മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും

Friday 08 March 2019

ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
1.    സുവിശേഷാധിഷ്ഠിതമായ ജീവിതം നയിക്കാനുള്ള ആഹ്വാനമാണ് ഈശോ തന്റെ അനുയായികള്‍ക്കു നല്‍കിയത്. അതിനായി തന്റെ ആദ്യശിഷ്യന്മാരെ നേരിട്ട് പരിശീലിപ്പിച്ചു. സുവിശേഷത്തിന്റെ അന്തസ്സത്ത ദൈവസ്‌നേഹവും പരസ്പരസ്‌നേഹവുമാണെന്ന് പഠിപ്പിച്ചു. ഇപ്രകാരം സ്‌നേഹത്തില്‍ ഐക്യപ്പെട്ട് ഏകശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ പരസ്പരം സഹായിച്ചും സഹകരിച്ചും അംഗീകരിച്ചും ആദരിച്ചും ഏകമനസ്സോടെ ജീവിച്ച് സുവിശേഷത്തിനു സാക്ഷ്യം വഹിക്കുകയാണ് ക്രൈസ്തവര്‍ എന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം. ഇങ്ങനെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കാന്‍, സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ രക്ഷകനായ ഈശോയെ ലോകത്തിനു കാണിച്ചുകൊടുക്കാന്‍ നമ്മള്‍ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു.
    ഇപ്രകാരമൊരു ജീവിതസാക്ഷ്യത്തിന് ഉത്തമമാതൃകയാണ് ആദിമ ക്രൈസ്തവസമൂഹം. അവര്‍ എപ്രകാരം ജീവിച്ചു എന്ന് ശ്ലീഹന്മാരുടെ നടപടി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. കൂടാതെ സുവിശേഷങ്ങളില്‍നിന്നും ലേഖനങ്ങളില്‍നിന്നും ക്രിസ്തീയജീവിതം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അതനുസരിച്ച് ജീവിക്കാന്‍ അറിവും പരിശീലനവും നല്‍കുകയാണ് മതബോധനത്തിന്റെ ലക്ഷ്യം. അതായത്, ക്രിസ്തീയവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള പരിശീലനം. അതിനാല്‍ മതബോധനം വിശ്വാസജീവിതപരിശീലനമാണ്. സഭയുടെ ഈ സുപ്രധാനദൗത്യനിര്‍വ്വഹണം സംബന്ധിച്ച് നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.
2. ഒന്ന് : ആദിമക്രൈസ്തവസമൂഹത്തെ മാതൃകയാക്കി ജീവിക്കാനുള്ള പരിശീലനം മതബോധനംവഴി നല്‍കണം.
    ആദിമ ക്രൈസ്തവസമൂഹം എങ്ങനെ ജീവിച്ചു എന്ന് ശ്ലീഹന്മാരുടെ നടപടി പുസ്തകം വിവരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, അവര്‍ താല്പര്യപൂര്‍വ്വം ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കയും ശ്ലീഹന്മാരുടെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുകയും അപ്പം മുറിക്കയും ഓരോരുത്തരും തങ്ങള്‍ക്കുള്ളത് ആവശ്യാനുസരണം മറ്റുള്ളവരുമായി പങ്കുവച്ച് കൂട്ടായ്മയില്‍ ജീവിക്കയും ചെയ്തു എന്നതാണ്. അതായത്, അവര്‍ നല്ല പ്രാര്‍ത്ഥനാചൈതന്യമുള്ളവരായിരുന്നു. കൂടെക്കൂടെ ഒരുമിച്ചുകൂടുകയും സമൂഹപ്രാര്‍ത്ഥനയില്‍ താല്പര്യപൂര്‍വ്വം പങ്കുചേരുകയും ചെയ്തിരുന്നു. ഈശോയില്‍നിന്ന് പരിശീലനവും അധികാരവും ലഭിച്ച ശ്ലീഹന്മാര്‍ നല്‍കിയ പ്രബോധനത്തില്‍ അവര്‍ ഉറച്ചുനിന്നു. വിശ്വാസത്തിലും പ്രബോധനത്തിലും ഈശോയാകുന്ന മൂലക്കല്ലിലും ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാനത്തിലും ആഴത്തില്‍ വേരൂന്നി അവര്‍ വളര്‍ന്നു. അതാണല്ലോ കത്തോലിക്കാസഭയുടെ ദൈവികവും ശ്ലൈഹികവുമായ അടിത്തറ. 'അപ്പം മുറിക്കല്‍' എന്നു വിളിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ആദിമക്രൈസ്തവസമൂഹം താല്പര്യത്തോടെ പങ്കുചേര്‍ന്നിരുന്നു. അതാണവര്‍ക്ക് കര്‍ത്താവിന്റെ സാന്നിദ്ധ്യവും ശക്തിയും പകര്‍ന്നത്. ഇപ്രകാരം പ്രാര്‍ത്ഥനയിലും സുവിശേഷപ്രബോധനത്തിലും വിശുദ്ധ കുര്‍ബാനയിലും അടിസ്ഥാനമിട്ട ദൃഢമായ സ്‌നേഹകൂട്ടായ്മയായിരുന്നു ആദിമക്രൈസ്തവസമൂഹം. ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് എല്ലാവരെയും സ്വന്തം സഹോദരങ്ങളായി കണ്ട അവര്‍ കഴിവനുസരിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധരായിരുന്നു.
    ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളും വിശുദ്ധരുടെ സഹപൗരരുമാണ് സഭാംഗങ്ങള്‍ എന്നുള്ള പൗലോസ്ശ്ലീഹായുടെ വാക്കുകളും ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍ പോലെ, റൂഹാദ്ക്കുദ്ശായില്‍ സംയോജിപ്പിക്കപ്പെട്ട് മിശിഹായില്‍ ഏകശരീരമായി രൂപപ്പെടുത്തപ്പെട്ട ദൈവിക കൂട്ടായ്മയാണ് സഭ എന്ന പ്രബോധനവും യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന വിശ്വാസപരിശീലനമാണ് മതബോധനം ലക്ഷ്യം വയ്‌ക്കേണ്ടത്.
3. ര് : വിശ്വാസപരിശീലനത്തിന്റെ പ്രഥമ വിദ്യാലയം കുടുംബമാണ്.
    ദൈവത്തിന്റെ പദ്ധതിയനുസരിച്ച് ഒരു മനുഷ്യവ്യക്തി ജന്മംകൊണ്ട് വളരുന്നത് കുടുംബത്തിലും മാതാപിതാക്കളും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലുമാണ്. അമ്മയുടെ ഉദരത്തില്‍ ജന്മംകൊള്ളുന്ന നിമിഷം മുതല്‍ ഗര്‍ഭസ്ഥശിശുവിന്റെമേല്‍ മാതാപിതാക്കളുടെയും കുടുംബപശ്ചാത്തലത്തിന്റെയും സ്വാധീനമുണ്ടാകും. അതിനാല്‍ ഗര്‍ഭകാലം മുതലേ കുഞ്ഞുങ്ങളുടെ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. ദൈവത്തിന്റെ അമൂല്യദാനങ്ങളായ മക്കളെ നന്ദിപൂര്‍വ്വം സ്വീകരിച്ച് വളര്‍ത്തുന്നതോടൊപ്പം അവര്‍ ദൈവത്തിന്റെ മക്കളാണെന്നു മനസ്സിലാക്കി, ദൈവത്തെ അറിയാനും സ്‌നേഹിക്കാനും അനുസരിക്കാനും മക്കളെ പരിശീലിപ്പിക്കേണ്ട പ്രഥമ കടമ മാതാപിതാക്കളുടേതാണ്. സ്വന്തം ജീവിതവും കുടുംബജീവിതപശ്ചാത്തലവും അതിനനുസൃതമായിരിക്കണം. വാക്കിലും പ്രവൃത്തിയിലും കുഞ്ഞുങ്ങള്‍ക്ക് ഉത്തമമാതൃകയായിരിക്കണം മാതാപിതാക്കളും കുടുംബത്തിലെ ജീവിതാനുഭവങ്ങളും. തിരിച്ചറിവുവരാത്ത കുഞ്ഞുങ്ങളെ തെറ്റിലേക്കോ തെറ്റായ ആശയങ്ങളിലേക്കോ നയിക്കുന്ന ദുര്‍മാതൃകയെ ഈശോ എത്ര കഠിനമായിട്ടാണ് അപലപിക്കുന്നതെന്ന് നമുക്കറിയാമല്ലോ.
4.     കുടുംബത്തില്‍നിന്നാണ് കുഞ്ഞുങ്ങള്‍ ആദ്യമായി പ്രാര്‍ത്ഥിക്കാനും ദൈവത്തെ സ്‌നേഹിക്കാനും മറ്റുള്ളവരെ അറിയാനും സ്‌നേഹപൂര്‍വ്വം പെരുമാറാനും ഒക്കെ പരിശീലിക്കുന്നത്. ആദ്യം ലഭിക്കുന്ന ഈ പരിശീലനം ശരിയായ രീതിയിലല്ലെങ്കില്‍ അത് കുഞ്ഞുങ്ങളുടെ സ്വഭാവരൂപവല്ക്കരണത്തിലും വ്യക്തിത്വരൂപീകരണത്തിലും വൈകല്യങ്ങള്‍ സൃഷ്ടിക്കും. മാതാപിതാക്കളും കുടുംബാംഗങ്ങളും ഇക്കാര്യത്തില്‍ അതീവശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സേവനത്തിന്റെയും ദൈവവിശ്വാസത്തിന്റെയും നല്ല അനുഭവം കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന അന്തരീക്ഷമായിരിക്കണം കുടുംബത്തിലേത്. അധാര്‍മ്മിക ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രേരണ നല്‍കുന്നതൊന്നും കുടുംബത്തിലുണ്ടാകരുത്. എല്ലാക്കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തണമെന്നുള്ള ബോദ്ധ്യം കുഞ്ഞുങ്ങളില്‍ ജനിപ്പിക്കണം. മദ്യത്തിന്റെയും ലഹരിയുടെയും ദോഷവശങ്ങളെക്കുറിച്ചും, മാധ്യമങ്ങളുടെ ദുരുപയോഗം ഉളവാക്കുന്ന നാശങ്ങളെക്കുറിച്ചും ഇളംതലമുറയ്ക്ക് കുടുംബങ്ങളില്‍നിന്നുതന്നെ പരിശീലനവും ബോദ്ധ്യവും ലഭിക്കണം. അയല്‍ക്കാരെ സ്‌നേഹിക്കാനും, പാവപ്പെട്ടവരെ സഹായിക്കാനുമുള്ള മനസ്സ് കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കണം. ദൈവത്തെയും സഭയെയും സ്‌നേഹിക്കാനും അനുസരിക്കാനും കുഞ്ഞുങ്ങള്‍ പഠിച്ചു തുടങ്ങുന്നത് കുടുംബത്തില്‍നിന്നാണ്. ശുചിത്വബോധവും അവരില്‍ ജനിപ്പിക്കണം.
    വീട്ടില്‍ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ആയിരുന്നുകൊണ്ട്, സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും നല്ല അനുഭവത്തില്‍ വളരാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം ലഭിക്കണം. ചുരുക്കത്തില്‍ സഭയുടെ ഒരു ചെറിയ പതിപ്പെന്ന നിലയില്‍ വിശുദ്ധിയിലും കൂട്ടായ്മയിലും വിശ്വാസത്തിലും പ്രാര്‍ത്ഥനാനുഭവത്തിലും വളര്‍ന്ന് സഭയോടൊത്തുള്ള ജീവിതത്തിന് അടിത്തറ പാകാന്‍ കുടുംബം കളമൊരുക്കണം. അതിന്റെ മുഖ്യ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്.
5. മൂന്ന് : ഇടവക കൂട്ടായ്മയില്‍ ഉള്‍ച്ചേര്‍ന്ന് ജീവിക്കാനുള്ള പരിശീലനം ലഭിക്കണം. സഭാത്മക ജീവിതത്തിന് അനിവാര്യമാണ് ഇടവകയുമായുള്ള സജീവബന്ധം.
    ദൈവജനം സഭയായി സമ്മേളിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏറ്റവും പ്രാദേശികമായ കൂട്ടായ്മയാണ് ഇടവക. രൂപതയാകുന്ന പ്രാദേശികസഭയുടെ പ്രായോഗിക സാന്നിദ്ധ്യമാണ് ഇടവകകൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമാകുന്നത്. വിശ്വാസികളുടെ സഭാത്മകമായ ഒത്തുചേരലുകളും ദൈവാരാധനയും പ്രബോധനങ്ങളും പരിശീലനവും പങ്കുവയ്ക്കലുമെല്ലാം മുഖ്യമായും നിര്‍വ്വഹിക്കപ്പെടുന്നത് ഇടവക ദൈവാലയം കേന്ദ്രീകരിച്ചാണ്. കുടുംബത്തില്‍ അടിസ്ഥാനമിടുന്ന വിശ്വാസജീവിതപരിശീലനം തുടരുകയും പക്വതയിലേക്കു വളരുകയും ചെയ്യുന്നത് ഇടവകതലത്തിലാണ്. സഭാജീവിതത്തിന്റെ ആഴമേറിയതും ഔദ്യോഗികവുമായ അനുഭവം വിശ്വാസികള്‍ക്കു കൈവരുന്നത് ഇടവകകൂട്ടായ്മയിലെ സജീവ പങ്കാളിത്തത്തിലൂടെയാണ്. അതിന്റെ കേന്ദ്രം വിശുദ്ധ കൂര്‍ബാനയും കൂദാശകളുമാണ്. ആദിമസഭയിലെന്നതുപോലെ നിരന്തരമായ പ്രാര്‍ത്ഥനാനുഭവം ഉളവാക്കുന്നതാണ് സഭയുടെ യാമപ്രാര്‍ത്ഥനകള്‍.
    സാര്‍വ്വത്രികസഭയുടെ വിശാലമായ ജീവിതത്തിലേക്ക് തുറവി ലഭിക്കുന്നത് ഇടവകജീവിതത്തിലൂടെയാണ്. സഭാമക്കള്‍ ദൈവോന്മുഖമായി വളരുന്നതും പരിപോഷിപ്പിക്കപ്പെടുന്നതും ഇടവകയിലെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെയാണ്. പരസ്പരം ബന്ധപ്പെട്ടും സ്‌നേഹിച്ചും ഒരുമിച്ചു പഠിച്ചും ആരാധിച്ചും പങ്കുവച്ചും സഭാകൂട്ടായ്മയില്‍ വളരാന്‍ ഇടവക കേന്ദ്രീകൃതമായ അജപാലനശുശ്രൂഷ സഹായിക്കുന്നു.
    കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ എല്ലാ വിഭാഗങ്ങളിലും പെട്ട സഭാമക്കള്‍ക്കുവേണ്ടിയുള്ള വിശ്വാസപരിശീലനപദ്ധതികളും ഇതരപരിപാടികളും ഇടവക കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
6.     കുടുംബത്തിന്റെ പരിമിതമായ സാഹചര്യത്തില്‍ അസാദ്ധ്യമായ വിപുലങ്ങളായ വിശ്വാസപരിശീലനപരിപാടികള്‍ മിക്കതും തുടര്‍ച്ചയായി നടക്കുന്നതും സഭാത്മകമായ പരസ്പരബന്ധങ്ങളും വിശ്വാസപ്രബോധനങ്ങളും ആധികാരികമായി സാധിക്കുന്നതും ഇടവകകള്‍ കേന്ദ്രീകരിച്ചാണ്. അതിനാല്‍ ഇടവകയുമായി സജീവബന്ധം പുലര്‍ത്തിക്കൊണ്ടേ ശരിയായ വിശ്വാസപരിശീലനം സാധ്യമാകൂ. മക്കളുടെ കാര്യത്തില്‍ അതുറപ്പാക്കാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ട്. അവരെ ഇക്കാര്യത്തില്‍ സഹായിക്കുന്ന പ്രധാന വിശ്വാസപരിശീലനവേദിയാണ് സണ്ടേസ്‌കൂള്‍. ഈ രംഗത്ത് മതാദ്ധ്യാപകര്‍ നല്‍കുന്ന സേവനം വിലപ്പെട്ടതും മഹത്തരവുമാണ്. അതേസമയം ഇങ്ങനെയൊരു ദൗത്യനിര്‍വ്വഹണത്തിനു ചേര്‍ന്നവിധമുള്ള പരിശീലനം നേടാനും ആത്മീയമായി ഒരുങ്ങി വിശ്വാസജീവിതത്തിന്റെ ഉത്തമമാതൃകകളാകാനും മതാദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
    ബോധനം നല്‍കുക മാത്രമല്ല, സഭയെ സ്‌നേഹിച്ച് ഇടവകകൂട്ടായ്മയില്‍ ഉള്‍ച്ചേര്‍ന്ന് സഭയോടൊപ്പം ചിന്തിക്കാനും ജീവിക്കാനും സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേരാനും കുട്ടികളെ പരിശീലിപ്പിച്ച് ഒരുക്കേണ്ടതുണ്ട്. തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സഭയെ അറിഞ്ഞ്, സ്‌നേഹിച്ച്, അതിന്റെ വിശ്വാസപാരമ്പര്യങ്ങളെ ആദരിച്ച് പാലിക്കാന്‍ കുട്ടികളെ അദ്ധ്യാപകര്‍ തയ്യാറാക്കണം. ലോകത്തിലെവിടെയായാലും സഭയോടൊത്ത് ജീവിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തണം.
7.     വിശ്വാസപരിശീലനം സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്ന ശ്രേഷ്ഠമായ പ്രവൃത്തിയാണെന്നും സഭ മിശിഹായുടെ ശരീരമാണെന്നും അതിനാല്‍ റൂഹാദ്ക്കുദ്ശായുടെ സഹായത്താലല്ലാതെ അത് അസാദ്ധ്യമാണെന്നും മതാദ്ധ്യാപകര്‍ക്ക് ബോദ്ധ്യമുണ്ടായിരിക്കണം. അതിനാല്‍ അവരുടെ പ്രാര്‍ത്ഥനാജീവിതം ആഴമേറിയതും ജീവിതം നിര്‍മ്മലവും ശുശ്രൂഷ നിസ്വാര്‍ത്ഥവും വിനയാന്വിതവുമാകണം. ഈശോ ശിഷ്യന്മാരെ പരിശീലിപ്പിച്ചതിന്റെ തുടര്‍ച്ചയാണ് സഭയില്‍ തുടരുന്ന വിശ്വാസപരിശീലനം. ഈശോയുടെ മനോഭാവവും ശൈലിയും ഉള്‍ക്കൊള്ളാന്‍ വിശ്വാസപരിശീലകര്‍ നിരന്തരം പരിശ്രമിക്കണം.
    മതബോധനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. റൂഹാദ്ക്കുദ്ശാ നിങ്ങളെ നയിക്കട്ടെ.
സ്‌നേഹപൂര്‍വ്വം,

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത
 


useful links