സഭകളുടെ വ്യക്തിത്വം

Sunday 12 February 2017

 

മാര്‍ ജോസഫ് പവ്വത്തില്‍
സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യയിലെവിടെയും അജപാലന ശുശ്രൂഷയും പ്രേഷിതപ്രവര്‍ത്തനവും നടത്താന്‍ അവകാശം വേണമെന്ന് CBCI  യിലും റോമിലെ സിനഡുകളിലും മറ്റും നമ്മള്‍ വാദിച്ചതിന്റെയും ചര്‍ച്ചചെയ്തതിന്റെയും ഫലമായി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഖണ്ഡിതമായി ഒരു തീരുമാനമെടുത്തതിന്റെ ഫലമായിട്ടാണ് കേരളത്തിനു പുറത്ത് കല്യാണ്‍രൂപത നമുക്കായി അനുവദിച്ചത്. ഭാരതത്തില്‍ മൂന്നു സഭകളുണ്ടെന്നും അവര്‍ക്ക് അവരുടേതായ ഭരണസമിതികളുണ്ടായിരിക്കണമെന്നും പൊതുവേദിയായി CBCI  തുടരണമെന്നും കാണിച്ചു 1987 ല്‍ ഭാരതത്തിലെ പിതാക്കന്മാര്‍ക്കെല്ലാവര്‍ക്കും സുപ്രധാനമായ കത്തയച്ചു. അതില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത് വ്യക്തിഗതസഭകളെക്കുറിച്ചും അവരുടെ പൈതൃകങ്ങളെക്കുറിച്ചും വ്യക്തമായ ബോധനം എല്ലാ രൂപതകളിലും നടത്തണമെന്നായിരുന്നു. ഒരു ആരാധനക്രമ നവോത്ഥാനപ്രസ്ഥാനം നമുക്കില്ലാതെപോയി. പകരം ഓരോരുത്തരും ഓരോരീതിയില്‍ സഭയുടെ നിര്‍ദ്ദേശങ്ങളെ വ്യാഖ്യാനിച്ചു. പൗരസ്ത്യസഭാജീവിതം ആരാധനക്രമത്തില്‍ കേന്ദ്രീകൃതമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയല്ലോ. പൗരസ്ത്യസഭകള്‍ സഭകളെ Eucharistic Communities(ആരാധനാക്രമത്തിലൂടെ രൂപം കൊള്ളുന്ന സമൂഹങ്ങള്‍) ആയാണ് കാണുന്നത്.  Eucharist makes the Church എന്ന കാഴ്ചപ്പാടാണ് പൗരസ്ത്യ സഭകള്‍ക്കുള്ളത്.
പക്ഷെ നമുക്കിവിടെ ഭക്താനുഷ്ഠാനങ്ങളുടെ വേലിയേറ്റമാണ്. പാശ്ചാത്യദേശത്തു രൂപംകൊള്ളുന്ന എല്ലാ ഭക്താനുഷ്ഠാനങ്ങളും ഇവിടെയും കടന്നുവരികയാണ്. ഭക്താനുഷ്ഠാനങ്ങള്‍ക്കു ലഭ്യമാകുന്ന പ്രാധാന്യം പലയിടങ്ങളിലും ആരാധനക്രമത്തിനില്ല. ഇതു സഭയുടെ വ്യക്തിത്വം ബലഹീനമാക്കുകയാണ്.

തെറ്റായ ദേശീയത
ഇതിനിടയ്ക്ക് പക്വതയില്ലാത്ത ഒരു ദേശീയബോധവും നമ്മുടെയിടയില്‍ വളര്‍ന്നിരുന്നു. ക്രൈസ്തവസഭയെ വിദേശീയമെന്ന് മുദ്രകുത്താന്‍ ചിലര്‍ പരിശ്രമിക്കുന്നതിനെതിരെ അങ്ങനെയല്ലെന്നു സ്ഥാപിക്കാന്‍ സഭ ഭാരതീയമാണെന്ന് വരുത്താനുമുള്ള തത്രപ്പാട് ചിലര്‍ക്കുണ്ടാ യി. 1972 ലെ പാട്‌നാ നാഷണല്‍ കണ്‍സള്‍ട്ടന്‍സിക്കു ശേഷമാണ് പലരും ഈ തത്രപ്പാട് ഏറെക്കാണിച്ചത്. 1968 ലെ All India Seminar-ലും ഇത്തരം ചിന്തകളുയര്‍ന്നിരുന്നു. സുറിയാനി പാരമ്പര്യത്തിന് ഊന്നല്‍ കൊടുത്തിരുന്ന കാലഘട്ടത്തിലും കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ആരും വിദേശികളായി കണ്ടിരുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്. ഈശോ നസ്രായനായിരുന്നു. വെളിപാട് നമുക്ക് ലഭിച്ചത് മദ്ധ്യപൂര്‍വ്വദേശത്തുവച്ചാണ്. അതുകൊണ്ട് ക്രിസ്തുമതം എവിടെയെങ്കിലും വിദേശീയമായോ? രാഷ്ട്രീയ സംജ്ഞകളും, തത്ത്വചിന്തകളും മതവിശ്വാസങ്ങളും ലോകം മുഴുവനും വേണ്ടിയുള്ളതാണ്. അവയുടെ സ്വഭാവം സാര്‍വ്വത്രികമാണല്ലോ.


useful links