ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?

Sunday 12 February 2017



സഭ ഏകമാണെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും സഭ അങ്ങനെ പഠിപ്പിക്കുകയും നാം അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ നാം സീറോ മലബാറുകാര്‍, മറ്റുചിലര്‍ സീറോ മലങ്കരക്കാര്‍, ഇനിയും വേറെ ചിലര്‍ ലത്തീന്‍കാര്‍ എന്നൊക്കെ വേര്‍തിരിവുള്ളത് എന്തുകൊണ്ടാണ്? ഇപ്രകാരമുള്ള വേര്‍തിരിവുകള്‍ ഈശോയുടെ സഭയില്‍ ഭിന്നിപ്പിനു കാരണമാവുകയല്ലേ ചെയ്യുന്നത്?

ശരിയാണ്. ഒറ്റനോട്ടത്തില്‍ നമുക്ക് അങ്ങനെ തോന്നിയേക്കാം. എന്നാല്‍ ഈ പ്രപഞ്ചത്തിലേക്കൊന്നു കണ്ണോടിച്ചാല്‍ വൈവിധ്യമാണ് അതിന്റെ മുഖമുദ്രയെന്ന് നമുക്ക് മനസ്സിലാകും. നാം വസിക്കുന്ന ഈ ഭൂമി ഒരു ഗോളമായിരിക്കുമ്പോള്‍ തന്നെ ഏതെല്ലാം തരത്തിലുള്ള വൈവിധ്യമാണ് നാമവിടെ ദര്‍ശിക്കുന്നത്. അപ്പനും അമ്മയും മക്കളുമടങ്ങുന്ന നമ്മുടെ കുടുംബത്തില്‍ പോലും ഓരോരുത്തരും അവരവരുടെ വ്യക്തിത്വസവിശേഷതകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ ഏക കുടുംബമായി നിലനില്‍ക്കുന്നില്ലേ? ഏക ദൈവംപോലും പിതാവും പുത്രനും പരി. റൂഹായുമായ ത്രിത്വൈകദൈവമായിട്ടല്ലേ നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്? അപ്പോ ള്‍ പിന്നെ സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ എന്നൊക്കെ വിവിധ വ്യക്തിസഭകളായിരിക്കുന്നതുകൊണ്ട് അത് ഭിന്നിപ്പിനു കാരണമാകില്ലേ എന്ന സംശയത്തിന് വലിയ അടിസ്ഥാനമില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള ഡിക്രി (ഓറിയന്താലിയം ഏക്ലേസിയരും) നമ്മെ പഠിപ്പിക്കുന്നതു ശ്രദ്ധിക്കു ക:
"മിശിഹായുടെ നിഗൂഢശരീരവും വിശുദ്ധവും കാതോലികവുമായ തിരുസഭ ഒരേ വിശ്വാസത്തിലും ഒരേ കൂദാശകളാലും ഒരേ ഭരണത്താലും പരിശുദ്ധാത്മാവില്‍ സാവയവം സംയോജിക്കപ്പെട്ട്,  ഹയരാര്‍ക്കിയാല്‍ വിവിധ സമൂഹങ്ങളായി സംഘടിപ്പിക്കപ്പെട്ട വ്യക്തിസഭകള്‍ അഥവാ റീത്തുകളായിത്തീര്‍ന്നിരിക്കുന്ന വിശ്വാസികളുടെ ഗണമാണ്.  ഇവ തമ്മില്‍ വിസ്മയകരമായ സംസര്‍ഗ്ഗം നിലനില്‍ക്കുന്നു. അങ്ങനെ സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുകയല്ല, പ്രത്യുത അതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്. ഓരോ വ്യക്തിസഭയുടെയും അഥവാ റീത്തിന്റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനില്‍ക്കണമെന്നതാണ് കത്തോലിക്കാസഭയുടെ ലക്ഷ്യം". (പൗരസ്ത്യകത്തോലിക്കാസഭകളെക്കുറിച്ചുള്ള ഡിക്രി, 2).

എന്തുകൊണ്ട് വിവിധ സഭകള്‍?
വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ എഴുതിയ ഒന്നാം ലേഖനത്തിലെ മൂന്നാം അദ്ധ്യായത്തില്‍ "ആദ്യംമുതലേ ഉള്ളതും, ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകൊണ്ടു കണ്ടതും ദര്‍ശനം നടത്തിയതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്" (1യോഹ 1,1) എന്നുപറയുന്നുണ്ട്. ഈശോയോടൊപ്പം ഉണ്ടായിരുന്ന 12 ശ്ലീഹന്മാരും (യൂദാസിനു പകരം മത്തിയാസ്) ഉത്ഥാനത്തിനു ശേഷം ഈ ശോ നേരിട്ടു വിളിച്ച വി. പൗലോസ് ശ്ലീ ഹായും ഈ ജീവന്റെ വചനത്തെക്കുറിച്ചാണ് അതായത് ഈശോയെ, ഈശോയാകുന്ന സുവിശേഷത്തെ ആണ് പ്രഘോഷിച്ചത്. ശ്ലീഹന്മാരെല്ലാവരുടെയും പ്രഘോഷണവിഷയം ഈശോമിശിഹാ എന്ന ഏകവ്യക്തിയായിരുന്നു. എന്നാല്‍ ഓരോ ശ്ലീഹായുടെയും മിശിഹാ അനുഭവം ഒരിക്കലും ഒന്നാകാന്‍ തരമില്ല. ഓരോ ശ്ലീഹായുടെയും മിശിഹാനുഭവം വ്യത്യസ്തമായിരിക്കുമല്ലൊ. ഉദാഹരണത്തിന്, പത്രോസ് ശ്ലീഹായുടെ മനസ്സില്‍ ഒളിമങ്ങാതെ നില്‍ക്കുന്നത് ഈശോയുടെ പീഡാസഹനവും മരണവുമായിരിക്കുമല്ലൊ. നിര്‍ണ്ണായകമായ ഒരുഘട്ടത്തില്‍ ഈശോയെ തള്ളിപ്പറഞ്ഞ പത്രോസിന് ഈശോയുടെ നോട്ടം എങ്ങനെ മറക്കാനാകും! അതുപോലെ നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ മനസ്സില്‍ എപ്പോഴും പ്രശോഭിച്ചുനിന്നത് ഉത്ഥാനാനന്തരമുള്ള ഈശോയുടെ പ്രത്യക്ഷീകരണമാണെന്നതില്‍ സംശയമില്ല. യോഹന്നാന്‍ ശ്ലീഹായ്ക്കാണെങ്കില്‍ ദൈവത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായ മിശിഹായെക്കുറിച്ചായിരുന്നല്ലൊ പങ്കുവയ്ക്കുവാനുണ്ടായിരുന്നത്. ഇതുപോലെ ഓരോ ശ്ലീഹായ്ക്കും വ്യത്യസ്തവും തങ്ങള്‍ക്കുമാത്രം പ്രിയപ്പെട്ടതുമായ മിശിഹാനുഭവം ഉണ്ടായിട്ടുണ്ടാകും. ഈ അനുഭവത്തില്‍ ഊന്നിനിന്നുകൊണ്ടായിരിക്കുമല്ലൊ അവര്‍ മിശിഹായെ പ്രഘോഷിച്ചത്.
ശ്ലീഹന്മാര്‍ ജറുസലേമില്‍ തുടങ്ങിവെച്ച സുവിശേഷപ്രഘോഷണം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചുവെന്നു നമുക്കറിയാം. വളരെ വ്യത്യസ്തമായ ഭാഷയും സംസ്‌ക്കാരങ്ങളും ആചാരരീതികളും മനോഭാവങ്ങളും ജീവിതരീതികളുമൊക്കെയുള്ള ആളുകളിലേക്കാണ് ഓരോ ശ്ലീഹായും തങ്ങളുടെ അനന്യമായ മിശിഹാനുഭവം എത്തിച്ചുകൊടുത്തത്. ഇപ്രകാരം സുവിശേഷം പ്രഘോഷിച്ച ശ്ലീഹന്മാരുടെ മിശിഹാനുഭവത്തിന്റെ പ്രത്യേകതകളും സുവിശേഷം സ്വീകരിച്ച ജനങ്ങളുടെ സവിശേഷതകളും കൂടിച്ചേര്‍ന്ന് ഏക മിശിഹായില്‍ വിശ്വസിക്കുന്ന, എന്നാല്‍ വ്യത്യസ്തമായ സവിശേഷതകളോടുകൂടിയ സഭകള്‍ ജന്മംകൊണ്ടു.

സഭകള്‍ തമ്മിലുള്ള ഈ വ്യത്യാസത്തിന് വി. ഗ്രന്ഥത്തില്‍ എന്തെങ്കിലും പരാമര്‍ശമോ അടിസ്ഥാനമോ ഉണ്ടോ?
തീര്‍ച്ചയായും. സുവിശേഷങ്ങള്‍ തന്നെ ഏറ്റവും നല്ല ഉദാഹണം. നാലു സുവിശേഷങ്ങളുടെയും കേന്ദ്രബിന്ദു ഈശോതന്നെ. എന്നാല്‍ ഓരോന്നിന്റെയും ഊന്നല്‍ വ്യത്യസ്തവും. ഓരോ സു വിശേഷവും ലക്ഷ്യംവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ജനവിഭാഗങ്ങളെയാണല്ലൊ. ഉദാഹരണത്തിന് യഹൂദ ക്രൈസ്തവരെ മുന്നില്‍കണ്ടുകൊണ്ടാണല്ലൊ മത്തായി സുവിശേഷം അറിയിച്ചിട്ടുള്ളത്. മര്‍ക്കോസിന്റെയും ലൂക്കായുടേതുമാകട്ടെ വിജാതീയക്രൈസ്തവരെയും. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ ഓരോന്നും ഓരോ സഭകളെ അഭിസംബോധന ചെയ്തിട്ടുള്ളവയാണല്ലൊ. സഭകള്‍ തമ്മിലുള്ള ആചാരരീതികളിലുള്ള വ്യത്യസ്തമാണല്ലൊ സഭയിലെ ആദ്യ സൂനഹദോസായ ജറുസലേം സൂനഹദോസിലേയ്ക്ക് വഴിതെളിച്ചത്. യഹൂദ ക്രൈസ്തവരുടെ ആചാരരീതികളും വിജാതീയ ക്രൈസ്തവരുടെ ആചാരരീതികളും അതുപോലെ തുടരുവാനായിരുന്നല്ലൊ ആദ്യമെത്രാന്മാരുടെ തീരുമാനം. (ശ്ലീഹ. നടപടി 15, 1-29).
    ശരി. ഈശോയുടെ സഭ വിവിധ വ്യക്തിസഭകളായിട്ടാണ് ലോകത്തില്‍ പ്രകാശിതമായിരിക്കുന്നത്. ഇവതമ്മില്‍ പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഏതൊക്കെ തലങ്ങളിലാണ് ഐക്യം? ഏതൊക്കെ കാര്യങ്ങളിലാണ് വ്യത്യാസം?
ഐക്യത്തിന്റെ തലങ്ങള്‍ മുമ്പ് സൂചിപ്പിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡിക്രിയില്‍നിന്നുള്ള ഉദ്ധരണിയില്‍നിന്നുതന്നെ വ്യക്തമാണ്. ഒരേ വിശ്വാസം, ഒരേ കൂദാശകള്‍, ഒരേ ഭരണം. ഈശോയില്‍ വിശ്വസിക്കുന്ന ഈ സഭകളിലെല്ലാം ഒരേ കൂദാശകളാണുള്ളത്. എല്ലാ സഭകളും പത്രോസിന്റെ പിന്‍ഗാമിയായ റോമിലെ മാര്‍പ്പാപ്പായുടെ കീഴില്‍ പരിശുദ്ധാത്മാവിനാല്‍ സംയോജിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ വിശ്വാസത്തിന്റെ ആഘോഷവും ആചരണവുമായ ലിറ്റര്‍ജിയുടെയും, വിശ്വാസത്തിന്റെ വ്യാഖ്യാനവും വിശദീകരണവുമായ ദൈവശാസ്ത്രത്തിന്റെയും വിശ്വാസം ജീവിക്കുന്ന രീതി, ആദ്ധ്യാത്മികത ഇവയൊക്കെ സംരക്ഷിക്കുന്നതിനുള്ള ശിക്ഷണത്തിന്റെയും കാര്യത്തില്‍ ഈ സഭകള്‍ തമ്മില്‍ വ്യത്യാസവും നിലനില്‍ക്കുന്നു. ഇപ്രകാരമുള്ള വ്യത്യസ്ത വ്യക്തിസഭകള്‍ റീത്തുകള്‍ എന്ന് പറയപ്പെടുന്നു. ആരാധനക്രമത്തിലും സഭാശിക്ഷണത്തിലും ആദ്ധ്യാത്മിക ഭൗതികസമ്പത്തിലും ഭാഗികമായി ഇവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാലും ഭാഗ്യപ്പെട്ട പത്രോസിന്റെ പരമാധികാരത്തില്‍ സാര്‍വ്വത്രിക സഭയുടെമേല്‍ മുഴുവന്‍ ദൈവദത്തമായി പിന്തുടരുന്ന റോമാ മാര്‍പ്പാപ്പായുടെ അജപാലന ഭരണത്തിന് തുല്യരീതിയില്‍ ഇവയെല്ലാം ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. റീത്തിന്റെ കാര്യത്തില്‍ അവയിലൊന്നും മറ്റുള്ളവയേക്കാള്‍ ഉത്കൃഷ്ടമല്ല..." (O. E. 3)

 വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. പരിശുദ്ധകത്തോലിക്കാസഭ എന്ന് മനസ്സിലായി. എത്ര സഭകളാണ് കത്തോലിക്കാ കൂട്ടായ്മയിലുള്ളത്?

ആറു സഭാകുടുംബങ്ങളിലായി (ലിറ്റര്‍ജിക്കല്‍ ഫാമിലീസ്) 23 വ്യക്തിസഭകളാണ് കത്തോലിക്കാസഭയിലുള്ളത്. ഒരു പാശ്ചാത്യസഭയും 22 പൗരസ്ത്യസഭകളും.
പൗരസ്ത്യ ദേശവും ഈശോയുടെ പ്രവര്‍ത്തനമേഖലയുമായ ജറുസലേമിലാണ് സഭയുടെ ആരംഭം എന്നറിയാമല്ലൊ. ഇവിടെ ആരാധനാഭാഷ അറമായ അഥവാ സുറിയാനിയുമായിരുന്നു. എല്ലാ സഭകളുടെയും മാതൃസഭ എന്ന് പറയാമെങ്കില്‍ അതു ജറുസലേമിലെ സഭയും മാതൃലിറ്റര്‍ജി എന്ന് പറയാവുന്നത് സുറിയാനി ലിറ്റര്‍ജിയുമാണ്. സഭ വളര്‍ന്നു വികസിതമായപ്പോള്‍ റോമാ സാമ്രാജ്യത്തിന്റെ പാശ്ചാത്യതലസ്ഥാനമായ റോമിലും പൗരസ്ത്യതലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലും വലിയ സഭാകേന്ദ്രങ്ങള്‍ വളര്‍ന്നുവന്നു. പിന്നീട് അലക്‌സാണ്‍ഡ്രിയായിലും അന്ത്യോക്യായിലും സഭാകേന്ദ്രങ്ങളുണ്ടായി. സുറിയാനി സഭാകേന്ദ്രം ക്രമേണ എദേസാ-സെല്യൂഷ്യാ സ്റ്റെസിഫണ്‍ എന്നിവ കേന്ദ്രമാക്കിയാണ് വളര്‍ന്നത്. പിന്നീട് അര്‍മേനിയായും സഭാകേന്ദ്രമായി. ഇങ്ങനെ ആറ് സഭാകേന്ദ്രങ്ങള്‍ വളര്‍ന്നു വികസിതമായി. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമിലെ ആരാധനഭാഷ ലത്തീനായിരുന്നു. റോമിലെ സഭ പാശ്ചാ ത്യ സഭ (ലത്തീന്‍) എന്നറിയപ്പെടുന്നു. ബാക്കി എല്ലാ സഭകളും പൗരസ്ത്യ റോമാ സാമ്രാജ്യത്തിലോ അതിനു വെളിയിലോ വളര്‍ന്നുവന്നവയാണ്. ഇവയെല്ലാം പൊതുവെ പൗരസ്ത്യ സഭകള്‍ എന്നാണറിയപ്പെടുന്നത്.

ഓരോ സഭാകുടുംബത്തിലും പെട്ട സഭകള്‍ ഏവയെന്നു പറയാമോ?
ആറു കുടുംബങ്ങളിലായി 23 വ്യക്തിസഭകള്‍ എന്നുപറഞ്ഞല്ലൊ. അവ താഴെ കൊടുക്കുന്നു.

തയ്യാറാക്കിയത് : ആന്റണി കെ. സി. കിഴക്കേവീട്‌


useful links