മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്

Saturday 30 March 2019

 

പരി. കുര്‍ബാനയിലെ സമര്‍പ്പണപരമായ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തില്‍ മൂന്ന് കൂദാശകളാണത്. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ, മാര്‍ തെയദോറിന്റെ കൂദാശ, മാര്‍ നെസ്‌തോറിയസിന്റെ കൂദാശ. പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൂദാശക്രമമാണ് മാര്‍ നെസ്‌തോറിയസിന്റേത്. വളരെ ആഘോഷപൂര്‍വകമായ ഈ കൂദാശക്രമം ആരാധനക്രമവത്സരത്തിലെ അഞ്ച് ദിവസങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. ദനഹാ, വിശുദ്ധ യോഹന്നാന്‍ മാംദാനായുടെ വെള്ളിയാഴ്ച, ഗ്രീക്ക് മല്പാന്മരുടെ ഓര്‍മ്മ, മൂന്നുനോമ്പിലെ ബുധനാഴ്ച, പെസഹാ വ്യാഴാഴ്ച എന്നിവയാണ് ഈ ദിവസങ്ങള്‍.

1. മൂന്നാമത്തെ കൂദാശയുടെ പുനരുദ്ധാരണം

മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ കുര്‍ബാനക്രമത്തില്‍ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും പേരിലുള്ള ഒന്നാമത്തെ കൂദാശക്രമം മാത്രം മതിയെന്ന് നിശ്ചയിച്ച ഉദയംപേരൂര്‍ സൂനഹദോസ് (1599) മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും പേരിലറിയപ്പെടുന്ന കൂദാശകളുടെ ഉപയോഗം നിര്‍ത്തലാക്കി. എന്നാല്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനരുദ്ധാരണവേളയില്‍ മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും കൂദാശകളും പുനരുദ്ധരിച്ചു ചേര്‍ക്കണമെന്ന് 1957ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘം 1962, 1969, 1983 വര്‍ഷങ്ങളില്‍ ഈ രണ്ട് കൂദാശകളും പുനരുദ്ധരിച്ച് ഉപയോഗിച്ചു തുടങ്ങേണ്ടതിന്റെ ആവശ്യകത അനുസ്മരിപ്പിച്ചിരുന്നു. 1986ല്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനരുദ്ധരിക്കപ്പെട്ട റാസക്രമവും 1989ല്‍ ആഘോഷപൂര്‍വകമായ ക്രമവും സാധാരണക്രമവും നടപ്പിലാക്കിയതിനെത്തുടര്‍ന്ന് മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും കൂദാശകള്‍ പുനരുദ്ധരിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 2012ല്‍ സീറോമലബാര്‍ സിനഡിന്റെയും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെയും അംഗീകാരം ലഭിച്ച മാര്‍ തെയദോറിന്റെ കൂദാശക്രമം 2013 ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍വന്നു.

മാര്‍ നെസ്‌തോറിയസിന്റെ കൂദാശയുടെ പുനരുദ്ധരിച്ച ക്രമത്തിന് 2017 ജനുവരി സിനഡ് അംഗീകാരം നല്കുകയും തുടര്‍ന്ന് 2018 ജൂണ്‍ 19-ാം തീയതി പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം ഈ കൂദാശക്രമത്തിന് പരീക്ഷണാര്‍ഥം ഉപയോഗിക്കുവാനുള്ള അംഗീകാരം നല്കുകയും ചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഗസ്റ്റ് 4-ാം തീയതി നല്കിയ ഡിക്രി പ്രകാരമാണ് ഈ കൂദാശക്രമം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

2. മൂന്നാമത്തെ കൂദാശയുടെ സവിശേഷതയും ദൈവശാസ്ത്ര പ്രാധാന്യവും

പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൂദാശകള്‍പോലെതന്നെ മാര്‍ നെസ്‌തോറിയസിന്റെ കൂദാശയും വിശ്വാസസംബന്ധമായും ദൈവശാസ്ത്രപരമായും ഭദ്രമായ ഒന്നാണെന്ന് ഈ കൂദാശയെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂദാശയിലെ മിശിഹാവിജ്ഞാനീയപരവും റൂഹാവിജ്ഞാനീയപരവും സഭാവിജ്ഞാനീയപരവും കുര്‍ബാനവിജ്ഞാനീയപരവും യുഗാന്ത്യോന്മുഖവുമായ ദര്‍ശനങ്ങള്‍ സത്യവിശ്വാസത്തോടു ചേര്‍ന്നുപോകുന്നതും സ്പഷ്ടമായ വിശുദ്ധഗ്രന്ഥാടിസ്ഥാനമുള്ളതുമാണ്.

ഈ കൂദാശയുടെ ആരംഭത്തില്‍ തന്നെയുള്ള ഭാഷണകാനോനയില്‍ വ്യക്തമായ യുഗാന്ത്യോന്മുഖ ചിന്തകള്‍ കാണുവാന്‍ കഴിയും. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശയില്‍ 'നിങ്ങളുടെ വിചാരങ്ങള്‍ ഉന്നതത്തിലേക്ക് ഉയരട്ടെ' എന്ന ഹ്രസ്വമായ ആശംസയ്ക്കുപകരം ദീര്‍ഘവും യുഗാന്ത്യോന്മുഖചിന്തയാല്‍ സമ്പന്നവും ദൈവശാസ്ത്രവികാസം പ്രാപിച്ചതുമായ ഒരു ആശംസയാണ് നെസ്‌തോറിയസിന്റെ കൂദാശക്രമത്തിലുള്ളത്.

''ഞങ്ങള്‍ ഇടറിവീഴുകയും യാചിക്കുകയും ചെയ്തപ്പോള്‍ അങ്ങ് ഞങ്ങളെ എഴുന്നേല്പ്പിക്കുകയും നവീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്തു. അങ്ങ് ഞങ്ങളെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി. വരുവാനുള്ള രാജ്യം അങ്ങ് കരുണയാല്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്തു.'' രണ്ടാം പ്രണാമജപത്തിലെ ഈ ഏറ്റുപറച്ചില്‍ യുഗാന്ത്യോന്മുഖപ്രതീക്ഷ നമ്മില്‍ നിറയ്ക്കുന്നതാണ്. എന്റെ പ്രത്യാഗമനംവരെ എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇപ്രകാരം ചെയ്യുവിന്‍ എന്നാണ് സ്ഥാപന വാക്യങ്ങള്‍ക്കുശേഷം കാര്‍മികന്‍ ചൊല്ലുന്നത്. മാമ്മോദീസായില്‍ തന്നോടൊത്ത് മരിച്ച് സംസ്‌ക്കരിക്കപ്പെട്ടവരെ തന്റെ വാഗ്ദാനമനുസരിച്ച് ഉയിര്‍പ്പിച്ച് തന്നോടൊത്ത് സ്വര്‍ഗത്തില്‍ ഉപവിഷ്ടരാക്കി എന്ന് മൂന്നാം പ്രണാമജപത്തില്‍ കാര്‍മികന്‍ പ്രാര്‍ത്ഥിക്കുന്നു.

പൗരസ്ത്യസുറിയാനി മിശിഹാവിജ്ഞാനീയത്തിന്റെ ഉത്തമ നിദര്‍ശനങ്ങള്‍ ഈ കൂദാശക്രമത്തില്‍ കാണാം. ഈശോമിശിഹാ പൂര്‍ണദൈവവും പൂര്‍ണമനുഷ്യനും ആണെന്ന വിശുദ്ധ ഗ്രന്ഥപ്രബോധനംതന്നെയാണ് ഈ കൂദാശയിലെ പ്രാര്‍ഥനകളിലുള്ളത്. മിശിഹായുടെ ശൂന്യവത്ക്കരണത്തിന് ഊന്നല്‍ നല്കുന്ന പൗലോസ് ശ്ലീഹായുടെ മിശിഹാവിജ്ഞാനീയത്തിന്റെ (ഫിലി 2:6-7) വ്യക്തമായ സ്വാധീനം മൂന്നാം ഗ്ഹാന്തപ്രാര്‍ത്ഥനയില്‍ കാണാം: ''അങ്ങയോടുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്ത്യമായ ആത്മാവോടും മര്‍ത്ത്യമായ ശരീരത്തോടുംകൂടെ പരിപൂര്‍ണമനുഷ്യനായി സ്ത്രീയില്‍നിന്ന്

ജാതനായി. നിയമത്തിന് അധീനരായവരെ ഉദ്ധരിക്കുവാന്‍ നിയമത്തിന് വിധേയനാവുകയും ചെയ്തു.'' ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ കാണുന്ന സ്ത്രീയില്‍നിന്നുള്ള ദൈവപുത്രന്റെ ജനനം (ഗലാ 4:4) എന്ന ആശയം മൂന്നാം ഗ്ഹാന്തപ്രാര്‍ത്ഥനയില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്.

മൂന്നാമത്തെ കൂദാശക്രമത്തിലെ റൂഹാക്ഷണപ്രാര്‍ത്ഥന താരതമ്യേന ദൈര്‍ഘ്യമേറിയതും ദൈവശാസ്ത്രചിന്തകളാല്‍ വളരെ സമ്പന്നവുമാണ്. പരിശുദ്ധ റൂഹായുടെ കൃപ എഴുന്നള്ളിവന്ന് അപ്പത്തെയും കാസയെയും വാഴ്ത്തി വിശുദ്ധീകരിച്ച് മിശിഹായുടെ ശരീരവും രക്തവുമാക്കി പൂര്‍ത്തീകരിക്കണമെന്ന് റൂഹാക്ഷണപ്രാര്‍ത്ഥനയുടെ സമയത്ത് കാര്‍മികന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്റെ പവിത്രീകരണധര്‍മത്തെക്കുറിച്ച് നാലാം ഗ്ഹാന്തയില്‍ വ്യക്തമായ സൂചനയുണ്ട്. രണ്ടു ഗഹന്താവൃത്തങ്ങളിലായി പരന്നുകിടക്കുന്ന ഈ കൂദാശക്രമത്തിന്റെ മാധ്യസ്ഥ്യപ്രാര്‍ത്ഥനകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. സഭയ്ക്കും ലോകം മുഴുവനും വേണ്ടിയും പലവിധത്തിലും കഷ്ടതയനുഭവിക്കുന്നവര്‍ക്കും ശത്രുക്കള്‍ക്കും വേണ്ടിവരെ അപേക്ഷിക്കുന്ന ഈ അര്‍ഥനകള്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളുടെ ഒരു മാതൃകാവിദ്യാലയമാണെന്നു പറയാം (School of Prayer).

പൗരസ്ത്യസുറിയാനി ആരാധനക്രമദൈവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ നിദര്‍ശനമായി മാര്‍ നെസ്‌തോറിയസിന്റെ കൂദാശയെ മനസ്സിലാക്കാം. ഭക്തിദ്യോതകവും ധ്യാനാത്മകവുമായ ലളിത വിവരണങ്ങളുള്ള ഈ കൂദാശയുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസപ്രഘോഷണത്തിനും വിശ്വാസജീവിതത്തിനും വലിയ പ്രചോദനമായിത്തീരുമെന്നതില്‍ സംശയമില്ല. ഈശോമിശിഹായുടെ പെസഹാരഹസ്യത്തിന്റെ ആഘോഷത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണവും അനുഭവവേദ്യവുമാക്കുവാന്‍ മാര്‍ നെസ്‌തോറിയസിന്റെ പേരിലുള്ള മൂന്നാമത്തെ കൂദാശക്രമത്തിന് സാധിക്കും എന്നാണ് സഭയുടെ ഉത്തമബോധ്യം. ഈ കൂദാശക്രമം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന 5 ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് വൈദികര്‍ ഉപയോഗിക്കണമെന്ന് ത്‌ല്പര്യപ്പെടുന്നു.

 

N.B. സീറോമലബാര്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍ കൂദാശക്രമടെക്‌സ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം അവലംബം

 


useful links