ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം

Monday 18 May 2020

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ  ജന്മശതാബ്ദിയിൽ പിൻഗാമിയായ ബെനഡിക്റ്റ് പാപ്പയുടെ ഓർമ്മക്കുറിപ്പുകൾ

 

അനുഗൃഹീത തൂലികയിൽനിന്നുള്ള ആത്മീയരചന

 

ബെനഡിക്റ്റ് മാർപാപ്പയുടെ അനുഗൃഹീത തൂലികയിൽനിന്ന് മറ്റൊരു ആത്മീയരചനകൂടി പിറന്നിരിക്കുന്നു. തന്റെ മുൻഗാമിയായ വി. ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിവേളയിൽ പാപ്പയുടെ സ്വദേശമായ പോളണ്ടിലെ മെത്രാൻസമിതിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കത്താണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റം വലിയ ചരിത്രപുരുഷൻ ജോൺ പോൾ പാപ്പയാണെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. രണ്ടു വ്യാഴവട്ടത്തോളം ആ സമുന്നതനേതാവിന്റെ വലംകൈയായും ഭരണസാരഥിയായും അതിലേറെ ഉറ്റസുഹൃത്തായും ഒപ്പം നടന്ന ജോസഫ് റാറ്റ്സിംഗറിനെപോലെ ആ പുണ്യാത്മാവിനെ അടുത്തറിയാൻ ഭാഗ്യംലഭിച്ചവർ അധികമില്ല. 93 വയസ്സുള്ള ബെനഡിക്റ്റ് പാപ്പ എഴുതിയ ഈ ഓർമ്മക്കുറിപ്പ്  സ്വാനുഭവങ്ങളുടെ ചൂടിൽ തയ്യാറാക്കിയ ജോൺ പോൾ മാർപാപ്പയുടെ ഒരു ആത്മീയ ജീവചരിത്രാഖ്യാനമാണ്. അതിലേറെ സഭ ഇന്നു നേരിടുന്ന വിശ്വാസപ്രതിസന്ധിയുടെ പുനർവായനകൂടിയാണ്. സുദീർഘമായ ഈ കത്തിലെ മുഖ്യാശയങ്ങൾമാത്രം, ചില ഉദ്ധരണികളോടെ, ഇവിടെ ചുരുക്കി പറയാം.

 

ജോൺ പോൾ പാപ്പയെ പാകപ്പെടുത്തിയ രണ്ടു പാഠശാലകൾ

 

കരോൾ വോയ്റ്റീവയുടെ ജീവിതരേഖ വരച്ചുകാട്ടുമ്പോൾ ജന്മദേശമായ പോളണ്ടിൽ അദ്ദേഹം അനുഭവിച്ച യാതനകൾ തുറന്നുകാട്ടാൻ ബെനഡിക്റ്റ് പാപ്പ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജീവിതാനുഭവത്തിന്റെ പാഠശാലയിലാണ് കരോൾ ദൈവാനുഭവത്തിന്റെ ആഴമറിഞ്ഞതെന്ന് സൂചിപ്പിച്ചുകൊണ്ട് റാറ്റ്സിംഗർ എഴുതി: "കരോൾ ദൈവശാസ്ത്രം പഠിച്ചത് പുസ്തകങ്ങളിൽനിന്നുമാത്രമല്ല, താനും തന്റെ രാജ്യവും കടന്നുപൊയ്ക്കൊണ്ടിരുന്ന ജീവിതസാഹചര്യത്തിലൂടെയുമാണ്. ഇത് ഒരുതരത്തിൽ പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും സവിശേഷ ലക്ഷണമായി മാറി."

 

കരോൾ വോയ്റ്റീവയുടെ ജീവിതത്തെ രൂപപ്പെടുത്തിയ രണ്ടാമത്തെ പാഠശാല അദ്ദേഹംതന്നെ കഥാപാത്രമായിത്തീർന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ എന്ന സാർവ്വത്രികസൂനഹദോസാണ് (1962-65). കൗൺസിലിന്റെ ഏറ്റം പുരോഗമനോന്മുഖ രേഖയായ "സഭ ആധുനിക ലോകത്തിൽ" തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരുന്ന വോയ്റ്റീവയാണന്ന് ആ ചർച്ചകളിൽ പങ്കാളിയായ റാറ്റ്സിംഗർ അനുസ്മരിക്കുന്നു. കൗൺസിൽ വികസിപ്പിച്ച ഉത്തരങ്ങളാണ് തുടർന്നങ്ങോട്ടുള്ള ദൗത്യനിർവ്വഹണത്തിൽ, മെത്രാനായും പിന്നീട് മാർപാപ്പയായുമുള്ള ശുശ്രൂഷയിൽ, അദ്ദേഹത്തിനു വഴികാട്ടിയായത്. 

 

കൗൺസിൽ സൃഷ്ടിച്ച പ്രതിസന്ധി

 

രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സംജാതമായ ഒരു പ്രതിസന്ധിഘട്ടത്തിലാണ് കർദ്ദിനാൾ വോയ്റ്റീവ പത്രോസിന്റെ പിൻഗാമിയായി 1978 ഒക്ടോബർ 16 തീയതി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സഭാപ്രതിസന്ധി നേരിൽ കണ്ടറിഞ്ഞ ബെനഡിക്റ്റ് പാപ്പയുടെ വിവരണം ഉദ്ധരിക്കാതെ വയ്യ. "കൗൺസിലിന്റെ പര്യാലോചനകൾ പൊതുജനമദ്ധ്യേ അവതരിപ്പിക്കപ്പെട്ടപ്പോൾ വിശ്വാസത്തെക്കുറിച്ചുതന്നെയുള്ള ഒരു തർക്കമായി അതുമാറി. ഇത് കൗൺസിലിന്റെ അപ്രമാദിത്വവും അസന്ദിഗ്ദ്ധതയും കവരുന്നതായിപോലും തോന്നിച്ചു. ജർമ്മനിയിലെ ബാവേറിയായിൽനിന്നുള്ള ഒരു വൈദികൻ, സഭയുടെ ഈ മുഹൂർത്തത്തെ വിലയിരുത്തി പറഞ്ഞത് ഇങ്ങനെയാണ്: ‘ഒടുവിലിതാ, നമ്മൾ തെറ്റായ വിശ്വാസത്തിൽ വീണുപോയി’". 

 

ഈ വിശ്വാസ പ്രതിസന്ധി ഏറ്റം രൂക്ഷമായി പ്രകടമായത് കൗൺസിൽ തുടക്കംകുറിച്ച ആരാധനക്രമ പരിഷ്കരണത്തിലാണന്ന് ബെനഡിക്റ്റ് പാപ്പ ഓർമ്മിപ്പിക്കുന്നു. "ഇനി മുതൽ ഒന്നിനും തീർച്ചയില്ലെന്നും എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാമെന്നുമുള്ള ചിന്തയെ  ആക്കംകൂട്ടുന്നതായിരുന്നു കൗൺസിലാനന്തരം സഭ നടപ്പിലാക്കിയ ആരാധനക്രമ പരിഷ്കരണം. ഒടുവിൽ ആരാധനക്രമം സ്വയം സൃഷ്ടിക്കാമെന്നുള്ള തോന്നലായി." ഈ വിലയിരുത്തൽ അന്നത്തെക്കാളേറെ ഇന്നും, ആഗോളസഭയ്ക്കുമാത്രമല്ല കേരളസഭയ്ക്കും പ്രസക്തമാണന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

ജോൺ പോൾ മാർപാപ്പയും സഭാപരിഷ്കരണവും

 

ഒരു സഭാപരിഷ്കരണവും സഭയുടെ അസ്ഥിത്വംതന്നെ ചോദ്യംചെയ്യുന്നതാകാൻ പാടില്ല. ഭരണസംവിധാനത്തിൽ പരിഷ്കരണം നടത്തി നടത്തി സ്വയം തകർന്ന ഗോർബച്ചേവിന്റെ സോവ്യയറ്റ് യൂണിയനെപ്പോലെ കത്തോലിക്കാസഭയും സാവധാനം തകരുമെന്ന് വിശ്വസിച്ചിരുന്ന സാമൂഹ്യശാസ്ത്രജ്ഞർ ഉണ്ടായിരുന്നെന്ന് ബെനഡിക്റ്റ് പാപ്പ കുറിക്കുന്നു. "അക്കാലത്ത് സാമൂഹ്യശാസ്ത്രജ്ഞർ സഭയുടെ അവസ്ഥയെ തുലനം ചെയ്തിരുന്നത് ഗോർബച്ചേവിന്റെ ഭരണത്തിനു കീഴിലുള്ള സോവ്യറ്റ് യൂണിയനോടായിരുന്നു; അതിശക്തമായ ഭരണസംവിധാനമുണ്ടായിരുന്ന സോവ്യയറ്റ് യൂണിയൻ അതിന്റെ പരിഷ്കരണപ്രക്രിയയുടെ ഒടുവിൽ സ്വയം തകരുകയായിരുന്നല്ലോ." സാമൂഹ്യശാസ്ത്രജ്ഞർ മാത്രമല്ല സഭയുടെ നാശമാഗ്രഹിക്കുന്ന അഭിനവ സഭാപരിഷ്കരണവാദികളും സഭാവക്താക്കളും ഇന്നൊട്ടും കുറവല്ല.

 

ഇങ്ങനെയൊരു സാമൂഹ്യപശ്ചാത്തലത്താൽ, തീർത്തും അസാധ്യമായ ഒരു ദൗത്യമാണ് പുതിയ പാപ്പയെ കാത്തിരുന്നത്. ആദ്യനിമിഷംമുതൽതന്നെ, ക്രിസ്തുവിനോടും സഭയോടുമുള്ള പുത്തനാവേശം ഉണർത്തുവാൻ ജോൺ പോൾ മാർപാപ്പയ്ക്കായി. മാർപാപ്പ എന്ന നിലയിലുള്ള അജപാലനശുശ്രൂഷ സമാരംഭിക്കുന്ന വേളയിൽ അദ്ദേഹം നടത്തിയ വചനപ്രസംഗത്തിൽ പറഞ്ഞത്, "ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ മലർക്കെ തുറക്കൂ" എന്നാണ്. റാറ്റ്സിംഗർ എഴുതുന്നു: "ഈ ആഹ്വാനവും ആ സംസാരശൈലിയും അദ്ദേഹത്തിന്റെ ശ്ലൈഹികശുശ്രൂഷ മുഴുവന്റെയും ഒരു സവിശേഷതയായി മാറി; അദ്ദേഹം സഭയ്ക്കു വിമോചനം നൽകുന്ന ഒരു നവനിർമ്മാതാവായി."

 

ദൈവകാരുണ്യതിരുനാളും മാർപാപ്പയുടെ വിനയവും

 

വി. ജോൺ പോൾ മാർപാപ്പയുടെ 27 വർഷങ്ങൾ നീണ്ട ദീർഘമായ ശ്ലൈഹികശുശ്രൂഷാക്കാലത്തു നൽകിയ പ്രബോധനങ്ങളെ ഒറ്റവാക്കിൽ സംഗ്രഹിച്ചാൽ അത് ‘ദൈവകാരുണ്യം’ (Divine Mercy) ആണെന്നാണ് ബെനഡിക്റ്റ് പാപ്പയുടെ പക്ഷം. ജോൺ പോൾ പാപ്പയുടെ മരണനിമിഷങ്ങളെ നിരീക്ഷിച്ചപ്പോഴാണ് ഈ സത്യം താൻ തിരിച്ചറിഞ്ഞതെന്ന് ബെനഡിക്റ്റ് പാപ്പ സമ്മതിക്കുന്നു. വിശുദ്ധനായ ആ മാർപാപ്പ മിഴിപൂട്ടിയത് അദ്ദേഹംതന്നെ പുതുതായി സ്ഥാപിച്ച ദൈവകാരുണ്യതിരുനാൾ ദിനത്തിന്റെ ആദ്യ മണിക്കൂറുകളിലായിരുന്നല്ലോ. ഈ തിരുനാളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു കുറിപ്പും ബെനഡിക്റ്റ് പാപ്പ ഇവിടെ കൂട്ടിചേർക്കുന്നുണ്ട്.

 

ദൈവകാരുണ്യത്തോടുള്ള വലിയ വണക്കംമൂലവും സിസ്റ്റർ ഫൗസ്തീനയുടെ ആഗ്രഹപ്രകാരവും ഉയിർപ്പു കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാളാക്കി മാറ്റാൻ ജോൺ പോൾ മാർപാപ്പ ആഗ്രഹിച്ചു. എന്നാൽ, അവസാനതീരുമാനം എടുക്കുന്നതിനു മുമ്പ്, ഈ തീയതിയുടെ ഔചിത്യത്തെക്കുറിച്ച് വിശ്വാസതിരുസംഘത്തിന്റെ അഭിപ്രായം കൂടി മാർപാപ്പ ആരാഞ്ഞു. അവർ അതിന് നിഷേധമറുപടിയാണ് നൽകിയത്. ആ തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ അക്കാലത്ത് കർദ്ദിനാൾ റാറ്റ്സിംഗർ ആയിരുന്നല്ലോ. അന്നത്തെ സംഭവങ്ങൾ ബെനഡിക്റ്റ് പാപ്പ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: "വളരെ പരമ്പരാഗതവും പുരാതനവും അർത്ഥവത്തുമായ പുതുഞായറിനെ - ഉയിർപ്പുതിരുനാളാഘോഷം പൂർത്തിയാകുന്ന എട്ടാമിടമായ ആ ഞായറാഴ്ചയെ - ആധുനികആശയങ്ങൾ കൊണ്ട് ഭാരപ്പെടുത്തേണ്ട എന്നു കരുതിയാണ് അങ്ങനെയൊരു നിഷേധക്കുറിപ്പു നൽകിയത്. ഞങ്ങളുടെ മറുപടി സ്വീകരിക്കുക പരിശുദ്ധ പിതാവിനു എളുപ്പമായിരുന്നില്ല. എന്നിട്ടും, വീണ്ടും ഒരുവട്ടംകൂടി ഞങ്ങളുടെ നിഷേധക്കുറിപ്പ് അദ്ദേഹം വളരെ എളിമയോടുകൂടി സ്വീകരിക്കുകയുണ്ടായി. ഒടുവിൽ, ഉയിർപ്പിന്റെ രണ്ടാം ഞായറിന്റെ ചരിത്രപ്രാധാന്യം നിലനിറുത്തിക്കൊണ്ടുത്തന്നെ അതിന്റെ മൂലസന്ദേശത്തിൽ ദൈവകാരുണ്യം കൂട്ടിചേർക്കുന്നവിധത്തിലുള്ള ഒരു നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു."

 

മാർപാപ്പമാർപോലും സ്വാഭീഷ്ടമനുസരിച്ച് പ്രവൃത്തിക്കുന്നവരല്ലെന്നും സഭാസംവിധാനങ്ങൾക്കു വിധേയരാകുന്നതിലാണ് അവരുടെ എളിമ അടങ്ങിയിരിക്കുന്നതെന്നും ജോൺ പോൾ മാർപാപ്പയുടെ ഈ ഉദാഹരണം ചൂണ്ടിക്കാട്ടി റാറ്റ്സിംഗർ കൂട്ടിചേർക്കുന്നു: "നിയമബദ്ധമായി അഭിപ്രായമാരായേണ്ട ഔദ്യോഗിക കാര്യാലയങ്ങളുടെ അംഗീകാരം ലഭിക്കാത്തതുമൂലം, തനിക്കിഷ്ടപ്പെട്ട ചില ആശയങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന മഹാനായ ഈ മാർപാപ്പയുടെ വിനയം, സമാനമായ മറ്റവസരങ്ങളിലും എന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്." എളിമപ്പെടുന്നതിനുസരിച്ചേ സഭാധികാരികൾക്കു ദൈവഹിതം തിരിച്ചറിയാനാവൂ എന്നു സാരം. 

 

ദൈവകാരുണ്യഭക്തിയെ സഭയുടെ ധാർമ്മികപ്രബോധനങ്ങളിൽനിന്ന് മറികടക്കാനുള്ള പുതിയ സിദ്ധാന്തമായി കരുതുന്നതിലെ അപകടവും വരികൾക്കിടയിൽ പറയാൻ ബെനഡിക്റ്റ് പാപ്പ മറന്നിട്ടില്ല.

 

ജോൺ പോൾ മാർപാപ്പ ഒരു ധാർമ്മിക കർക്കശക്കാരനായി ചിലർ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കാരുണ്യത്തെയും ധാർമ്മികതെയെയും ഒത്തിണക്കിയയ വീക്ഷണമാണ് അദ്ദേഹത്തിന്റെതെന്നും ബെനഡിക്റ്റ് പാപ്പ പറയുന്നു. ഈയൊരു കാര്യത്തിൽ ജോൺ പോൾ പാപ്പയുടെ സന്ദേശവും ഫ്രാൻസിസ് പാപ്പയുടെ അടിസ്ഥാന ഉദ്ദേശ്യങ്ങളും തമ്മിൽ ഒരു ആന്തരിക ഐക്യം കണ്ടെത്താനാവുമെന്നും ഈ കത്തിൽ വിവരിക്കുന്നുണ്ട്.

 

വിശുദ്ധിയുടെ മാനദണ്ഡങ്ങൾ

 

സഭാചട്ടങ്ങൾപ്രകാരം വിശുദ്ധി തിരിച്ചറിയുവാനുള്ള രണ്ടു സാധാരണ മാനദണ്ഡങ്ങൾ ധീരോചിതമായ പുണ്യജീവിതവും അത്ഭുതവുമാണ്. ഈ രണ്ടു മാനദണ്ഡങ്ങളും എന്താണന്ന് ബെനഡിക്റ്റ് പാപ്പ നൽകുന്ന വിശദീകരണം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. "ധീരോചിതമായ പുണ്യജീവിതം (heroic virtues) എന്നുവച്ചാൽ എന്തോ അസാധാരണ നേട്ടം എന്നർത്ഥത്തിൽ അല്ല, മറിച്ച് ആ വ്യക്തിയുടെ സ്വന്തമല്ലാത്തതും എന്നാൽ ദൈവത്തിന്റെ പ്രവൃത്തിയുമായ എന്തോ ഒന്ന് അയാളിലും അയാളിലൂടെയും കാണപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നതാണ്. ഇത് ധാർമ്മിക പുണ്യങ്ങളുടെ മത്സരമൊന്നുമല്ല, സ്വന്തം വലുപ്പം ഉപേക്ഷിക്കുന്നതിന്റെ ഫലമാണ്." "വിശുദ്ധൻ ദൈവത്തോടു തുറന്നവനും ദൈവം നിറഞ്ഞയാളുമാണ്. സ്വയം പിൻവാങ്ങി ദൈവത്തെ കാണാനും തിരിച്ചറിയാനും നമ്മെ അനുവദിക്കുന്ന ആളാണ് പുണ്യവാൻ."

 

‘അത്ഭുതം’ എന്ന മാനദണ്ഡത്തിനും ഇപ്പറഞ്ഞതൊക്കെയും ബാധകമാണ്. "ഇവിടെയും പ്രധാനപ്പെട്ടത് ആശ്ചര്യകരമാംവണ്ണം എന്തോ സംഭവിക്കുന്നു എന്നതല്ല, മറിച്ച് സകല മാനുഷികസാധ്യതകളെയും മറികടക്കുന്ന ദൈവികസൗഖ്യത്തിന്റെ വെളിപാട് ദൃശ്യമാക്കപ്പെടുന്നു എന്നതാണ്." ഈ കാര്യങ്ങളെല്ലാം സഭാനിയമപ്രകാരം സാധിക്കാവുന്നിടത്തോളം പരിശോധിക്കുക എന്നതാണ് നാമകരണനടപടികളുടെ ഉദ്ദേശ്യം. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാര്യത്തിൽ ഈ നാമകരണപ്രക്രിയ സഭാനിയമം അനുശാസിക്കുന്നരീതിയിൽ  കൃത്യതയോടെ നടത്തപ്പെട്ടു. "അതിനാൽ ഇപ്പോൾ അദ്ദേഹം നമുടെ മുമ്പിൽ പിതാവിനെപ്പോലെ നിൽക്കുകയാണ്; ദൈവത്തിന്റെ കാരുണ്യവും അനുകമ്പയും വെളിവാക്കുന്ന പിതാവായി."

 

മാർപാപ്പയ്ക്ക് എത്ര സൈനിക വ്യൂഹങ്ങളുണ്ട്?

 

ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ‘മഹാൻ’ (Great) എന്ന സഭാസ്ഥാനപേര് നൽകുന്നതിന്റെ പ്രസക്തിയെക്കുറിച്ചാണ് ഈ കത്തിന്റെ അവസാന ഭാഗത്ത് ബെനഡിക്റ്റ് പാപ്പ സംസാരിക്കുന്നത്. ‘വിശുദ്ധൻ’ എന്ന വാക്ക് ദൈവികമണ്ഡലത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ ‘മഹാൻ’ എന്നത് മാനുഷികതലത്തെയാണന്ന് ബെനഡിക്റ്റ് പാപ്പ വിശദീകരിക്കുന്നു. സഭയുടെ രണ്ടായിരം വർഷത്തിന്റെ ചരിത്രത്തിൽ രണ്ടു മാർപാപ്പമാർക്കു മാത്രമേ മഹാൻ എന്ന സ്ഥാനം നൽകി ആദരിച്ചിട്ടൊള്ളൂ: ലെയോ ഒന്നാമനും (440-461) ഗിഗറി ഒന്നാമനും (590-604).  രണ്ടുപേരുടെയും കാര്യത്തിൽ മഹാൻ എന്ന വാക്കിന് ഒരു വശത്ത് ഒരു രാഷ്ട്രീയധ്വനിയും മറുവശത്ത് ദൈവികരഹസ്യത്തിന്റെ തലവുമുണ്ട്. ആയുധമോ പട്ടാളമോ ഇല്ലാതെ വിശ്വാസത്തിന്റെ ശക്തികൊണ്ടുമാത്രം സ്വേച്ഛാധിപതികളിൽനിന്ന് റോമാപട്ടണത്തെ കാക്കാൻ ഈ രണ്ടുപേർക്കും സാധിച്ചു എന്നാണ് ചരിത്രം. അതായത്, "ആന്തരികതയും ലോകശക്തിയും തമ്മിലുള്ള ആ ദ്വന്ദ്വയുദ്ധത്തിൽ ഒടുവിൽ ആന്തരികതതന്നെ കൂടുതൽ ശക്തമെന്ന് തെളിയിക്കപ്പെട്ടു."

 

മഹാന്മാരായ ഈ മാർപാപ്പമാരെപോലെ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയഭൂപടം മാറ്റിമറിച്ച വ്യക്തിയാണ് ജോൺ പോൾ രണ്ടാമനെന്ന് ബെനഡിക്റ്റ് വാദിക്കുന്നു. ഇതിന് മാർപാപ്പ ഉപയോഗിച്ച ശക്തി ‘വിശ്വാസത്തിന്റെ ശക്തി’യാണ്. ഇക്കാര്യം കൂടുതൽ വ്യക്തമാക്കാൻ സ്റ്റാലിന്റെ വളരെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഇവിടെ ബെനഡിക്റ്റ് പാപ്പ സാന്ദർഹികമായി ചേർക്കുന്നുണ്ട്. "യൂറോപ്പിന്റെയും ജർമ്മനിയുടെയും ഭാവിയെക്കുറിച്ചു 1945 ഫെബ്രുവരിയിൽ നടത്തിയ ചർച്ചകളിൽ മാർപാപ്പയുടെ അഭിപ്രായംകൂടി ആരായണമെന്ന് വാദമുയർന്നു. അപ്പോൾ സ്റ്റാലിൻ ചോദിച്ചു: "ഈ മാർപാപ്പയ്ക്ക് എത്ര സൈനിക വ്യൂഹങ്ങളുണ്ട്?". 

 

ശരിയാണ്, പട്ടാളനിരയൊന്നും ജോൺ പോൾ മാർപാപ്പയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, വിശ്വാസത്തിന്റെ ശക്തി ഒരു വൻബലമായി മാറി. അതു സാവധാനം സോവ്യയറ്റ് ഭരണസംവിധാനത്തിന്റെ അടിത്തറതന്നെയിളക്കി, ഒരു പുതിയ തുടക്കത്തിന് അവസരം നൽകി. "വൻശക്തികളുടെ ഈ തകർച്ചയിൽ ജോൺ പോൾ മാർപാപ്പയുടെ വിശ്വാസം ഒരു അടിസ്ഥാന ഘടകമായിരുന്നു എന്നുള്ളത് നിസ്തർക്കമാണ്."

 

ബെനഡിക്റ്റ് പാപ്പ എഴുതിയ ഈ കത്തിലെ അവസാനഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. 

"മഹാൻ എന്ന സ്ഥാനപേര് നിലനില്ക്കുമോ ഇല്ലെയോ എന്നുള്ളത് നമുക്കൊരു തുറന്ന ചോദ്യമായി അവശേഷിപ്പിക്കാം. എങ്കിലും, ദൈവത്തിന്റെ ശക്തിയും നന്മയും ജോൺ പോൾ മാർപാപ്പയിലൂടെ നമുക്കു ദൃശ്യമായി എന്നുള്ളത് സത്യമാണ്. തിന്മയുടെ ഉപദ്രവംമൂലം സഭ വീണ്ടും വിഷമിക്കുന്ന ഈ സമയത്ത് അദ്ദേഹം നമുക്കു പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും അടയാളമാണ്. 

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ."

ബെനഡിക്റ്റ് XVI

 

 

ഫാ. ജോസഫ് ആലഞ്ചേരി, 

ചങ്ങനാശേരി അതിരൂപത

18 മെയ് 2020


useful links