയുടെ നടുവൊടിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയും സ്ഥിതി വിവരക്കണക്കുകള്‍ ഉദ്ധരിച്ചത് ഭരണകര്‍ത്താക്കള്‍ നയങ്ങള്‍ രൂപീകരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍ അത് ഏറ്റവും താഴെത്തട്ടിലുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്തയോടെ വേണം എന്ന് വ്യക്തമാക്കാനാണ്.

6. കഴിഞ്ഞവര്‍ഷം കേരളത്തെ ഗ്രസിച്ച മഹാപ്രളയമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെതകര്‍ത്തിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ബലിയാുകള്‍ കര്‍ഷകരുള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളാണ്. ദുരന്തം സൃഷ്ടിച്ചിട്ടുള്ള ആഘാതത്തില്‍ നിന്നു ഇന്നും ഇവര്‍ മോചിതരായിട്ടില്ല. എന്നുമാത്രമല്ല സ്ഥിതി വിശേഷം കൂടുതല്‍ രൂക്ഷമാകുന്ന അവസ്ഥയിലാണ് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ഉണ്ടായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഇതൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള സമാശ്വാസ നടപടികള്‍ സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, മതസമൂഹങ്ങള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയ വിവിധ തലത്തിലുള്ളവരുടെ നേതൃത്വത്തില്‍ അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. 2019 വര്‍ഷത്തേക്കു ബാങ്കുകളുടെ ജപ്തി നടപടികള്‍ സര്‍ക്കാര്‍ ഇടപെട്ടു നിര്‍ത്തിവെച്ചിട്ടുള്ളത് ആശ്വാസകരമാണ്. എന്നാല്‍ ഇതു പ്രാഥമിക നടപടി മാത്രമാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവരുടെ കാര്യം കൂടി പരിഗണിക്കപ്പെടണം. എല്ലാത്തരം വായ്പകളും പൂര്‍ണ്ണമായും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉരുള്‍ പൊട്ടല്‍, പ്രളയം എന്നിവ മൂലം നഷ്ടപ്പെട്ടിട്ടുള്ള കൃഷിഭൂമി, തൊഴില്‍ ഉപകരണങ്ങള്‍ ഇവര്‍ക്ക് എത്രയും വേഗത്തില്‍ സംലഭ്യമാക്കപ്പെടണം.

മഹാപ്രളയത്തില്‍ രക്ഷകരായി കടന്നുവന്ന മത്സ്യത്തൊഴിലാളികളെ ആദരപൂര്‍വ്വം നോക്കിക്കാണുന്നു. എന്നാല്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു അവര്‍ക്കായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പദ്ധതികളില്‍ സിംഹഭാഗവും ഇന്നും പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നു എന്നത് ഖേദകരമാണ്. എത്രയും വേഗത്തില്‍ ഇവ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കേണ്ടതാണ്.

7. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഏതാണ്ട് മുഴുവന്‍ പേരും അസംഘടിതമേഖലയിലെ തൊഴിലാളികളും ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളുമാണെന്ന് കാണാം. ചുരുക്കത്തില്‍ തെറ്റായ നയങ്ങളും തീരുമാനങ്ങളും പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളുമെല്ലാം അടിസ്ഥാന വിഭാഗത്തിന്റെയും അസംഘടിത തൊഴിലാളികളുടെയും ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയുമാണ് തകര്‍ത്തെറിയുന്നത്. ഈ സത്യം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കാണാതെ പോകരുത്. കാരണം അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടു പോകുന്ന യുവത്വം വഴിവിട്ട ധനാഗമ മാര്‍ഗങ്ങളിലേക്കും തീവ്രവാദത്തിലേക്കുമെല്ലാം തിരിഞ്ഞെന്ന് വരാം. ഇത് രാജ്യത്തിന്റെ വികസനത്തെയും സുസ്ഥിതിയെയും ബാധിക്കും.

8. ഇവിടെയാണ് തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുന്നത്. അസംഘടിത തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും അവര്‍ക്ക് നീതി ഉറപ്പാക്കി കൊടുക്കുന്നതിനും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ വേണ്ടത്ര പരിഗണന നല്കണം. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ചു തൊഴിലാളികളുടെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ഐക്യത്തോടെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിക്കാനുള്ള ശ്രമങ്ങള്‍ സമാരംഭിക്കപ്പെട്ടിട്ടുള്ള ഇക്കാലത്ത്, നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ പലതും തൊഴിലാളി താത്പര്യസംരക്ഷണത്തേക്കാള്‍ മുതല്‍മുടക്കുന്നവരുടെ താത്പര്യ സംരക്ഷണത്തിനാണ് മുന്‍തൂക്കം നല്കിയിട്ടുള്ളതെന്ന ആക്ഷേപം വ്യാപകമാണ്. നിലവില്‍ തൊഴിലാളികള്‍ അനുഭവിച്ചുവരുന്ന പല ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന പരാതിയും ഉയരുന്നുണ്ട്. ഈ സവിശേഷ സാഹചര്യത്തില്‍ പടല പിണക്കങ്ങളും സങ്കുചിതമായ കക്ഷിതാത്പര്യങ്ങളും ഒഴിവാക്കി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മെയ്ദിനം പങ്കുവെയ്ക്കുന്ന സന്ദേശവും അതു തന്നെയാണല്ലോ. 

9. ഇന്ത്യയിലെ തൊഴില്‍ ശക്തിയില്‍ 93 ശതമാനം പേരും അസംഘടിത തൊഴിലാളികളാണ്. നിയമ പരിരക്ഷ, തൊഴില്‍ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ ലഭിക്കാത്ത തൊഴിലാളികളെയാണ് അസംഘടിത തൊഴിലാളികള്‍ എന്ന് വിളിക്കുന്നത്. സ്വാഭാവികമായും ഇവര്‍ സംഘടിതരുമല്ല. ഇതു മൂലം സ്വാധീനശക്തിയും വിലപേശല്‍ ശക്തിയും ഈ വിഭാഗത്തിനു തീരെ കുറവാണ്. അതുകൊണ്ട് ന്യായമായ അവകാശങ്ങളും ആനുപാതികമായ വികസന വിഹിതവും ഇവര്‍ക്കു നിഷേധിക്കപ്പെടുന്നു. അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമി സ്വന്തമായുള്ള ചെറുകിട നാമ മാത്ര കര്‍ഷകരെയും അസംഘടിത തൊഴിലാളികള്‍ എന്ന വിഭാഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത വരുമാനത്തില്‍ 65 ശതമാനവും സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണ്. എന്നാല്‍ കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ ഇവര്‍ക്കായി നീക്കിവെക്കപ്പെടുന്നത് നാമമാത്ര തുകയാണ്. 

10. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അസംഘടിത തൊഴിലാളികളുടെ പ്രഖ്യാപിതപദ്ധതികളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുകയും ഓരോ സര്‍ക്കാര്‍ തന്നെ ആദ്യം സമാരംഭിച്ച പദ്ധതികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍വലിക്കുകയും പുതിയവ അവതരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. വിലവര്‍ധനവും കാലാവസ്ഥാ വ്യതിയാനവും പകര്‍ച്ച വ്യാധികളുമെല്ലാം ജീവിതത്തെ വരിഞ്ഞു മുറുക്കുമ്പോഴും അവയെ അതിജീവിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ കാര്യമായി ഇല്ലെന്നു മാത്രമല്ല പേരിനുമാത്രം ഉള്ളതിന്റെ തുടര്‍ച്ചയും ഇല്ലാതാകുന്നുവെന്നത് ഉത്കണ്ഠാജനകമാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിര്‍ദ്ദേശാനുസരണം വികസിത രാഷ്ട്രങ്ങളില്‍ ഉള്ളതുപോലെ എല്ലാ തൊഴിലാളികള്‍ക്കുമായി സാര്‍വ്വത്രിക സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടേണ്ടതാണ്. 

11. കത്തോലിക്കാസഭ എന്നും തൊഴിലാളികള്‍ക്കും സമൂഹത്തിലെ അടിസ്ഥാന ജനത്തിനുമൊപ്പം നീതിയുടെയും ധാര്‍മ്മീകതയുടെയും സ്വരമായി നിലനിന്നിട്ടുണ്ട്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍കാര്യ കമ്മീഷനും അതിന്റെ ഔദ്യോഗിക സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റും വഴിയാണ് കേരള സഭയുടെ തൊഴിലാളി സംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. സി. ബി സി ഐ ലേബര്‍ കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്റെ സംസ്ഥാന ഘടകമാണ് കെ.എല്‍.എം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന വിവിധ പദ്ധതി

കളില്‍ തൊഴിലാളികളെ ഗുണഭോക്താക്കളാക്കുക, ക്ഷേമനിധികളില്‍ അംഗത്വം എടുക്കാന്‍ സഹായിക്കുക, പെന്‍ഷന്‍ പദ്ധതികളില്‍ പങ്കാളികളാക്കുക, വിദഗ്ധ തൊഴില്‍ പരിശീലനം നല്കുക, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്കുക, ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതികളെ പ്രയോജനപ്പെടുത്താന്‍ പ്രാപ്തരാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കെ.എല്‍.എം. പ്രധാനമായും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. തൊഴിലാളികളുടെ സാമൂഹിക നേതൃത്വം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും കെ.എല്‍.എം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു. അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായി എട്ട് തൊഴിലാളി ഫോറങ്ങള്‍ കെ.എല്‍.എം-ന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അസംഘടിത മേഖലയിലെ പ്രധാന തൊഴില്‍ വിഭാഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, ഗാര്‍ഹീകതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, ചെറുകിട തോട്ടംതൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, മോട്ടോര്‍വാഹനത്തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംഘാടന പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും കെ.എല്‍.എം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

12. സഭാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിയമാനുസൃതമുള്ള സേവന വേതനവ്യവസ്ഥകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സ്ഥാപനാധികാരികള്‍ ഉറപ്പാക്കണം. സംതൃപ്തരായ തൊഴിലാളികള്‍ ആണ് സ്ഥാപനത്തിന്റെ മൂലധനം. നിന്റെ സമ്പത്ത് നിന്റെ സഹോദരനുമായി പങ്കുവെയ്ക്കലാണ് നിത്യജീവന്‍ നേടാന്‍ വേണ്ടതെന്നും (ധനവാനും ലാസറും, ലൂക്കാ 16:19-31)അധ്വാനം കൊണ്ടു തൊഴിലെടുക്കുന്നവന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് നല്കണമെന്നും (മുന്തിരിത്തോട്ടത്തിലെ തൊഴിലാളികള്‍, മത്തായി 20:1-16) പുതിയ നിയമത്തില്‍ മിശിഹാ അവതരിപ്പിച്ച ദര്‍ശനം നടപ്പില്‍ വരുത്താന്‍ സഭാനേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രമപ്പെടുത്തുന്നതിനായി കെസിബി.സി രൂപപ്പെടുത്തിയിട്ടുള്ള പീപ്പിള്‍ മാനേജ്‌മെന്റ് പോളിസി (മനുഷ്യവിഭവ നയം) നടപ്പിലാക്കാന്‍ വേണ്ട ഒത്താശകള്‍ നല്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കെ.എല്‍.എം നെയാണ്. കേരളത്തിലെ എല്ലാ രൂപതകളും സന്യാസസമൂഹങ്ങളും തങ്ങളുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ പീപ്പിള്‍ മാനേജ്‌മെന്റ് പോളിസി സമയ ബന്ധിതമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും അവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നത് മാരകപാപമാണെന്നാണ് ഫ്രാന്‍സീസ് പാപ്പ ഉദ്‌ബോധിപ്പിക്കുന്നത്. (പ്രസംഗം, സാന്താ മാര്‍ത്ത, മാര്‍ച്ച് 8, 2019).

13. കേരളത്തിലെ എല്ലാ രൂപതകളിലും കെ.എല്‍.എം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ സജീവമല്ല. എല്ലാ ഇടവകകളിലും കെ.എല്‍.എം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വികാരിമാര്‍ അതിന് മുന്‍കൈ എടുക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. അതുപോലെ തന്നെ സന്യാസ സമൂഹങ്ങള്‍ തൊഴിലാളി ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കണം. സമകാലിക സാമൂഹിക സാഹചര്യത്തില്‍ തൊഴിലാളി ശുശ്രൂഷയ്ക്കു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന കാര്യം ആരുംതന്നെ വിസ്മരിക്കരുത്. 

14. തൊഴില്‍ ചെയ്യുക വഴി ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിലും രക്ഷാകര്‍മ്മത്തിലും  പങ്കുചേരുകയാണു  ഓരോ  തൊഴിലാളിയും  ചെയ്യുന്നതെന്നാണ് സഭ പഠിപ്പിക്കുന്നത്. (സഭയുടെ സാമൂഹിക പ്രബോധനം 263) അതായത് മഹത്വവും ഉത്തരവാദിത്തവും നിറഞ്ഞ ചുമതലയാണ് തൊഴില്‍ ചെയ്യുന്നവര്‍ നിര്‍വ്വഹിക്കുന്നതെന്ന് ഓര്‍ക്കണം. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും കൂടി തൊഴില്‍ ചെയ്യുവാന്‍ എല്ലാ തൊഴിലാളികളെയും ആഹ്വാനം ചെയ്യുന്നു. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ സഹായം നമുക്ക് ധാരാളമായി ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

 

ബിഷപ്പ്  അലക്‌സ് വടക്കുംതല

(ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍)

ബിഷപ്പ് മാര്‍ ജോസ് പുത്തന്‍ വീട്ടില്‍

(വൈസ് ചെയര്‍മാന്‍, കെസിബിസി ലേബര്‍ കമ്മീഷന്‍)

ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്

(വൈസ് ചെയര്‍മാന്‍, കെസിബിസി ലേബര്‍ കമ്മീഷന്‍)

 

 

പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം

കൊച്ചി - 682 025

 

ചആ: 2019 ഏപ്രില്‍ 21-ാം തീയതി ഈ സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാസഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യണം.