. - .


മാര്‍ത്തോമ്മാ ശ്ലീഹായിലൂടെ നമുക്കു ലഭിച്ച വിശ്വാസത്തിന്‍റെ ശക്തി നമ്മുടെ ശരീരത്തിലും മനസിലും ആത്മാവിലും നിറഞ്ഞു നില്‍ക്കണമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നിരണം മാര്‍ത്തോമ്മാ ശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍. 

നമ്മുടെ രക്തധമനികളിലൂടെ ഒഴുകുന്ന അനുഭവം കത്തോലിക്കാ സഭ മാത്രമല്ല, ഇതര സഹോദരി സഭകളും ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്. കാലത്തിന്‍റെ ഗതിവിഗതികളില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പല കൂട്ടായ്മകളില്‍ കഴിയുമ്പോഴും ദൈവം നമ്മെ എല്ലാവരെയും കരുതുന്നത് മാര്‍ത്തോമ്മാ ശ്ലീഹായിലൂടെ വിശ്വാസം സ്വീകരിച്ച തന്‍റെ മക്കളായിട്ടാണ്. നാം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ തോമാശ്ലീഹായോടു കൂടിയാണു വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നത്. ഒരു അടിസ്ഥാനപരമായ വിശ്വാസ പാതയില്‍നിന്നുകൊണ്ടാണ് നമ്മള്‍ ദൈവത്തെ ആരാധിക്കുന്നത്. നമ്മുടെ കര്‍ത്താവിന്‍റെ പരമമായ ആ ബലിയില്‍ തിരുശരീര രക്തങ്ങളുടെ അര്‍പ്പണമാണു നിര്‍വഹിക്കുന്നത്. അതു തന്നെയാണ് നമുക്കെന്നും ബലമേകുന്നതും. നമ്മുടെ വിശ്വാസത്തെ ധന്യമാക്കുന്ന അനുസ്മരണങ്ങളാണു കൂദാശ. തിരുശേഷിപ്പുകളിലൂടെ വ്യക്തികളെ അനുസ്മരിക്കുകയാണ്. നമ്മുടെ വിശ്വാസത്തെ ധന്യമാക്കുന്ന കാര്യങ്ങളാണു തിരുശേഷിപ്പുകളെന്നും കര്‍ദിനാള്‍ പറഞ്ഞു. മക്കള്‍ക്കു വിശ്വാസത്തിന്‍റെ ശക്തി അവരുടെ മാതാപിതാക്കളിലൂടെയാണു ലഭിക്കുന്നത്. ഇന്നു യുവജനങ്ങള്‍ വിശ്വാസത്തില്‍ ആഴ്ന്നിറങ്ങി സഭയെ താങ്ങിനിര്‍ത്തണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഗോവ മുന്‍ കളക്ടര്‍ ജോസ് ഫിലിപ്പ്, ആന്‍റോ ആന്‍റണി എംപി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഫിലിപ്പ് തയ്യില്‍ കാര്‍മികത്വം വഹിച്ചു. മാവേലിക്കരയില്‍നിന്നു ചങ്ങനാശേരി അതിരൂപത യുവദീപ്തിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ക്കു സ്വീകരണം നല്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു സ്വീകരണം, തിരുശേഷിപ്പ് പ്രതിഷ്ഠ, സന്ദേശം എന്നിവ നടന്നു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ജേക്കബ് ചക്കാത്തറ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം കുടുംബസംഗമവും നടത്തി. 

 Copyright Archdiocese of Changanacherry l All Rights Reserved