ചങ്ങനാശേരി: മാധ്യമങ്ങളുടെ സ്വാധീനം ശക്തമാകുമ്പോൾ സത്യം തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസമ്പർക്ക മാധ്യമദിന സംഗമം കുരിശുമൂട് മീഡിയ വില്ലേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ചുബിഷപ്പ്. മൂല്യാധിഷ്ഠിതമായ മാധ്യമപ്രവർത്തനം സാമൂഹ്യനന്മയ്ക്ക് അനിവാര്യമാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയുടെ മാധ്യമ ദിനമായ മെയ് 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് റവ. ഡോ. ലിങ്കൺ കടൂപ്പാറയിൽ മാധ്യമ ദിന വിഷയാവതരണവും ചർച്ചയും നടത്തി. തുടർന്ന് മാക് റ്റി. വി മാധ്യമ അവാർഡുകൾ നൽകി ആദരിച്ചവർ സോഷ്യൽ മീഡിയായിലുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പിന്നീട് നടന്ന പൊതുസമ്മേളനത്തിനു മീഡിയ വില്ലേജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോഫി പുതുപറമ്പിൽ സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് വെരി. റവ. ഫാ. ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി അതിരൂപതയുടെ ഒരു വർഷം നീളുന്ന മാധ്യമ പ്രേഷിത പ്രവർത്തന പദ്ധതിയുടെ അവതരണവും മാക് ടി.വി. മീഡിയ അവാർഡ് ദാനവും നടന്നു. ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ കമ്മ്യൂണിക്കേഷൻ എക്സലൻസ് അവാർഡ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ വിഭാഗത്തിൽ സെബിൻ സിറിയക്കിനും, മീഡിയ & ജേർണലിസം വിഭാഗത്തിൽ ജോർജി ജോസിനും സമ്മാനിച്ചു. ഫാ.ജെയിംസ് കൊക്കാവയലിൽ, ഫാ.സാവിയോ മാനാട്ട്, ഫാ. മാത്യു മുരിയങ്കരി, ഫാ. ലിപിൻ തുണ്ടുകളം എന്നിവരും വിവിധ സന്യാസിനി സമൂഹങ്ങളിൽ നിന്നു വന്ന പ്രതിനിധികളും ചങ്ങനാശ്ശേരി അതിരൂപതാ മീഡിയ അപ്പോസ്തലേറ്റ്, ജാഗ്രതാ സമതി, ഫാമിലി അപ്പോസ്തലേറ്റ്, യുവദീപ്തി SMYM, സൺഡേസ്കൂൾ പ്രതിനിധികളും, മാധ്യമ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. മാക് റ്റി വി ഡയറക്ടർ ഫാ. ജോജിൻ ഇലഞ്ഞിക്കൽ ഏവർക്കും നന്ദി രേഖപ്പെടുത്തി. പേപ്പൽ ആന്തത്തോടുകൂടി വൈകിട്ട് 5 മണിയോടെ പരിപാടികൾ സമാപിച്ചു.
മാക് ടിവി അവാർഡ് ജേതാക്കൾ:
???? മികച്ച അല്മായ കമ്മ്യൂണിക്കേറ്റർ – കുര്യാക്കോസ് വീട്ടിക്കൽ (Eesho Vibe)
???? മികച്ച യുവജന മാധ്യമ പ്രേഷിത പ്രവർത്തനം – എസ്.എം.വൈ.എം കിടങ്ങറ
???? മികച്ച സെമിനാരി കമ്മ്യൂണിക്കേറ്റർ – ഡീക്കൻ നോയൽ ബി. വർഗീസ്
???? മികച്ച സന്യാസിനി കമ്മ്യൂണിക്കേറ്റർ – എസ്.എച്ച് മീഡിയ, പാലാ
???? മികച്ച ഇടവക മാധ്യമ പ്രവർത്തനം – സെന്റ് മേരീസ് ബസിലിക്ക, ചമ്പക്കുളം
???? മികച്ച വൈദിക കമ്മ്യൂണിക്കേറ്റർ – റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ
മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡുകൾ വിതരണം ചെയ്തത്.