അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം

Saturday 04 July 2020

അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം കുറിച്ചു
 
ചങ്ങനാശ്ശേരി: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പരിഹരിക്കുന്നതിന് ചങ്ങനാശ്ശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ചാസ് നടപ്പാക്കുന്ന 'ഹരിതസമൃദ്ധി' പദ്ധതി അതിരൂപതാദിനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 160 ഗ്രാമതല യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആയിരത്തിലധികം സ്വാശ്രയസംഘങ്ങളും, ഇരുന്നൂറ് ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകളും, കര്‍ഷക സംഘങ്ങളും, ഭക്ഷ്യസുരക്ഷയും, ആരോഗ്യസുരക്ഷയും സാമ്പത്തികസുരക്ഷയും ഭൂസുരക്ഷയും ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ കണ്ണിചേരുന്നത്. എല്ലാ വീടുകളിലും മാലിന്യസംസ്ക്കരണ ഉപാധികളായ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ്, മുച്ചട്ടി, റിംഗ് കമ്പോസ്റ്റ് എന്നിവ പ്രചരിപ്പിക്കുകയും സബ്സിഡി നിരക്കില്‍ വിതരണം നടത്തുകയും ചെയ്യുക, അടുക്കള തോട്ടങ്ങള്‍, തരിശുഭൂമിയില്‍ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക, സസ്യേതര ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ സ്വയംപര്യാപ്ത നേടുന്നതിന് ആട്, കോഴി, താറാവ്, മത്സ്യം, കന്നുകാലികള്‍ തുടങ്ങിയവ  ശാസ്ത്രീയമായി വളര്‍ത്താനുള്ള പരിശീലനവും, സാങ്കേതിക-സാമ്പത്തിക സഹായവും ലഭ്യമാക്കുക തുടങ്ങിയവയാണ് 'ഹരിതസമൃദ്ധി' യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ചാസ് ക്രെഡിറ്റ് യൂണിയനില്‍നിന്ന് സബ്സിഡി നിരക്കിലും പലിശരഹിതമായും വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കര്‍ഷകരുടെ ജോയന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് കാര്‍ഷിക വായ്പയും സംഘങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ പലിശ കുറവുള്ള മൈക്രോ ക്രെഡിറ്റ് വായ്പയും ലഭ്യമാക്കും. പദ്ധതിയില്‍ ഉദ്പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ പ്രാദേശിക യൂണിറ്റുകളുടെ നേതൃത്വത്തില്‍ സണ്‍ഡേ മാര്‍ക്കറ്റ്, നാട്ടുചന്ത സംവിധാനങ്ങളിലൂടെ വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
 
കുറുമ്പനാടം സമൃദ്ധയില്‍ സംഘടിപ്പിച്ച പരിപാടി ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, അസി. ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, പ്രോജക്ട് ഡയറക്ടര്‍ ശ്രീ. ജോബി മാത്യു, മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി സിജി ബിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

useful links