പള്ളിക്കൂദാശക്കാലം | സഭയുടെ സ്വര്‍ഗ്ഗ പ്രവേശനവും സ്വര്‍ഗീയ ജീവിതവും

Friday 13 November 2020

ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരങ്ങളേ, 

 

ആരാധനാവത്സരങ്ങളിലൂടെയുള്ള സഭയുടെ സ്വര്‍ഗ്ഗോന്മുഖ തീര്‍ത്ഥാടനത്തില്‍ ഒരുപടികൂടി പൂര്‍ത്തിയാക്കുകയാണ് പള്ളിക്കൂദാശ കാലത്തോടെ. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗീയ പറുദീസയാകുന്ന നമ്മുടെ നിത്യവസതിയില്‍ എത്തിച്ചേരുകയാണ് നമ്മുടെ ജീവിത ലക്ഷ്യം. അങ്ങോട്ടുള്ള ആത്മീയയാത്രയിലെ വിവിധ പടികളാണെന്നു പറയാം ആരാധനാവത്സരങ്ങള്‍. ഈശോതന്നെയാണല്ലോ പിതാവിന്റെ പക്കലേക്കുള്ള വഴി. ഈ വഴിയിലൂടെയുള്ള യാത്രയാണ് മിശിഹാരഹസ്യത്തിന്റെ ആഘോഷമായ ആരാധനാവത്സരത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. അതു ശരിയായ രീതിയിലാണെങ്കില്‍, ആരാധനാവത്സരമാകുന്ന സ്വര്‍ഗ്ഗീയകോവണിയിലൂടെ നമ്മള്‍ മുന്നോട്ടു കയറുന്നു എന്നു പറയാം.അല്ലെങ്കില്‍ ഈ യാത്ര നിശ്ചലമാകാം, അല്ലെങ്കില്‍ താഴേയ്ക്ക് അധോഗതിയാകാം. നാമോരോരുത്തരും എവിടെ, ഏതവസ്ഥയിലാണെന്ന് പരിശോധിച്ച് നമ്മുടെ യാത്ര സുഗമമാക്കാനുള്ള ഒരു അവസരമായി പള്ളിക്കൂദാശക്കാലം നമുക്ക് ആചരിക്കാം.

 

സഭയുടെ സ്വര്‍ഗ്ഗപ്രവേശനവും സ്വര്‍ഗ്ഗീയ ജീവിതവുമാണ് പള്ളിക്കൂദാശ കാലത്തിന്റെ മുഖ്യപ്രമേയം. അങ്ങോട്ടുള്ള വഴിയും വാതിലുംഈശോ തന്നെയാണ്. നമ്മള്‍ ജീവിതലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും ലക്ഷ്യത്തിലെത്തിച്ചേരുന്നത് ഉറപ്പാക്കാനുമാണ് സഭയില്‍ നമ്മെ ഒരു ശരീരം പോലെ ഒരുമിച്ചുചേര്‍ത്ത് വിശുദ്ധ കൂദാശകളിലൂടെ മിശിഹായോട് ഒട്ടിചേര്‍ത്തിരിക്കുന്നത്. ഇപ്രകാരം മിശിഹായില്‍ ത്രിയേകദൈവത്തോടുള്ള കൂട്ടായ്മയിലും സഭയില്‍ പരസ്പരമുള്ള കൂട്ടായ്മയിലുമായിരിക്കുന്ന അനുഭവമാണ് സ്വര്‍ഗ്ഗീയ ജീവിതം. സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും ജീവന്റെയും പൂര്‍ണ്ണത നിത്യമായി ആസ്വദിക്കുന്നതാണത്. അതാണ് പള്ളിക്കൂദാശക്കാലത്തിലെ ധ്യാനവിഷയം. ലോകത്തില്‍ ആയിരിക്കുന്നിടത്തോളംകാലം ഈ സ്വര്‍ഗീയ ജീവിതം എങ്ങനെയാണെന്ന് പൗലോസ്ശ്ലീഹാ പറയുന്നതുപോലെകണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല, മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടുമില്ല. നമുക്കായി നമ്മുടെ കര്‍ത്താവൊരുക്കിയിരിക്കുന്ന നിത്യസൗഭാഗ്യത്തെക്കുറിച്ചുള്ള ചിന്തയും ധ്യാനവും നമുക്ക് പ്രത്യാശയും ശക്തിയുംനല്‍കും. വിശ്വാസത്തില്‍ ഉറച്ചുനിന്ന് ഉണര്‍വോടെയും ജാഗ്രതയോടെയും സഭയോടൊപ്പം നമുക്ക് മുന്നേറാം. നമ്മുടെ കര്‍ത്താവ് നമ്മോടുകൂടെയുണ്ട്. സ്വര്‍ഗ്ഗീയഭവനത്തില്‍ മാലാകമാരോടും സകലവിശുദ്ധരോടുമൊപ്പം നാമെല്ലാവരും ദൈവത്തെ ഏകസ്വരത്തില്‍ പാടിപ്പുകഴ്ത്താന്‍ യോഗ്യരാകട്ടെ,

 

ഈശോയില്‍ സ്‌നേഹപൂര്‍വ്വം,

 

 

 

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

 

 

 

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത


useful links