മാര്‍ മറ്റം ആദര്‍ശത്തിന്റെ ആള്‍രൂപം: മാര്‍ ജോസഫ് പവ്വത്തില്‍

Saturday 30 March 2019

നിയോഗങ്ങളോടുള്ള വിശ്വസ്തതയും പാണ്ഢ്യത്യവും സന്ന്യാസ ജീവിതത്തിലെ ലാളിത്യവും തപോനിഷ്ഠകളുംകൊണ്ട് ഒരു കാലഘട്ടത്തെ മുഴവന്‍ ധന്യമാക്കിയ അനുഗ്രഹീതനായ വൈദീകമേലദ്ധ്യക്ഷനായിരുന്നു ദിവംഗതനായ അഭിവന്ദ്യ എ.ഡി മറ്റം പിതാവ്. ഒരു ജ്യേഷ്ഠസഹോദരന്റെ സ്വാതന്ത്ര്യവും സ്‌നേഹവും സൗഹൃദവും എക്കാലത്തും അദ്ദേഹം എന്നോട് കാട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളിന്റെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നതാണല്ലോ. ദൈവം അദ്ദേഹത്തെ നിത്യസൗഭാഗ്യം നല്കി അനുഗ്രഹിക്കട്ടെ.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഇന്ത്യയിലെ കത്തോലിക്കാ സഭകളില്‍ ആകസ്മികമായി വളര്‍ന്നുവന്ന ഒരു ചിന്താഗതിയായിരുന്നു, ഏക റീത്ത് വാദവും (One rite movement) അതിന്റെ ഉപഉത്പ്പന്നമായ ഭാരതവത്കരണവും. സ്വതന്ത്ര്യാനന്തരം ഇവിടെ വളരാനിടയായ ദേശിയബോധം ഇതിനു പിമ്പിലുണ്ടെന്ന് ചിലര്‍ നിരീക്ഷിക്കാറുണ്ട്. വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ഇന്ത്യന്‍ മെത്രാ•ാരില്‍ മൂന്നിലൊന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. മറ്റൊരു നല്ലപങ്ക് യുറോപ്യന്‍ പശ്ചാത്തലത്തിലുള്ള ഇന്ത്യന്‍ വംശജരും. അവര്‍ക്ക് സ്വാഭാവികമായും ഭാരതവല്‍ക്കരണമെന്നത് സാംസ്‌ക്കാരികാനുരുപണമെന്നു പേരിട്ട കൗതുകമുള്ള ഒരു കാഴ്ച്ചപ്പാടായിരുന്നു.
സീറോമലബാര്‍ സഭപോലെ ഇവിടുത്തെ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന ഇവിടുത്തെ സാംസ്‌കാരികാംശങ്ങള്‍ സ്വാംശീകരിച്ച സഭയിലും ഈ നിലപാടുളളവര്‍ നേതൃത്വത്തിലുണ്ടായിരുന്നു. കൗണ്‍സിലിന്റെ തന്നെ പൗരസ്ത്യസഭകള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുളള പ്രബോധനങ്ങളെ അവകണിച്ചുകൊണ്ട് ആര്യാവര്‍ത്തനത്തിലെ ബ്രാഹ്മണസംസ്‌കാരത്തിലേക്ക് സഭയെ കൊണ്ടുപോകാനായിരുന്നു നീക്കം. ആരാധനക്രമത്തിലേക്കും ദൈവശാസ്ത്ര-ആദ്ധ്യാത്മികശൈലീലുമുളള വൈവിധ്യങ്ങളെ ആദരിച്ച് അംഗീകരിക്കുന്ന സഭയുടെ ഔദ്യോഗികനിലപാടിനോടുച്ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ അതിനു തന്റെ ഗവേഷണത്തിലൂടയും ഗ്രന്ഥങ്ങളിലൂടെയും കരുത്തപരാന്‍ എന്നും മറ്റം പിതാവു മുന്‍പന്തിയിലുണ്ടായിരുന്നു.
ഇന്ന് സീറോമലബാര്‍ സഭയും മലങ്കരകത്തോലിക്കാസഭയും മാര്‍പ്പാപ്പായുടെ അധികാരത്തിനുളളില്‍ സ്വയംഭരണാവകാശമുളള സഭകളായി വളര്‍ന്നുവികസിച്ചിട്ടുണ്ടങ്കില്‍ മേല്‍പ്പറഞ്ഞ ആദര്‍ശപ്രതിസന്ധിയില്‍ സഭയോടൊത്ത് സഭയ്ക്കുവേണ്ടി നിലപാടുകള്‍ സ്വീകരിച്ചവര്‍ നല്കിയ സംഭാവനകള്‍ വലുതാണെന്നോര്‍ക്കണം.അകത്തുനിന്നും പുറത്തിനിന്നുമുളള പ്രതിസന്ധികളെയും അധിക്ഷേപങ്ങളെയും നേരിട്ടാണ് അന്ന് ആ നിലപാടുസ്വീകരിച്ചതെന്നും ഓര്‍ക്കുന്നു.
സിറോമലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വെളിപ്പെടുത്തുന്ന അനേകം ഗവേഷണഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അഭിവന്ദ്യ മറ്റം പിതാവ്. ദേശത്തും വിദേശത്തുമുളള ദൈവശാസ്ത്ര തത്വശാസ്ത്ര മാസികകള്‍ അദ്ധേഹത്തിന്റെ അനേകം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സഭയുടെ പ്രബോധനങ്ങളില്‍ ഉറച്ച ആശയപ്രചരണത്തിലായിരുന്നു എക്കാലവും അദ്ധേഹം. എ.ഡി ദേശായി എന്ന തൂലികാ നാമത്തിലും അദ്ദേഹം ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനവും  താപസജീവിതവും ഒരുമിച്ച്‌കൊണ്ടുപ്പോയ ഒരു മേലദ്ധ്യക്ഷനായിരുന്നു മറ്റം പിതാവ്. സുറിയാനി സഭകളുടെ വളര്‍ച്ചയും വികാസവും അതിന്റെ വ്യക്തിത്വവുമെല്ലാം എക്കാലത്തും പഠനവിഷയമായിരുന്നു. സിറോമലബാര്‍ സഭക്ക് ഏറ്റവും ആദരണീയനായ ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറ അച്ചന്റെ ആഴമേറിയ സ്വധീനം പിതാവിനുണ്ടായിരുന്നതായി കാണാം.
മദ്ധ്യപ്രദേശിലെ സത്‌ന പോലെയുളള ഒരു മിഷന്‍ രൂപതയെ അതിന്റെ ആദ്യകാല അരിഷ്ടതകളില്‍ നയിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്തുയെന്നത് തീര്‍ച്ചയായും മറ്റം പിതാവിന്റെ ശ്രേഷ്ട ദൗത്യമായിരുന്നു. ദൈവശസ്ത്ര പഠനകേന്ദ്രം സെന്റ് എഫ്രേം സെമിനാരി എക്കാലവും അദ്ധേഹത്തിന്റെ സ്മാരകമായിരിക്കും. വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ ക്രേന്ദ്രങ്ങളും രൂപതയില്‍ വളര്‍ത്തിയെടുക്കുവാന്‍ അദ്ധേഹത്തിനുകഴിഞ്ഞു.
അഭിവന്ദ്യ മറ്റം പിതാവ് നമ്മളില്‍ നിന്നും എടുക്കപ്പെട്ടെങ്കിലും അദ്ധേഹം ശക്തിപ്പെടുത്തിയ ദര്‍ശനങ്ങളും രൂപം നല്കിയ വിശുദ്ധ പ്രസ്ഥാനങ്ങളും അദ്ധേഹത്തിന്റെ ശാശ്വത സ്മാരകങ്ങളായിരിക്കും. സത്‌ന രൂപതയോടും അദ്ദേഹത്തിന്റെ സ്വന്തം വിന്‍സന്‍ഷ്യന്‍ സഭയോടും വേര്‍പാടില്‍ ദുഖിതരായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു.

ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍