ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍

Friday 29 March 2019

ബഹു. ഫാ. അഗസ്റ്റിന്‍ (ഫെലിക്‌സ്) പാടിയത്ത്

പ്രിയപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ നൊമ്പരം നല്‍കിയാണ് പ്രിയ ബഹുമാനപ്പെട്ട ഫെലിക്സ് പാടിയത്തച്ചന്‍ വേര്‍പിരിഞ്ഞത്. 2018 ഡിസംബര്‍ 26-ാം തീയതി ചികിത്സക്കായി പോകുമ്പോള്‍ പ്രാര്‍ത്ഥിക്കണം എല്ലാം ശരിയായി തിരികെ വരുമ്പോള്‍ കാണം എന്ന ആത്മവിശ്വാസത്തോടെ പറഞ്ഞിറങ്ങിയ അച്ചന്റെ വാക്കുകള്‍ ഇന്ന് ഒരു നീറ്റലായിമുഴങ്ങുകയാണ്...

ആത്മാര്‍ത്ഥത നിറഞ്ഞ സൗഹൃദങ്ങള്‍ ഫെലിക്സ് അച്ചന് എന്നും  കരുത്തായിരുന്നു. പരിശീലന കാലഘട്ടങ്ങളിലും തുടര്‍ന്ന് ലഭിച്ച ശുശ്രൂഷാ മേഖലകളിലും അത് തിരിച്ചറിയപ്പെട്ടതാണ്. എപ്പോഴും മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിയും, കരുതല്‍ നിറഞ്ഞ ഇടപെടലുകളും, നര്‍മ്മം നിറഞ്ഞ സംഭാഷണങ്ങളും സൗഹൃദങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കായിരുന്നു. പ്രായഭേദമന്യേ ഏവരെയും തന്റെ സൗഹൃദവലയത്തിലേക്ക് അച്ചന്‍ സ്വാഗതം ചെയ്തിരുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും അച്ചന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ശുശ്രൂഷാകാലഘട്ടങ്ങളില്‍ അച്ചന്‍ നടത്തിയ യുവജനശുശ്രൂഷകള്‍ ഏവരുടെയും മനസ്സില്‍ പച്ച കെടാതെ നില്‍ക്കുകയാണ്. സഹവൈദികരുടെ അനുഭവങ്ങളും വ്യത്യസ്തമല്ല. പക്ഷെ അതിനുവേണ്ടി തന്റെ ഉറച്ച ബോദ്ധ്യങ്ങളിലും നിലപാടുകളിലും അച്ചന്‍ കലര്‍പ്പു വരുത്തിയിരുന്നില്ല. അച്ചനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന അനേകായിരങ്ങളും മൃതസംസ്‌കാരവേളയില്‍ പങ്കെടുത്തിരുന്ന ആളുകളും അച്ചന്റെ സൗഹൃദത്തിന്റെ അടയാളങ്ങളാണ്. 

ബലിപീഠത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജീവിതമായിരുന്നു അച്ചന്റേത്. പ്രാര്‍ത്ഥിച്ചൊരുങ്ങി അര്‍പ്പിച്ചിരുന്ന ബലികള്‍ വരദാനമായി ലഭിച്ച സംഗീതംകൂടി ചേര്‍ത്തപ്പോള്‍ ദൈവകൃപയുടെ വലിയ അനുഭവങ്ങളായി മാറിയിരുന്നു.രോഗത്താല്‍ കലുഷിതമായ അവസാനകാലഘട്ടത്തെ സഹനങ്ങള്‍ പരിഭവങ്ങളില്ലാതെ സ്വീകരിക്കാന്‍ അച്ചന് സാധിച്ചതും ഈ ബലിയുടെ കരുത്തുകൊണ്ടാകും. തന്റെ രോഗവിവരം അറിഞ്ഞപ്പോള്‍ അതിനെ പ്രതി മറ്റാരും പ്രത്യേകിച്ച് മാതാപിതാക്കളും സഹോദരങ്ങളും നൊമ്പരപ്പെടരുത് എന്ന് അച്ചന് നിര്‍ബന്ധമായിരുന്നു. പലപ്രാവശ്യം അത് തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. അച്ചന്റെ സഹനങ്ങള്‍ മിശിഹായുടെ ബലിയോട് ചേര്‍ക്കപ്പെടുകയായിരുന്നു. അച്ചനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന അനേകര്‍ ഇന്നും ഒരുമാദ്ധ്യസ്ഥ്യം പോലെ അത് തുടരുകയാണ്. ലളിതമായ ജീവിതശൈലി അനുവര്‍ത്തിച്ചിരുന്ന അച്ചന്‍ മറ്റുള്ളവരോട് വലിയകരുതല്‍ സൂക്ഷിക്കുന്നതിലും വീഴ്ചവരുത്തിയിരുന്നില്ല.  തന്റെ കയ്യില്‍ ഉള്ളതൊക്കെയും നിര്‍ദ്ധനരായ ഒരുകുടുംബത്തിനു നല്കണമെന്നതായിരുന്നു അച്ചന്റെ ആഗ്രഹം. സഹപാഠികളോട് അച്ചന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

1986 മാര്‍ച്ച് 3-ാം തീയതി വെട്ടിമുകള്‍ എം.സി. എബ്രാഹം-ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി ഭൂജാതനായ ബഹുമാനപ്പെട്ട ഫെലിക്സ് അച്ചന്‍ സെന്റ് ജോസഫ് ടൗണ്‍ സ്‌കൂളിലും ഇമ്മാനുവേല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എസ്.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവും ചങ്ങനാശേരി എസ്.ബി. കോളേജില്‍ എം.എ. പഠനവും പൂര്‍ത്തിയാക്കി കുറിച്ചി മൈനര്‍ സെമിനാരിയിലും കുന്നോത്ത് മേജര്‍ സെമിനാരിയിലും ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം നേടിയ അച്ചന്‍ 2013 ഡിസംബര്‍ 31-ാം തീയതി പുരോഹിതനായി അഭിഷിക്തനായി. എടത്വാ ഫൊറോന പള്ളിയില്‍ വൈദിക ശുശ്രൂഷ ആരംഭിച്ച അച്ചന്‍ അഞ്ചല്‍, പഴയൂര്‍, മീന്‍കുളം സ്‌കൂള്‍, കുമരകം വടക്കുംകര എന്നീ ഇടവകകളില്‍ ശുശ്രൂഷ ചെയ്തു. കുമരകത്തെ ശുശ്രൂഷകളൊടൊപ്പം കോട്ടയം സീരിയില്‍ സുറിയാനി പഠിക്കുന്നതിനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു. ദീര്‍ഘനാള്‍ ആശുപത്രികളില്‍ രോഗശയ്യയിലായിരുന്ന അദ്ദേഹം 2019 ഫെബ്രുവരി മാസം 25-ാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായി. 2019 ഫെബ്രുവരി മാസം 27-ാം തീയതി മാതൃ ഇടവകയായ വെട്ടിമുകള്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ അഭിവന്ദ്യ ജോസഫ് പോരുംന്തോട്ടം പിതാവിന്റെയും അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെയും കാര്‍മ്മികത്വത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപെട്ടു. 

1986 ലെ മംഗളവാര്‍ത്താതിരുനാളില്‍ ഈ ഭൂമിയില്‍ ജന്മം കൊണ്ട കര്‍ത്താവിന്റെ തിരുവയസ്സോളം ഭൂമിയില്‍ ശുശ്രൂഷ നല്‍കിയ ഫെലിക്സച്ചന്‍ നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് നമുക്കു വിശ്വസിക്കാം

ഫാ. ജോസഫ് പുരയ്ക്കല്‍

 


useful links